കൊച്ചി-രാജ്യത്തിന് വേണ്ടി പോരാടിയവരുടെ പിൻമുറക്കാരോട് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടാൽ അതിന് മനസ്സില്ല എന്നു തന്നെയാണ് നമുക്ക് നൽകാനുള്ള മറുപടിയെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം മുസ്ലിമിന്റെയോ ഹിന്ദുവിന്റെയോ ക്രിസ്ത്യാനിയുടെയോ മാത്രം പ്രശ്നമല്ല. മനുഷ്യന്റെ പ്രശ്നമാണ്. മനുഷ്യൻ അപമാനിക്കപ്പെടുന്നതിന്റെയും പുറത്താക്കപ്പെടുന്നതിന്റെയും പ്രശ്നമാണിതെന്നും തങ്ങൾ പറഞ്ഞു. പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള കോ-ഓർഡിനേഷൻ കമ്മിറ്റി എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച മഹാ സമര പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉൾക്കൊള്ളലും സഹിഷ്ണുതയുമാണ് നമ്മുടെ രാജ്യത്തിന്റെ പ്രതീകം. ഈ തിരിച്ചറിവ് എല്ലാവർക്കമുണ്ടാവണം. ഈ മണ്ണിൽ ജനിച്ചിട്ടുണ്ടെങ്കിൽ ഇവിടെ തന്നെ ജീവിക്കാനും മരിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. അതിന് തുരങ്കം വെക്കുന്നവർ ആരായാലും അവരുടെ അന്ത്യം പരിതാപകരമായിരിക്കും എന്നു മാത്രമേ ഇപ്പോൾ പറയാനുള്ളൂ. ഇന്ത്യ ആരുടെയും തറവാട്ടു സ്വത്തല്ലെന്നും ഇന്ത്യ ഇന്ത്യക്കാരുടേതാണെന്നും ഫാസിസ്റ്റ് ശക്തികളെ ബോധ്യപ്പെടുത്താനുള്ള ഈ അവസരം നാം ഉപയോഗിക്കുകയാണെന്നും തങ്ങൾ പറഞ്ഞു.