> പ്രശാന്ത് ഭൂഷണും ജിഗ്നേഷ് മേവാനിയും പങ്കെടുക്കും
കൊച്ചി- ദേശീയ പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം എന്നിവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകളുടെ സംയുക്ത പ്രതിഷേധ റാലിയും സമര പ്രഖ്യാപന കണ്‍വെന്‍ഷനും ബുധനാഴ്ച എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കും. കേരളത്തിലെ എല്ലാ മുസ്ലിം സംഘടനകളുടേയും നേതാക്കള്‍ക്കു പുറമെ പൗരാവകാശ പ്രവര്‍ത്തകനും സുപ്രീം കോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍, ദളിത് യുവ നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി എന്നിവരും പങ്കെടുക്കും.
പ്രതിഷേധ റാലിയില്‍ ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ മുന്‍ മന്ത്രി ടി എച് മുസ്തഫയും ജനറല്‍ കണ്‍വീനര്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എയും അറിയിച്ചു. പുതുവത്സര ദിനമായ ബുധനാഴ്ച വൈകുന്നേരം മൂന്നിന് വിവിധ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ചെറു ജാഥകള്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്ന് സമ്മേളന നഗരിയായ മറൈന്‍ ഡ്രൈവിലേക്ക് പുറപ്പെടും.
സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനാ നേതാക്കളായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, ടി പി അബ്ദുല്ല കോയ മദനി, ചേലക്കുളം അബുല്‍ ബുശ്‌റ മൗലവി, എം ഐ അബ്ദുല്‍ അസീസ്, സി പി ഉമര്‍ സുല്ലമി, ടി കെ അശ്‌റഫ്, ഹമീദ് വാണിയമ്പലം, നജീബ് മൗലവി, ഡോ. ഫസല്‍ ഗഫൂര്‍, കെ പി എ മജീദ്, എം പിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, എ എം ആരിഫ് എന്നിവര്‍ പ്രസംഗിക്കും.