റിയാദ് - സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ ഈ വർഷം ആദ്യത്തെ പതിനൊന്നു മാസത്തിനിടെ നിയമാനുസൃത മാർഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് 11,390 കോടി റിയാൽ അയച്ചതായി ഔദ്യോഗിക കണക്ക്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കൊല്ലം വിദേശികളുടെ റെമിറ്റൻസിൽ 8.9 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം ആദ്യത്തെ പതിനൊന്നു മാസത്തിനിടെ 12,510 കോടി റിയാലാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി വിദേശികൾ അയച്ചത്. ഈ വർഷം ജനുവരി ഒന്നു മുതൽ നവംബർ 30 വരെയുള്ള പതിനൊന്നു മാസക്കാലത്ത് വിദേശികളുടെ റെമിറ്റൻസിൽ 1115 കോടി റിയാലിന്റെ കുറവുണ്ടായതായി കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ നവംബറിൽ വിദേശികളുടെ റെമിറ്റൻസിൽ നേരിയ വർധന രേഖപ്പെടുത്തി. നവംബറിൽ വിദേശികൾ 991 കോടി റിയാലാണ് അയച്ചത്. 2018 നവംബറിൽ ഇത് 989 കോടി റിയാലായിരുന്നു. കഴിഞ്ഞ പതിനൊന്നു മാസത്തിനിടെയും വിദേശികളുടെ റെമിറ്റൻസ് കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നവംബറിൽ റെമിറ്റൻസ് 10.2 ശതമാനം തോതിൽ കുറഞ്ഞിരുന്നു. ഒക്‌ടോബറിനെ അപേക്ഷിച്ച് നവംബറിൽ വിദേശികളുടെ റെമിറ്റൻസിൽ 112 കോടി റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഒക്‌ടോബറിൽ 1104 കോടി റിയാലാണ് വിദേശികൾ ബാങ്കുകളും മണി എക്‌സ്‌ചേഞ്ചുകളും വഴി അയച്ചത്. രണ്ടു വർഷത്തിനിടെ റെമിറ്റൻസ് ഏറ്റവും കുറഞ്ഞത് ജൂണിലാണ്. ജൂണിൽ ആകെ 870 കോടി റിയാൽ മാത്രമാണ് വിദേശികൾ സ്വദേശങ്ങളിലേക്ക് അയച്ചത്. ഈ വർഷം വിദേശികൾ ഏറ്റവും കൂടുതൽ പണമയച്ചത് ജൂലൈയിലാണ്. ആ മാസം വിദേശികൾ 1146 കോടി റിയാൽ സ്വദേശങ്ങളിലേക്ക് അയച്ചു. ആറു വർഷത്തിനിടെ വിദേശികൾ ഏറ്റവും കുറച്ച് പണമയച്ചത് കഴിഞ്ഞ കൊല്ലമായിരുന്നു. 2018 ൽ 13,640 കോടി റിയാലായിരുന്നു വിദേശികളുടെ റെമിറ്റൻസ്. തുടർച്ചയായി മൂന്നാം വർഷമാണ് വിദേശികളുടെ റെമിറ്റൻസ് വലിയ തോതിൽ കുറയുന്നത്. വിദേശികളുടെ റെമിറ്റൻസിലെ ഇടിച്ചിൽ ഈ കൊല്ലവും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വർഷം നവംബറിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാസം വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദികൾ വിദേശങ്ങളിലേക്ക് അയച്ച പണം 23.8 ശതമാനം തോതിൽ വർധിച്ചു. കഴിഞ്ഞ മാസം 590 കോടി റിയാലാണ് സ്വദേശികൾ വിദേശങ്ങളിലേക്ക് അയച്ചത്. 2018 നവംബറിൽ ഇത് 480 കോടി റിയാലായിരുന്നു. കഴിഞ്ഞ മാസം സൗദികളുടെ റെമിറ്റൻസിൽ 110 കോടി റിയാലിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഒകടോബർ മാസത്തെ അപേക്ഷിച്ച് നവംബറിൽ സൗദികളുടെ റെമിറ്റൻസിൽ 14.8 ശതമാനം വർധന രേഖപ്പെടുത്തി. ഒകടോബറിൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് 518 കോടി റിയാലാണ് സൗദികൾ വിദേശങ്ങളിലേക്ക് അയച്ചത്. എന്നാൽ പതിനൊന്നു മാസത്തിനിടെ സ്വദേശികളുടെ റെമിറ്റൻസ് 4.6 ശതമാനം തോതിൽ കുറഞ്ഞു. ജനുവരി ഒന്നു മുതൽ നവംബർ 30 വരെയുള്ള കാലത്ത് സൗദികൾ ആകെ 5513 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചതെന്നും സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു.