Sorry, you need to enable JavaScript to visit this website.

വടകരയിൽ വനിതാ പഞ്ചായത്തംഗത്തെ ചങ്ങലയിൽ ബന്ധിച്ച് പെട്രോളൊഴിച്ച്  കത്തിക്കാൻ ശ്രമം; ഒരാൾ അറസ്റ്റിൽ

വടകര- വേളം ഗ്രാമപഞ്ചായത്ത് അംഗത്തെ പഞ്ചായത്തോഫീസിൽ ചങ്ങല കൊണ്ട് ബന്ധിച്ച് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചതായി പരാതി. ജീവനക്കാരും നാട്ടുകാരും ഓടിയെത്തി സാഹസികമായി പഞ്ചായത്ത് അംഗത്തെ രക്ഷപ്പെടുത്തി. വേളം ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് അംഗം ആര്യങ്കാവിൽ ലീല (54)യെയാണ് പെട്രോൾ ഒഴിച്ച് തീവെച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തീക്കുനിയിലെ തെക്കേ കൊയ്യൂറമ്മൽ ബാല(51)നെ കുറ്റിയാടി പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. 


ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. വേളം പഞ്ചായത്ത് ഓഫീസിൽ ഐ.എസ്.ഒ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ലീലയെ വീട് ലഭിക്കുന്നതുമായ വിഷയം വി.ഇ.ഒ മുമ്പാകെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ബാലൻ കൂട്ടിക്കൊണ്ടു പോയതായി ലീല പറയുന്നു. ഇതിനിടയിൽ മീറ്റിങ് ഹാളിലേക്ക് കയറ്റി കയ്യിൽ കരുതിയ ബാഗിൽ നിന്ന് ചങ്ങല പുറത്തെടുത്ത് തന്നെയും ബാലനേയും പരസ്പരം ബന്ധിച്ച് വീട് ലഭിക്കുന്നില്ലെങ്കിൽ നമുക്ക് ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് പെട്രോൾ ഒഴിക്കുകയായിരുന്നന്ന് ലീല പറഞ്ഞു. ലീല അട്ടഹസിച്ചതോടെ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും നാട്ടുകാരും ഓടിയെത്തിയെങ്കിലും വാതിൽ തുറക്കാൻ കഴിഞ്ഞില്ല. പിന്നീട് തള്ളിത്തുറന്നെങ്കിലും കൊടുവാൾ കൊണ്ട് വീശിയതിനാൽ ആർക്കും അടുക്കാനായില്ല. ഓടിയെത്തിയവർ സാഹസികമായി ബാലനെ കീഴ്‌പ്പെടുത്തി ലീലയെ രക്ഷിക്കുകയായിരുന്നു. പിന്നീട് കുറ്റിയാടി നിന്ന് പോലീസ് സ്ഥലത്തെത്തി ബാലനെ കസ്റ്റഡിയിലെടുത്തു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ലീലയെ കുറ്റിയാടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
ലൈഫ് പദ്ധതി പ്രകാരം ബാലന് വീട് ലഭിക്കാത്തതാണ് സംഭവത്തിന് കാരണമെന്നാണറിയുന്നത്. നിയമപരമായി ബാലന് ലൈഫ് പദ്ധതി പ്രകാരം വീട് നൽകാനാവില്ലെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഇതിന് വാർഡ് അംഗത്തെ തെറ്റദ്ധരിച്ച് ആക്രമിക്കുകയായിരുന്നു. 


ആശുപത്രിയിൽ കഴിയുന്ന ലീലയെ പാറക്കൽ അബ്ദുല്ല എം.എൽ.എ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത്, വേളം, കുറ്റിയാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.എൻ ബാലകൃഷ്ണൻ, വി.കെ അബ്ദുല്ല, വിവിധ പാർട്ടി നേതാക്കളായ വി.എം ചന്ദ്രൻ, വി.വി മുഹമ്മദലി, ശ്രീജേഷ് ഊരത്ത്, കെ.സി ബാബു, മഠത്തിൽ ശ്രീധരൻ ഉൾപ്പെെട നിരവധി പേർ സന്ദർശിച്ചു. വനിതാ ജനപ്രതിനിധിക്കെതിരെ നടന്ന വധശ്രമത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് പാറക്കൽ അബ്ദുല്ല ആവശ്യപ്പെട്ടു. വേളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി, യൂത്ത് കോൺഗ്രസ് കമ്മറ്റി, ഡി.വൈ.എഫ്.ഐ പഞ്ചായത്ത് കമ്മിറ്റി, ബി.ജെ.പി പഞ്ചായത്ത് സമിതി, സി.പി.ഐ വേളം ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു.

   
 

Latest News