കൊണ്ടോട്ടി - പിണറായി വിജയനെ വിമർശിച്ച് പൗരത്വ സംരക്ഷണ റാലിയിൽ സംസാരിച്ച ജാമിഅ മില്ലിയ വിദ്യാർത്ഥി ആയിഷ റെനക്കെതിരെ ഇടതുപക്ഷ പ്രവർത്തകർ നടത്തിയ പരാമർശവും പ്രതിഷേധവും കൂടുതൽ വിവാദമാകുന്നു.ശനിയാഴ്ച കൊണ്ടോട്ടി പൗരാവലി നടത്തിയ റാലിയുടെ സമാപനത്തിൽ സംസാരിക്കവെയാണ് ആയിഷ റെനക്കെതിരെ ഇടതുപക്ഷ പ്രവർത്തകർ പ്രതിഷേധമുയർത്തിയത്.
ഇടതു പ്രവർത്തകരെ ചൊടിപ്പിച്ച ആയിഷ റെനയുടെ വാക്കുകൾ ഇങ്ങിനെ. ചന്ദ്രശേഖർ ആസിദിനെ റിലീസ് ചെയ്യണമെന്ന് ഈ അവസരത്തിൽ ഉന്നയിക്കുകയാണ്. അതു പൊലെ കഴിഞ്ഞ ദിവസങ്ങളിൽ ജാമഅയിലെ വിദ്യാർത്ഥികളോടും ചുറ്റുമുളള പ്രതിഷേധങ്ങളോടും അനുരസപ്പെട്ട് നടത്തിയിട്ടുളള പ്രതിഷേധങ്ങൾ അടിച്ചമർത്തി കൊണ്ട് പിണറായി സർക്കാർ ജയിലിൽ വെച്ചിട്ടുളള വിദ്യാർത്ഥികളേയും മറ്റുളളവരേയും വിട്ടയക്കണം.
പ്രസംഗത്തിനിടെ ചൊടിച്ച പ്രവർത്തകർ ആയിഷ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രശ്‌നം സങ്കീർണമായതോടെ ആയിഷ റെന വീണ്ടുമെത്തി. തന്റെ സ്വന്തം അഭിപ്രായമാണ് ഇവിടെ പറഞ്ഞതെന്ന് വിവരിച്ചു. ഇതിനിടയിൽ സ്വന്തം അഭിപ്രായം പൊരയിൽ പറഞ്ഞാൽ മതിയെന്നും മാപ്പുപറയണമെന്നും പ്രവർത്തകർ വിളിച്ചു പറഞ്ഞു. ഇതിനിടയിൽ ആയിഷ റെന വേദിവിടുകയും ചെയ്തു.
ആയിഷയുടെ സംസാരത്തിൽ ക്ഷുഭിതരായ പ്രവർത്തകർ പിന്നീട് വെൽഫയർ പാർട്ടിയുടെ പതാക കത്തിച്ചു പ്രതിഷേധിച്ചു.
ആയിഷക്കെതിരെയുണ്ടായ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ഇടത് പ്രവർത്തകർക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. നിരവധി പേർ ആയിഷയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നു. കൊടികത്തിച്ചതിലും ആയിശക്കെതിരെയുളള നിലപാടിലും വെൽഫയർ പാർട്ടി കൊണ്ടോട്ടിയിൽ പ്രതിഷേധ പ്രകടനവും നടത്തി.