ദമാം- ദമാം കിംഗ് ഫഹദ് കോസ്‌വേയിലുടെ കടന്നുപോകുന്ന ട്രക്കുകൾക്ക് സമയം ബുക്ക് ചെയ്യാവുന്ന സംവിധാനം ഇന്നു മുതൽ നടപ്പാക്കും. ബഹ്‌റൈനിലേക്കും തിരിച്ചും കുറഞ്ഞ സമയത്തിനുള്ളിൽ ചരക്കുനീക്കം സുഗമമാക്കാനാണിതെന്ന് കിംഗ് ഫഹദ് കോസ്‌വേ വിഭാഗം സി.ഇ.ഒ എൻജിനീയർ ഇമാദ് അൽമുഹൈസിൻ അറിയിച്ചു.
ഇരുപത്തിനാലു മണിക്കൂറും ട്രക്കുകളുടെ സഞ്ചാരത്തിന് കോസ്‌വേ സജ്ജീകരിക്കുന്നതിനും വിഷൻ 2030 ലക്ഷ്യമിടുന്ന പ്രകാരം കോസ്‌വേയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ പരിഷ്‌കാരം ആരംഭിച്ചിരിക്കുന്നത്. ദേശീയ വ്യവസായ വികസന പദ്ധതിയെയും ലോജിസ്റ്റിക് സർവീസിനെയും ശക്തിപ്പെടുത്തുന്ന ഈ സംവിധാനം തദാവുൽ കമ്പനി, കസ്റ്റംസ് വിഭാഗം എന്നിവയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്.
നിലവിൽ ട്രക്ക് ബുക്കിംഗ് ദമാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്ത് മാത്രമേയുള്ളൂവെന്ന് കിഴക്കൻ പ്രവിശ്യ ചേംബറിലെ ലോജിസ്റ്റിക് സമിതി മേധാവി ബന്ദർ അൽജാബിരി പറഞ്ഞു. ഓൺലൈൻ വഴി സമയം ബുക്ക് ചെയ്യുന്ന ഈ സംവിധാനം എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും നടപ്പാക്കും. നിലവിൽ ഒരു ദിവസം 700 മുതൽ 1500 ഓളം ട്രക്കുകളാണിതിലൂടെ കടന്നുപോകുന്നത്. അനധിക ചരക്ക് സർവീസുകൾ ഇതോടെ പൂർണമായും നിർത്താനാകും -അദ്ദേഹം പറഞ്ഞു.