Sorry, you need to enable JavaScript to visit this website.

മോഡി ആദ്യം സ്വന്തം സർട്ടിഫിക്കറ്റുകൾ കാണിക്കട്ടെ -ജിഗ്നേഷ് മേവാനി

വടകര- ജനത്തിന്റെ പൗരത്വ രേഖ ആവശ്യപ്പെടുന്ന മോഡി ആദ്യം സ്വന്തം വിദ്യാഭ്യാസ സർട്ടിഫിക്കറ്റും വിവാഹ സർട്ടിഫിക്കറ്റുമെല്ലാം കാണിക്കണമെന്ന് ഗുജറാത്ത് എം.എൽ.എ ജിഗ്നേഷ് മേവാനി. ഏറാമലയിൽ മതേതര സംരക്ഷണ മഹാ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
പൗരത്വ രജിസ്‌ട്രേഷൻ നടപ്പാക്കിയാൽ സ്വാതന്ത്ര്യ സമരത്തിൽ ധീരമായ പങ്ക് വഹിച്ച ഭഗത് സിംഗ് അടക്കമുള്ളവരുടെ പിൻമുറക്കാർ പോലും പൗരത്വം തെളിയിക്കാൻ കഷ്ടപ്പെടേണ്ടി വരും. ഈ നിയമം രാജ്യത്തെ മുസ്‌ലിംകൾക്കെതിരെ മാത്രമുള്ളതല്ല. മറിച്ച് ദളിതർക്കും ആദിവാസികൾക്കും പാവപ്പെട്ടവർക്കും തൊഴിലാളികൾക്കുമെല്ലാം എതിരാണ്. പൗരത്വം തെളിയിക്കാൻ ഒരു രേഖയും കൈവശം ഇല്ലാത്ത ആദിവാസികളും, ദളിതരും സംഘപരിവാർ ഒരുക്കുന്ന ഡിറ്റക്ഷൻ കേമ്പിലേക്ക് പോകേണ്ടിവരും. നിയമത്തിനെതിരെ രാജ്യത്തെ കാമ്പസുകളിൽ ഉയർന്നു വന്ന പ്രതിഷേധം കണ്ട് ഭയന്നാണ് മോഡിയും അമിത് ഷായും തടങ്കൽ പാളയങ്ങളില്ലെന്ന പ്രസ്താവനയിലേക്ക് വന്നതെന്ന് അദ്ദേഹം പറഞ്ഞു.


പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഭാസ്‌കരൻ അധ്യക്ഷത വഹിച്ചു. പാറക്കൽ അബ്ദുല്ല എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, എം.കെ. നിഷ, എൻ. വേണു, മനയത്ത് ചന്ദ്രൻ, സി.കെ. സുബൈർ, എടയത്ത് ശ്രീധരൻ, സി.എ. കരീം, അജയ് ആവള, പി.പി. രാജൻ, എൻ. ബാലകൃഷ്ണൻ, പി.പി. ജാഫർ എന്നിവർ പ്രസംഗിച്ചു. ഓർക്കാട്ടേരിയിൽ നടന്ന മതേതര സംരക്ഷണ മഹാ റാലി ജിഗ്നേഷ് മേവാനി ഉദ്ഘാടനം ചെയ്യുന്നു. 

 

Latest News