Sorry, you need to enable JavaScript to visit this website.

മരട്: ആദ്യസ്‌ഫോടനം ഹോളി ഫെയ്ത്തിന്റെ  ഗ്രൗണ്ട് ഫ്‌ളോറിൽ

കൊച്ചി- തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് സുപ്രീം കോടതി ഉത്തരവു പ്രകാരം ആദ്യം പൊളിക്കുന്നത് ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്ളാറ്റിന്റെ ഗ്രൗണ്ട് ഫ്ളോർ. ഗ്രൗണ്ട് ഫ്ളോറിലാണ് ആദ്യ സ്ഫോടനം നടത്തുക. ഇതിനായി സ്ഫോടക വസ്തുക്കൾ നിറയ്ക്കുക 1406 ദ്വാരങ്ങളിൽ.നാലു ഘട്ടങ്ങളായാണ് ഹോളി ഫെയ്ത് എച്ച് ടു ഒ സ്ഫോടനത്തിലൂടെ പൊളിക്കുന്നത്. ഗ്രൗണ്ട് ഫ്ളോറിലെ സ്ഫോടനത്തിനു ശേഷം 6.4 സെക്കന്റുകളുടെ വ്യത്യാസത്തിൽ 16,11,9 നിലകളിൽ സ്ഫോടനം നടത്തും. കെട്ടിടം ഒന്നാകെ തകർക്കുന്നതിനേക്കാൾ ഘട്ടങ്ങളായി പൊളിക്കുന്നതാണ് സുരക്ഷിതമെന്നതിനെ തുടർന്നാണ് ഇത്തരത്തിൽ പൊളിക്കുന്നത്. ഒന്നാകെ ഒറ്റയടിക്ക് പൊളിക്കുമ്പോഴുണ്ടാകുന്ന വലിയ പ്രകമ്പനം കുറയ്ക്കാനും അതുവഴി സമീപത്തെ വീടുകൾ അടക്കമുള്ള കെട്ടിടങ്ങൾക്കുണ്ടാകുന്ന നാശനഷ്ടം കുറയ്ക്കാനും സാധിക്കും. സ്ഫോടനം നടത്തുന്നതിനായി ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്ളാറ്റിന്റെ തൂണുകളിലും ചുമരുകളിലുമായി 32 മില്ലീ മീറ്റർ വിസ്തീർണമുള്ള 1406 ദ്വാരങ്ങളാണ്.

ഈ ദ്വാരങ്ങളിൽ സ്ഫോടക വസ്തുക്കൾ നിറച്ചാണ് സ്ഫോടനം നടത്തുന്നത്. പ്രകമ്പനത്തിന്റെ ശക്തി കുറയ്ക്കാനായി ഫ്ളാറ്റിനു ചുറ്റും വലിയ കിടങ്ങുകളും നിർമിക്കും. സ്ഫോടനം നടത്തുന്ന ദിവസം സമീപത്തെ വീടുകളിലെ മുഴുവൻ ആളുകളെ ഒഴിപ്പിക്കും. സമീപത്തെ തേവര-കുണ്ടന്നൂർ പാലം വഴിയുള്ള ഗതാഗതവും നിർത്തിവെയ്ക്കും. ഇതിന്റെ ചുമതല കൊച്ചി സിറ്റി പോലീസിനാണ്.ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്ളാറ്റ് നിലംപതിക്കുന്നത് 37 മുതൽ 46 അടിവരെ ചെരിഞ്ഞായിരിക്കുമെന്ന് സ്ട്രക്ചറൽ എൻജിനിയേഴ്സ് പറയുന്നു.നിയന്ത്രിത സ്ഫോടനത്തിലൂടെയായിരിക്കും ഫ്ളാറ്റുകൾ തകർക്കുക. ഫ്ളാറ്റുകളുടെ ഇടഭിത്തികൾ നേരത്തെ തന്നെ നീക്കിയിരിക്കുന്നതിനാൽ ഒരു സമയം പരമാവധി 1500 ടൺ അവശിഷ്ടം മാത്രമായിരിക്കും ഭൂമിയിൽ പതിക്കുക. ഫ്ളാറ്റുകൾ പൊളിക്കുന്നതിനു മുന്നോടിയായി വിശദമായ ബ്ലൂ പ്രിന്റ് അടക്കമുള്ളവയും തയാറാക്കിയിട്ടുണ്ട്. ജനുവരി 11 നാണ് ഫ്ളാറ്റുകൾ പൊളിക്കുന്നത്. രാവിലെ 11 ന് ഹോളി ഫെയ്ത് എച്ച് ടു ഒയും അരമണിക്കൂറിനു ശേഷം ആൽഫ സെറിനും പൊളിക്കും. 12 നാണ് ജെയിൻ കോറൽ കോവും ഗോൾഡൻ കായലോരവും പൊളിക്കുക.
 

Latest News