കോഴിക്കോട്-ബി.ജെ.പിയുടെ നേതൃത്വത്തിൽ സംഘ്പരിവാർ മുന്നോട്ടുവെക്കുന്ന ആശയത്തെ ഹിന്ദു രാഷ്ട്രമെന്നല്ല, ബ്രാഹ്മണ്യരാഷ്ട്രവാദം എന്നാണ് വിളിക്കേണ്ടതെന്ന് എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്. അടുത്തവർഷമെങ്കിലും
നാം തെറ്റായും അലസമായ ആലോചനയോടേയും ഉപയോഗിക്കുന്ന വാക്കുകൾക്ക് മോചനം നൽകണമെന്നും ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പിൽ ശിഹാബുദ്ദീൻ ആവശ്യപ്പെട്ടു. പത്ര ചാനലുകളിൽ സോഷ്യൽ മീഡിയകളിൽ, രാഷ്ട്രീയ പ്രസംഗങ്ങളിൽ പൊതു സാംസ്‌കാരിക ഇടങ്ങളിൽ തെറ്റായി ,യാതൊരു അർത്ഥവിചാരവുമില്ലാതെ ഉപയോഗിക്കുന്ന നാലു വാക്കുകൾക്കെങ്കിലും സാമൂഹ്യപരമായ പരിസരബന്ധനത്തിൽ നിന്ന് വരുന്ന വർഷം മോചനം നൽകുക എന്നതാണു് സുഹൃത്തുക്കളോടും പ്രിയ മാധ്യമ പ്രവർത്തകരോടുമുള്ള ഇക്കൊല്ലത്തെ പുതുവത്സരാശംസാ സന്ദേശം. ഈ സന്ദേശം ഒരു അപേക്ഷയായി കണക്കാക്കിയാലും മതിയെന്നും പൊയ്ത്തുംകടവ് പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റിൽനിന്ന്
1) ആത്മീയത
..........................
ആത്മീയത എന്ന പദത്തെ മതവുമായി കൂട്ടിക്കെട്ടാതിരിക്കുക.
പണാധിപത്യം, സ്ഥാപനവൽക്കരണങ്ങളുടെ മൗനമായ അഹന്ത, അധികാര വാസന എന്നിവയുടെ നേർ വിപരീത സ്വഭാവമാണു് ആത്മീയതയുടെത്.
മതപുരോഹിത അധികാര ഒളിസേവക്കാർക്ക് സ്വന്തം തലച്ചോർ ഊരിക്കൊടുത്ത ധൈഷണികഅടിമകളുടെ ആൾക്കൂട്ടത്തെ കണ്ട് വിരണ്ട മാധ്യമങ്ങൾ ആത്മീയ നേതാക്കൾ എന്നും ആത്മീയ ആചാര്യന്മാർ എന്നുമൊക്കെ ഇവരെപ്പറ്റി ഇനി ദയവായി ഉപയോഗിക്കാതിരിക്കുക.
ഈ വരുന്ന 2020 എങ്കിലും അതിനൊരു തുടക്കം കുറിക്കട്ടെ.
നാം അറിഞ്ഞും അറിയാതെയും നടത്തിയ പരോക്ഷകള്ളങ്ങൾ ആണ് ഇന്ത്യയെ ഈ അവസ്ഥയിലെത്തിച്ചത്.
ഇവരിൽ ഏറെപ്പേരെയും മതമുതലാളിമാർ എന്ന പദമാണ് അർഹിക്കുന്നത്. വേണ്ട, അത്രയ്ക്ക് ഇപ്പോൾ പോകേണ്ട .മത പ്രവർത്തകർ എന്നായാലും മതി.
ദയവായി ഇവരെ ആത്മീയ നേതാക്കൾ എന്ന് പറയുമ്പോൾ നാം നമ്മെത്തന്നെ കബളിപ്പിക്കുകയാണ്.
എന്താണ് ആത്മീയത എന്ന് സാർവ്വലൗകികാടിസ്ഥാനത്തിൽ ഒന്ന് പഠിക്കുകയും ഓർക്കുകയും ചെയ്യുന്നത് നല്ലതാണ്. അപ്പോൾ രമണമഹർഷിയും നിസാമുദ്ദീൻ ഔലിയയും തമ്മിൽ വ്യത്യാസമില്ലെന്നറിയും.
*തെറ്റി ഉപയോഗിക്കുന്ന വാക്കുകൾ തെറ്റായ സമൂഹത്തെ ഉണ്ടാക്കും.
2) രാഷ്ടീയ പാർട്ടി
....................................
കക്ഷിരാഷ്ട്രീയത്തെ രാഷ്ട്രീയ പ്രവർത്തനം എന്ന് പറയുമ്പോഴും നാം സൂക്ഷിക്കേണ്ടതാണ്.
സ്വയം കള്ളം പറയുകയാണ് നമ്മളപ്പോൾ.
.മത സാമുദായിക സംഘടനകളുടെ കൈയിലുണ്ട് എന്ന് നാമൊക്കെ വിചാരിച്ചു വെച്ചിരിക്കുന്ന വോട്ട് സ്‌റ്റോറേജുകളെ നോക്കി വായിൽ വെള്ളമിറക്കി കഴിയുന്ന ഇവന്മാരൊക്കെ കക്ഷിരാഷ്ട്രീയക്കാരായി ഇരിക്കുന്നതല്ലേ ഭാഷയുടെ സത്യാത്മക സുഗന്ധത്തിന് നല്ലത്?
ആയുഷ്‌ക്കാലം മുഴുവൻ ജാതി മത കാർഡിട്ടു കളിച്ച് എം.എൽ.എയും മന്ത്രിയുമായി ജീവിച്ച ഒരാളെ രാഷ്ട്രീയാചാര്യനെന്നൊക്കെ വിളിക്കുമ്പോൾ വാക്ക് തെറ്റായി ഉപയോഗിച്ച് സ്വയമേയും അന്യരെയും നമ്മൾ തെറ്റിദ്ധരിപ്പിക്കുകയാണ് .മാധ്യമ പ്രവർത്തകർ ഈ പദപ്രചരണ വേലയിൽ നിന്ന് പിൻവാങ്ങാൻ ആലോചിക്കേണ്ടതല്ലേ?
ഉള്ളത് പറഞ്ഞാൽ, സൂക്ഷ്മാർത്ഥത്തിൽ അരാഷ്ട്രീയാചാര്യനെന്നപദമല്ലേ ഇങ്ങെനെയൊൾക്ക് യോജിക്കുക ?
*തെറ്റായി ഉപയോഗിക്കുന്ന വാക്ക് തെറ്റായ സമൂഹത്തെ സൃഷ്ടിക്കും.
3) മഹാൻ / മഹത്വം
...................................
തെറ്റായി ഉപയോഗിക്കുന്ന മറ്റൊരു പദമാണു് മഹാൻ .
മഹതി എന്ന ഉപയോഗം താരതമ്യേന പ്രബലമല്ല .പുരുഷാധിപത്യ സമൂഹം ആയതിനാലാവാം.
വലിയ ആൾ ,സെലിബ്രിറ്റി ഇവരിൽ മഹത്വം ഉണ്ടായിക്കൊള്ളണമെന്ന് യാതൊരു നിർബന്ധവുമില്ല. ഉണ്ടായിക്കൂടെന്നുമില്ല.
പക്ഷേ, ടി.വി.കൊച്ചുബാവയുടെ ഒരു കഥയുടെ തലക്കെട്ട് പോലെ , നീ ജീവിച്ചു മരിച്ചു ചെയ്ത അത്ഭുതമെന്ത്എന്ന ചോദ്യം മഹാൻ എന്ന വാക്ക് ഉപയോഗിക്കുമ്പോൾ നാം ഒന്ന് ഓർക്കുന്നത് നല്ലതാണ്. വലിയ എന്ന വിശേഷണപദത്തിനു പകരം മഹാനായ എന്ന് നമുക്ക് ഉപയോഗിക്കാതിരിക്കാം. വലുപ്പവും മഹത്വവും രണ്ടാണ്.
*തെറ്റായി ഉപയോഗിക്കുന്ന വാക്ക് തെറ്റായ സമൂഹത്തെ സൃഷ്ടിക്കും
4) ഹിന്ദുമതരാഷ്ട്രവാദം
...........................................
ഇപ്പോൾ പൗരത്വ ബില്ലിന്റെ പേരിൽ കത്തിക്കാളുന്ന
രാഷ്ട്രീയ കാലാവസ്ഥയിൽ ഉപയോഗിക്കുന്ന പദമെന്ന കാലിക പ്രസക്തി കൂടിയുണ്ട്.
ഹിന്ദു മത രാഷ്ട്രവാദം എന്ന വാക്കിന് .
സത്യത്തിൽ ബ്രാഹ്മണ രാഷ്ട്രവാദം എന്നാണു് അതിനെ വിളിക്കേണ്ടത്. ആർ.എസ്.എസിന്റെ
മൂശയിൽ ബോധപൂർവ്വം വാർത്തെടുത്ത ഈ പദത്തിന്റെ പിന്നിലെ ചതിക്കുഴി നമ്മളാരും വേണ്ടത ശ്രദ്ധിച്ചിട്ടില്ല. മനുസ്മൃതി വികസിപ്പിച്ച് ഭരണഘടനാ നിയമം ഉണ്ടാക്കാനുള്ള ഉത്സാഹവും മറ്റും ഒന്ന് ശ്രദ്ധിച്ചാൽ മതി മനസ്സിലാവും.
ഹിന്ദുക്കളിലെ ഇതര ബ്രാഹ്മണേതരർക്കായുള്ള രാഷ്ട്ര വാദമല്ല അത്..ലക്ഷ്യം ബ്രാഹ്മണ വൽക്കരണം തന്നെ!
ബ്രാഹ്മണരിൽ എത്രയോ മഹാന്മാരുണ്ട്. മഹത്വമുള്ളസാമൂഹ്യപരിഷ്‌ക്കർത്താക്കളുണ്ട്, ബുദ്ധിജീവികളുണ്ട് , സോഷ്യൽ സയൻറിസ്റ്റുകൾ, വൈദ്യന്മാർ, പരിസ്ഥിതി ശാസ്ത്രജ്ഞർ, നിയമജ്ഞർ ഇക്കണോമിസ്റ്റുകൾ ഒക്കെ ഉണ്ട്. അവരുടെ പിന്തുണ ഈ ബ്രാഹ്മണ രാഷ്ട്രവാദക്കാർക്കില്ല എന്നതും കുട്ടത്തിൽശ്രദ്ധേയമാണ്. ഇവർ ജാതി മേൽക്കോയ്മയെ അംഗീകരിക്കുന്നില്ല. മനുഷ്യകുലത്തിലാണവർ പാർത്തത്, പാർക്കുന്നത്.
എത്രയോ നന്നായി ജീവിക്കേണ്ട ഒരു ജീവിതം നമ്മൾത്തന്നെ ചവിട്ടിയരച്ചു കളയുന്നുവെന്ന ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഈ കുറിപ്പിടുന്നത്.
കാരുണ്യമില്ലാത്ത വീട് പിശാചുക്കളുടെ ഭവനമാണ്.
2020 കാണാൻ ചേലുള്ള നമ്പർ തന്നെ.
എന്തോ അവിചാരിതമായി ഒന്ന് സംഭവിച്ച് എല്ലാം നേരെയാകുമെന്ന തോന്നൽ ഈ കുറിപ്പെഴുതുമ്പോഴും സ്വപ്നം കാണുന്നു.
അപ്പോൾ ,ഒക്കെ പറഞ്ഞത് പോലെ,
*നേരായി ഉപയോഗിക്കുന്ന വാക്കുകൾ നമ്മുടെ സഹായത്തിനെത്തട്ടെ!
2020സ്‌നേഹത്തിന്റെ കാരുണ്യത്തിന്റെയും സമാധാനത്തിന്റേതുമാവട്ടെ!