ദുബായ്- കഴിഞ്ഞ ദിവസം നിര്യാതനായ യു.എ.ഇ.യിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ നന്തി നാസറിന് സ്വദേശത്ത് അന്ത്യാഞ്ജലി. പ്രവാസജീവിതത്തിനിടയില്‍ മരണമടയുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ ഭൗതികശരീരം നാട്ടിലേക്ക് അയക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ എന്നും വ്യാപൃതനായിരുന്നു അദ്ദേഹം.
യു.എ.ഇ.യിലെ ഇന്ത്യന്‍ സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയാണ് നാസര്‍ നന്തി കടന്നുപോയത്.
61 കാരനായ നാസര്‍ നന്തി (61) ഞായറാഴ്ച രാവിലെ എട്ടുമണിക്ക് ദുബായിലെ ആശുപത്രിയിലാണ് അന്തരിച്ചത്. പുലര്‍ച്ചെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊയിലാണ്ടി നന്തിബസാര്‍ മുസ്ലിയാര്‍കണ്ടി കുടുംബാംഗമാണ്.
യു.എ.ഇ.യില്‍ രോഗംവന്നു കഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് സഹായമെത്തിക്കുന്നതിലും മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിലുമെല്ലാം ഏറെ സജീവമായി പ്രവര്‍ത്തിച്ച സാമൂഹിക പ്രവര്‍ത്തകനായിരുന്നു നാസര്‍. നൂറുകണക്കിന് മൃതദേഹങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നാട്ടിലേക്ക് അയച്ചിട്ടുണ്ട്.
ചെന്നൈയിലും മുംബൈയിലും ബിസിനസ് നടത്തിവന്ന നാസര്‍ 1992 ലാണ് ദുബായിലെത്തിയത്. ദുബായില്‍ അല്‍ മുഹൈരി ട്രാവല്‍ ആന്‍ഡ് ടൂറിസമെന്നപേരില്‍ ട്രാവല്‍ ഏജന്‍സി നടത്തിക്കൊണ്ടാണ് ഗള്‍ഫിലെ പ്രവാസമാരംഭിച്ചത്. ഒട്ടേറെ കമ്പനികളുടെ പി.ആര്‍.ഒ.യായും പ്രവര്‍ത്തിച്ചു. ഇതിനിടയിലാണ് പൊതുരംഗത്തും സജീവമായത്. പി.ആര്‍.ഒ. അസോസിയേഷന്റെ രൂപവത്കരണത്തിലും പങ്കാളിയായി. ദീര്‍ഘകാലം അതിന്റെ ഭാരവാഹിയായും പ്രവര്‍ത്തിച്ചു. ലേബര്‍ക്യാമ്പുകളിലും മരുഭൂമിയിലുമെല്ലാം കഷ്ടപ്പെടുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ മുന്നിട്ടിറങ്ങിയ നാസര്‍ ഇന്ത്യയില്‍നിന്നുള്ള പ്രവാസികള്‍ക്കായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായും സഹകരിച്ചുപ്രവര്‍ത്തിച്ചു. ഒട്ടേറെ കൂട്ടായ്മകളുടെ അധ്യക്ഷനും രക്ഷാധികാരിയുമാണ്. ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായി. തിങ്കളാഴ്ച പുലര്‍ച്ചെയുള്ള വിമാനത്തിലാണ് മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.
ഭാര്യ: നസീമ. മക്കള്‍: സന, ഷിബില(യു.എസ്.), സാദ് (ബഹ്റൈന്‍).