ദുബായ്- പുതുവത്സരാഘോഷത്തിന് വിപുലമായ ഒരുക്കങ്ങളുമായി ദുബായ്. പുതുവത്സര രാവ് അവിസ്മരണീയമാക്കാനുള്ള എല്ലാ തയാറെടുപ്പുകളും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പൂര്‍ത്തിയാക്കി. സഞ്ചാരികളുടെ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കാന്‍ ഗതാഗത മേഖലയില്‍ വന്‍ ക്രമീകരണങ്ങളാണ് വരുത്തിയിരിക്കുന്നത്.
മൂവായിരത്തോളം പോലീസുകാരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. വാഹന പാര്‍ക്കിംഗിന് കൂടുതല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. 20 ലക്ഷം സന്ദര്‍ശകരെയാണ് ദുബായ് പ്രതീക്ഷിക്കുന്നത്. ബുര്‍ജ് ഖലീഫയില്‍ രാത്രി 11.57 മുതല്‍ എട്ട് മിനിറ്റ് കരിമരുന്ന് പ്രയോഗമുണ്ടാകും.
ഉമ്മു റമൂല്‍, മനാര, ദെയ്‌റ, ബര്‍ഷ, കഫാഫ് സ്മാര്‍ട് കേന്ദ്രങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. ബഹുനില പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ ഒഴികെയുള്ള എല്ലാ സോണുകളിലും പാര്‍ക്കിംഗ് സൗജന്യമാണ്.
31 പുലര്‍ച്ചെ 5 മുതല്‍ ജനുവരി ഒന്ന് രാത്രി 12 വരെ മെട്രോ റെഡ് ലൈനില്‍ സര്‍വീസ് ഉണ്ടാകും. ഗ്രീന്‍ ലൈനില്‍ 31 പുലര്‍ച്ചെ 5.30 മുതല്‍ മറ്റന്നാള്‍ രാത്രി 12 വരെ. ട്രാമുകള്‍ 31 രാവിലെ 6 മുതല്‍ വ്യാഴം പുലര്‍ച്ചെ ഒന്നുവരെ സര്‍വീസ് നടത്തും.