Sorry, you need to enable JavaScript to visit this website.

വിചാരം നാലാം തരം

ജാതിയും പദവിയും മുന്തിയതാണെങ്കിൽ പറയാൻ എല്ലാവർക്കും പ്രിയം. ഒന്നന്തരമാവണം, എന്നാൽ നെഞ്ഞൂക്കോടെ വിളിച്ചു പറയും. രണ്ടാന്തരമായാൽ കൊള്ളാം.  അത്രയേ ഉള്ളൂ.  മൂന്നാം തരവും, പിന്നെ പറയേണ്ട, നാലാന്തരവും നിവൃത്തിയുണ്ടെങ്കിൽ വെളിപ്പെടുത്തുകയില്ല. നാലാന്തരത്തെ ഒരു സംഖ്യയുമായി കാരണമില്ലാതെ ബന്ധപ്പെടുത്തിയതല്ല.  നാലിലൊന്ന് എന്നാൽ പാദം എന്നും അർഥം പറയാം.  ബ്രഹ്മാവിന്റെ പാദം. 


കാവലിരിക്കാനും കത്തുകൾ കൈമാറാനും വെള്ളം കോരാനും വിറകു വെട്ടാനും നിയോഗിക്കപ്പെടുന്നവർ നാലാം തരക്കാർ, ബ്രഹ്മപാദത്തിൽനിന്ന് കീഴ്ന്നിറങ്ങിയവർ. 
പ്രത്യേകിച്ചൊരു ആനുകൂല്യവും കിട്ടാനില്ലെങ്കിൽ ആ ഇനത്തിൽ പെട്ടവരണ് തങ്ങൾ എന്ന് ഏറ്റുപറയുമ്പോൾ അഭിമാന പൂരിതമാകില്ല അന്തരംഗം. സാമൂഹ്യ സംവാദത്തിന്റെ പല ഘട്ടങ്ങളിൽ, പല തലങ്ങളിൽ, ഉയർന്നു വരുന്നതാണ് ഈ നാലാന്തരത്തിന്റെ പ്രശ്‌നം.  നാലാന്തരക്കാരുടെ നിയമനം ഈയിടെയായി കുറഞ്ഞിട്ടുണ്ടെങ്കിലും ഫയൽ ചുമക്കാനും വഴി വെടിപ്പാക്കാനും മറ്റും കൂടിയേ തീരൂ എന്ന ആ തസ്തിക ഇല്ലാതായിട്ടില്ല. നാലാം തരക്കാരൻ, ശിപായി, ചൗക്കീദാർ, ചപ്രാസി, അറ്റൻഡർ, പ്യൂൺ എന്നിങ്ങനെ ആയിരം പേരുകളിൽ ആ വർഗം അറിയപ്പെടുന്നു. അപ്പപ്പോഴായി ഞാൻ ഇടപഴകിയ അവരിൽ ചിലരെ ഓർത്തെടുക്കട്ടെ.


മാധവ മാമ എലിമെന്ററി സ്‌കൂളിൽ പ്യൂൺ ആയിരുന്നു. അച്ഛൻ ആമ്യേൻ ആയിരുന്നിട്ടും മകന്റെ പദവി ഉയർന്നില്ല. മാധവ മാമയുടെ തലയിൽ ചിരങ്ങും ഉള്ളംകാൽ നിറയെ ആണിയുമായിരുന്നു. മനം പോലെ മണമില്ലാത്ത അധോവായു വിട്ട് മാമ കുട്ടികളെ ചിരിപ്പിച്ചുപോന്നു. എന്നാലും കുട്ടികളും  അധ്യാപകരും അദ്ദേഹത്തെ ആദരിച്ചു. വെറും പ്യൂൺ ആയിരുന്നില്ല മാധവ മാമ.
ഹൈസ്‌കൂളിൽ അന്തോണിയെ കണ്ടാൽ പ്യൂണെന്നു തിരിച്ചറിയില്ല. ഇസ്തിരിയിടാത്ത ഷർട്ടും  കണിശമായി കോതിവെക്കാത്ത മുടിയുമില്ലാത്ത അന്തോണിയെ കണ്ടവരുണ്ടോ എന്നു സംശയം. മുഖത്തെ ഗൗരവം വേഷത്തിനു ചേർന്നതു തന്നെ. അതൊട്ടുമില്ലാതെയായിരുന്നു പള്ളക്കാലൻ ജോർജിന്റെ നടത്തം. സീനിയർ അന്തോണിയുടെയും ജൂനിയർ ജോർജിന്റെയും ഭാവഭേദം ഒന്നിനൊന്നു മിഴിവു നൽകി. കുശിനിക്കാരന്റെ മകനായ ജോർജ് പള്ളിയിലോ സ്‌കൂളിലോ എന്തു ജോലി എപ്പോൾ ചെയ്യുന്നുവെന്ന് അറിയാവുന്ന ഒരാൾ ജോർജ് മാത്രമായിരുന്നു. 


ദൽഹിയിൽ ഞാൻ ആദ്യം പാർത്ത നെല്ലുവായക്കാരൻ കൃഷ്ണൻ നായരുടെ ഒരു മുറി ഫഌറ്റ് പൊതുമരാമത്ത് വകുപ്പിന്റെ സൗന്ദര്യ ബോധത്തിലെ വൈകൃതം വ്യക്തമാക്കി. കയറിച്ചെല്ലാൻ ഒരു കാൽ മുറി, അതിനങ്ങേപ്പുറം ഒരു കിടപ്പുമുറി. അടുക്കളയും ഊണുമറിയും സ്വീകരണ മുറിയുമായ കാൽ മുറി കടന്നേ പ്യൂണിന്റെ കിടപ്പു മുറിയിലെത്താവൂ എന്നായിരുന്നു പൊതുമരാമത്ത് ശിൽപികളുടെ നിർബന്ധം. ഉള്ള സ്ഥലം തിരിച്ചിടാഞ്ഞതെന്തേ എന്ന ചിന്ത ഊഷരമായി തുടർന്നു. കൊമ്പൻ മീശയും പൊട്ടിപ്പോയ മുൻവരിയിലെ ഇരട്ടപ്പല്ലുമുള്ള കൃഷ്ണൻ നായരെ ആ ചിന്ത അലട്ടിയില്ല. 
ആളുകളെ പേടിപ്പെടുത്താമായിരുന്ന ആ മുഴങ്ങുന്ന ശബ്ദം കൊണ്ട് അദ്ദേഹം ചങ്ങാത്തം പണിതു. ആണ്ടറുതിയിൽ നാലാം തരക്കാർക്ക് സർക്കാർ അനുവദിക്കുന്ന ഒരു ജോടി വസ്ത്രത്തിൽ ഒരെണ്ണം വിറ്റ് അദ്ദേഹം കാശാക്കി.


കൃഷ്ണൻ നായരോട് രൂപസാമ്യം കാണാം, സൂക്ഷിച്ചുനോക്കിയാൽ, ആകാശവാണിയിലെ സൈഗാൾ നമ്പ്യാർക്ക്. ഉച്ചത്തെ ബുള്ളറ്റിൻ കഴിഞ്ഞുള്ള നീണ്ട ഇടവേളയിൽ സോ ജാ രാജകുമാരി മൂളാൻ നമ്പ്യാർ ന്യൂസ് യൂനിറ്റിൽ എത്തും. കേൾക്കാനോ കൂടെപ്പാടാനോ ഞങ്ങൾ രണ്ടു മൂന്നു പേർ. നാട്ടിലെയും കാട്ടിലെയും കിഞ്ചന വർത്തമാനം പേറി നടക്കുന്ന ഗംഗാധരൻ ചിലപ്പോൾ കയറിപ്പറ്റും. പാട്ടിലല്ല, പടയണിയിലാണ്, ഗംഗാധരനു താൽപര്യം. പാടാത്തതും പറയാത്തതും ഗംഗാധരൻ നടിച്ചു കാണിച്ചു.


 ഗംഗാധരന്റെ കുപ്പായത്തിനും കാലുറക്കും കൂടി പത്ത് കീശയുണ്ടെന്ന് ഞങ്ങൾ തിട്ടപ്പെടുത്തി. നിറക്കാൻ കുന്തിരിക്കമില്ലാത്ത കീശകൾ ഇത്രയെന്തിന് എന്ന ചോദ്യം ഞങ്ങളുടെ സമ്മേളനങ്ങളിൽ മുഴങ്ങി. ദേശീയ പതാകക്കും യൂത്ത് കോൺഗ്രസ് വസ്ത്രത്തിനും നാലാം തരം യൂനിഫോമിനും മാത്രമേ അന്ന് ഖദർ ഉപയോഗിച്ചിരുന്നുള്ളൂവെന്നായിരുന്നു ഞങ്ങളുടെ ഗവേഷണം. എല്ലും തോലുമായ രാമൻ നായരെ ഗംഗാധരൻ കളിയാക്കി. ഡയറക്ടറുടെ മോറിസ് മൈനറിൽ പിൻസീറ്റിൽ രാമൻ നായർ സമാധിയിൽ മുഴുകും. ബോസ് ചക്രം തിരിക്കും. ആ ഭാഗ്യം കിട്ടാതെ പോയതിൽ ഗംഗാധരൻ അസൂയാലുവായിരുന്നോ? അല്ലെന്ന് നാലാം തരക്കാരൻ ഗംഗാധരൻ ആണയിടും.


ഉള്ളതൊക്കെ വെട്ടിത്തുറന്നു പറയുകയും നിന്ന നിലപാടിൽ അടിയുറച്ചുനിൽക്കുകയും ചെയ്യുന്നതാണ് ഗോവിന്ദൻ നാടാരുടെ സ്വഭാവം. നാടാരെ വളക്കാൻ നോക്കേണ്ട. നേരത്തെ തന്നെ അറിയിപ്പ് കിട്ടിയിരുന്നു, പ്യൂൺ ചെയ്യേണ്ടതല്ലാത്ത ഒന്നിനും നാടാരെ കിട്ടില്ല. ഞാൻ ചെന്നതിന്റെ പിറ്റേന്ന് നാടാർ നേരിട്ട് തലയുയർത്തി പറഞ്ഞു, 'ഞാൻ ചായ വങ്ങിക്കൊണ്ടുവരില്ല.' ആര് പറഞ്ഞു വാങ്ങാൻ, തർക്കത്തിനുള്ള കളം മായ്ച്ചുകളഞ്ഞുകൊണ്ട് ഞാൻ തിരിച്ചടിച്ചു. വഴിയേ വന്ന സൗമനസ്യമോ എന്തോ, എനിക്ക് ചായ കൊണ്ടുവരുന്നത് ഗോവിന്ദൻ നാടാർ അവകാശമാക്കി. 
മറ്റൊരിടത്ത് ഒച്ച കുറച്ചു കാര്യങ്ങൾ പറയാതെ പറഞ്ഞിരുന്നവരാണ് ഘനശ്യാമും മാധവ് സിംഗും. പാർലമെന്റ് സമ്മേളനം വരുമ്പോൾ അമരത്തുണ്ടാകും മാധവ്. ഓരോ റിപ്പോർട്ടർക്കുമുള്ള പാർലമെന്റ് കെട്ട് രണ്ടു മൂന്നു കിലോ കാണും. സഭ ശബ്ദായമാനമല്ലാതാകുന്ന വൈകുന്നേരങ്ങളിൽ ഞങ്ങളുടെയെല്ലാം കെട്ട് മാധവ് കബാഡി ബസാറിലെത്തിക്കും. നന്നായി പൂസാവാനുള്ള പണമായി. ഏതാണ്ടൊരു നിത്യപൂജ പോലെ തുടർന്നു ആ ഇടപാട്.


 കോളായല്ലോ എന്നു പറഞ്ഞാൽ, പത്രത്തിന്റെ ബ്യൂറോയിലെ ധരംപാൽ ഒരു തുടരൻ ചിരി പാസാക്കി കടന്നു കളയും. 
മറ്റൊരു ബ്യൂറോയിലെ നാലാം തരം അംഗങ്ങളായിരുന്നു പരമേശ്വരനും കുട്ടനും. വേഗം കുറഞ്ഞ പരമേശ്വരനും കുശാഗ്ര ബുദ്ധിയായ കുട്ടനും വക്കാണം തുടങ്ങിയാൽ പറയുന്നത് ഏതോ ഗൂഢഭാഷയാണെന്നു തോന്നും. നാലാം തരക്കാരനാണെങ്കിലും കുട്ടന്റെ സ്വാധീന വലയം ഒന്നാം തരത്തേക്കാൾ കവിയും. അതിന്റെ ഫലം ഞാനും നുണഞ്ഞു. റെയിൽവേ കാന്റീനിൽനിന്ന് കുട്ടൻ വഴി ഒരാൾക്ക് പകർച്ചയെടുത്താൽ മൂന്നാൾക്ക് കഴിക്കാനാകും. ഞങ്ങൾ അതിനെ പത്രസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഭാഗമാക്കി. 
എഡിറ്ററുടെ പ്യൂണിന് തലയോ തലപ്പാവോ നിർബന്ധമല്ലെങ്കിലും ചിലർ ആ പദവിയിൽ വിളങ്ങി.  നയ്യാർ സാഹബിന്റെ അറ്റന്റർ എപ്പോഴും ശരം വിട്ട പോലെയാകും പോവുക. ലോകഗതി നിയന്ത്രിക്കുന്ന എഡിറ്ററുടെ നാലാം തരം സഹായി അലവലാതിയാകരുത്. ചാവഌയുടെ പ്യൂൺ നേരത്തേ വിളിച്ചു പറയും: 'സാഹബ് ആ രഹേ ഹേ' പരവതാനി വിരിക്കുകയോ താലമെടുക്കുകയോ ചെയ്യേണ്ടവർക്ക് അതാകാം. ഒത്തുപിടിക്കാൻ നാലാം തരക്കാർ റെഡി. 


പക്ഷേ സർക്കാറിലെ നാലാം തരക്കാരെ മറ്റുള്ളവരെ പോലെ ഗണിക്കരുത്. അവരുടെ ഗമ ഒരു ഗമ തന്നെ. ഒരു കാലത്ത് മാസം എൺപതു രൂപ അടിസ്ഥാന വേതനം പറ്റിയിരുന്നവർ. 
ആണ്ടു തോറും ഒരു രൂപ (അതോ അര രൂപയോ) കൂടും. പീറ്റർ പ്രിൻസിപ്പൽ പ്രകാരം കാര്യക്ഷമത തീർത്തും നിലയ്ക്കുമ്പോൾ ശമ്പളം മേലേക്കിടയിലെത്തിക്കാണും.  
നാലാം തരക്കാരന് മൂന്നാം തരക്കാരനാകാൻ പറ്റില്ല, കാലം തകിടം മറിഞ്ഞാലും. ഉദ്യോഗക്കയറ്റത്തിന്റെ കോവണിപ്പടികൾ തുടങ്ങുകയോ ഒടുങ്ങുകയോ ചെയ്യാത്തതാണ് നാലാം തരം മണ്ഡലം. ഉദ്യോഗക്കയറ്റം ഇല്ലേയില്ല എന്നു പറഞ്ഞുകൂടാ. വലിയ വ്യത്യാസപ്പെട്ടതല്ലാത്ത പണി ഉൾപ്പെട്ട ദഫ്തറി എന്ന തസ്തികയിലേക്ക് മൂത്തു നരച്ച നാലാം തരക്കാരൻ ഉയർന്നേക്കാം. അപ്പോഴേക്കും ഇറങ്ങാറാകും. 


ദഫ്തറി എന്നാൽ ദഫ്തർ എന്ന ആപ്പീസുമായി ബന്ധപ്പെട്ടയാൾ എന്നേ അർഥമുള്ളൂ.  പക്ഷേ വേറൊരു തസ്തികയിലും പ്രതിഷ്ഠിക്കാൻ വയ്യാത്ത നാലാം തരക്കാരൻ തന്നെ അയാൾ. പേരു കൊണ്ട് അയാൾക്ക് ചാർച്ച അവകാശപ്പെടാവുന്ന ഒരാൾ വലിയ നിയമജ്ഞനായിരുന്നു. ഗാന്ധി വധത്തിൽ പ്രോസിക്യൂഷനെ നയിച്ചത് അദ്ദേഹമായിരുന്നു. ഇന്ത്യയുടെ ആദ്യത്തെ സോളിസിറ്റർ ജനറൽ. ഒന്നാം തരം, നാലാം തരമല്ല,  വിസ്താരക്കാരൻ. സി.കെ. ദഫ്തറി.  

 

Latest News