Sorry, you need to enable JavaScript to visit this website.

പട്ടാപ്പകൽ ബാങ്കിലെ ലക്ഷങ്ങൾ കവർന്നത്  റാംജി നഗറിലെ മോഷ്ടാക്കൾ

ബാങ്ക് കവർച്ച പരിശീലിപ്പിക്കാൻ ട്രെയിനിംഗ് സെന്റർ 

തൃശൂർ- കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള തൃശൂർ എസ്.ബി.ഐ ബാങ്കിൽ നിന്ന് ഏവരുടേയും ശ്രദ്ധതിരിച്ച് നാലു ലക്ഷം രൂപ കാഷ് കൗണ്ടറിൽ നിന്ന് കവർന്ന സംഭവത്തിന് പിന്നിൽ തമിഴ്‌നാട് ട്രിച്ചിയിലെ റാംജി നഗറിലെ മോഷ്ടാക്കളെന്ന് പോലീസ്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഇത് വ്യക്തമായത്.
 
ബാങ്ക് കവർച്ചകളിൽ മാത്രം സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ള റാംജി നഗറിലെ മോഷ്ടാക്കളാണ് ഇവരെന്നാണ് പോലീസിന്റെ നിഗമനം. ബാങ്കുകളിൽ ചെന്ന് ജീവനക്കാരുടേയും സെക്യൂരിറ്റിക്കാരുടേയും ശ്രദ്ധ തിരിച്ച് ബാങ്കിലെ കാഷ് കൗണ്ടറുകൾക്കകത്തു കയറി പണം കവരുന്നതിൽ ഇവർക്ക് പ്രത്യേക വൈദഗ്ധ്യമുണ്ട്. റാംജി നഗറിൽ ബാങ്ക് കവർച്ച പരിശീലിപ്പിക്കാനായി ട്രെയിനിംഗ് സെന്റർ വരെയുണ്ട്. ബാങ്കിലെത്തി ഇത്രയും റിസ്‌കെടുത്ത് കവർച്ച നടത്താൻ തയാറെടുക്കുന്നവർ റാംജി നഗറിലെ മോഷ്ടാക്കൾ തന്നെയാണ്. 

കവർച്ച നടത്തിയാൽ നേരെ നാട്ടിലെത്തുന്ന പതിവ് ഇക്കൂട്ടർക്കില്ല. തങ്ങളെ തേടി പോലീസ് ആദ്യം നാട്ടിലെത്തുമെന്നതിനാൽ ഇക്കൂട്ടർ നേരെ മറ്റു സ്ഥലങ്ങളിലേക്ക് പോയി അവിടെയെല്ലാം ചുറ്റിക്കറങ്ങിയാണ് റാംജി നഗറിലെത്താറുള്ളതെന്നും പോലീസിന് വിവരം ലഭിച്ചു. ഇന്ത്യയിലൊട്ടാകെ റാംജി നഗറിലെ മോഷ്ടാക്കൾ ഇത്തരത്തിലുള്ള ബാങ്ക് കവർച്ചകൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം. 
കേസന്വേഷണം തമിഴ്‌നാട്ടിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് റൗണ്ട് സൗത്തിലെ എസ്.ബി.ഐ ബ്രാഞ്ചിൽ നിന്ന് പന്ത്രണ്ടു പേരടങ്ങുന്ന സംഘം പണം തട്ടിയത്. കൗണ്ടറുകളുടെ ചുമതലയുള്ള സ്റ്റാഫുകൾക്കാവശ്യത്തിനായി ലോക്കറിൽ നിന്നെടുത്തു വെച്ചിരുന്ന പണമാണ് മോഷ്ടിക്കപ്പെട്ടത്. ജീവനക്കാരുടെ ശ്രദ്ധയിൽ സംഭവം പെട്ടിരുന്നില്ല. വൈകീട്ട് അക്കൗണ്ടുകൾ സെറ്റിൽ ചെയ്യുമ്പോൾ കാഷ് തുക ടാലിയാവാത്തതിനാൽ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് കവർച്ചാ വിവരം മനസ്സിലായത്.
ചെറുപ്പക്കാർ മുതൽ പ്രായമേറിയവർ വരെയുള്ള 12 അംഗ സംഘം സംശയങ്ങൾ ചോദിച്ചും, തിരക്കുണ്ടാക്കിയും ജീവനക്കാരുടെ ശ്രദ്ധ തിരിക്കുന്നത് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. 
സംഘത്തിലെ നാലു പേർ കാവൽ നിൽക്കുകയും മറ്റ് ഏഴു പേർ ജീവനക്കാരുടെ ശ്രദ്ധ തിരിക്കുകയും ചെയ്ത തക്കത്തിനാണ് പന്ത്രണ്ടാമൻ കാഷ് കൗണ്ടറിലെ കാബിനിൽ നിന്ന് 4 ലക്ഷം രൂപ കവർന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പതിനും ഉച്ചയ്ക്ക് പന്ത്രണ്ടേകാലിനും ഇടയിലാണ് കവർച്ച നടന്നത്. ബാങ്കിന്റെ ഉള്ളിലെ അഞ്ച് കൗണ്ടറുകളുടേയും ജീവനക്കാർക്ക് മുന്നിൽ അഞ്ചുപേർ ഇടപാടിനെന്ന പോലെ ഇരിപ്പുറപ്പിച്ചു. സമീപത്തെ കാഷ് കൗണ്ടറിനു മുന്നിൽ രണ്ടു പേരും നിന്നു. ഹിന്ദിയിലും തമിഴിലുമായിരുന്നു ഇവർ ജീവനക്കാരോടും പരസ്പരവും സംസാരിച്ചിരുന്നത്. ചില വൗച്ചറുകൾ ജീവനക്കാരെ കാണിച്ച ശേഷം ഇവർ ഉച്ചത്തിൽ സംശയങ്ങൾ ചോദിച്ചു തുടങ്ങിയെന്നും ജീവനക്കാരുടെ ശ്രദ്ധ മുഴുവൻ ഇവരിലേക്കു തിരിഞ്ഞ തക്കത്തിൽ പന്ത്രണ്ടാമൻ കാഷ് കൗണ്ടറിന്റെ പിന്നിലെ വാതിലിലൂടെ കയറിപ്പറ്റിയാണ് പണം കവർന്നതെന്നും പറയുന്നു. 
ഹെഡ് കാഷ്യർ കാബിനിലുണ്ടായിരുന്നെങ്കിലും ഇവരുടെ ശ്രദ്ധ തിരിക്കാനും മോഷ്ടാക്കൾക്കായി. 
സംഭവത്തിലെ നാടകീയതയും അവിശ്വസനീയതയും പോലീസിനെ കുഴക്കുന്നുമുണ്ട്. ഒരു ബാങ്ക് ശാഖയിലെ മുഴുവൻ ജീവനക്കാരേയും കബളിപ്പിച്ച് കാഷ് കൗണ്ടറിൽ കയറി ലക്ഷങ്ങൾ കവർന്ന് ആരുടേയും ശ്രദ്ധയിൽപെടാതെ പുറത്തു കടന്ന് രക്ഷപ്പെടാനായി എന്നത് എങ്ങനെയെന്നത് പോലീസിനും ബാങ്കുകാർക്കും മനസ്സിലാകുന്നില്ല. 
കവർച്ച നടന്ന് ഏഴു മണിക്കൂർ കഴിഞ്ഞാണ് വിവരം പോലീസിനെ അറിയിച്ചത്. ഇത്രയും ഗുരുതരമായ സുരക്ഷാ വീഴ്ചയെക്കുറിച്ച് ബാങ്ക്തല അന്വേഷണവും നടക്കുന്നുണ്ട്. 

Latest News