കോട്ടയം- ചികിത്സക്കും വിശ്രമത്തിനും ശേഷം പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് നാട്ടിലെത്തി. ഒരു മാസമായി ചികിത്സക്കായി തിരുവനന്തപുരത്തും ഇടക്കു വിദേശത്തുമായിരുന്നു അദ്ദേഹം.
ഇന്നലെ രാവിലെ തിരുവനന്തപുരത്തുനിന്നും എത്തിയ ഉമ്മൻ ചാണ്ടി മണ്ഡലത്തിലെ നിരവധി പരിപാടികളിൽ പങ്കെടുത്തു. കോട്ടയം ലൂർദ് പള്ളിയിലെത്തി വികാരിയെ സന്ദർശിച്ചു. സന്ദർശനത്തിനിടെ രോഗ വിവരങ്ങൾ ആരാഞ്ഞു. തൊണ്ടയുടെ പ്രശ്‌നം ചികിത്സിച്ചു ഭേദമാക്കാനുള്ളതേയുള്ളൂവെന്നും മറ്റൊന്നും ഇല്ലെന്നും അദ്ദേഹം അറിയിച്ചു. തുടർന്ന് പള്ളിയിൽ നടന്ന ഒരു വിവാഹ നിശ്ചയ ചടങ്ങിൽ സംബന്ധിച്ച ശേഷമാണ് മടങ്ങിയത്. കെ.സി. ജോസഫ് എം.എൽ.എയും ഉമ്മൻ ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു. മണ്ഡലത്തിലെ പല സ്വകാര്യ ചടങ്ങുകളിലും അദ്ദേഹം സംബന്ധിച്ചു.
പതിവായി എല്ലാ ശനിയാഴ്ചയും പുതുപ്പള്ളിയിലെ വസതിയിലെത്തുന്ന ഉമ്മൻ ചാണ്ടി ഞായറാഴ്ച രാവിലെ പള്ളിയിൽ പോയ ശേഷമേ തിരുവനന്തപുരത്തേക്ക് മടങ്ങാറുള്ളൂ. ശബ്ദതടസ്സത്തിന് കേരളത്തിലും പുറത്തുമുള്ള ആശുപത്രികളിൽ ചികിത്സ തേടിയ ശേഷമാണ് വിദേശത്ത് വിദഗ്ധ പരിശോധന നടത്തിയത്. ആരോഗ്യ നില തൃപ്തികരമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ശതാഭിഷിക്തനായ മുതിർന്ന കോൺഗ്രസ് നേതാവ് വി.എ. പുരുഷോത്തമൻ നായരെ ആദരിക്കുന്നതിന് കൂരോപ്പട മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥിയായിരിക്കുമ്പോൾ ആരംഭിച്ച സ്‌നേഹ ബന്ധം പുരുഷോത്തമൻ നായരുമായി ഇന്നും തുടരുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സമ്മേളനത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു സി.കുര്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാത്തച്ചൻ താമരശ്ശേരിൽ, കോൺഗ്രസ് നേതാക്കളായ ഒ.സി. ജേക്കബ്, അനിൽ കൂരോപ്പട, കുഞ്ഞ് പുതുശ്ശേരി, അമ്പിളി മാത്യു, വി.എ. പത്മനാഭൻ നായർ, സി.എം. മത്തായി, സന്ധ്യാ സുരേഷ്, വിമലാ ദേവി, ജെസി സഖറിയ, സച്ചിൻ മാത്യു, ടി.എസ്. ഉണ്ണികൃഷ്ണൻ നായർ, പി. ഗോപകുമാർ, ജോസ് അറയ്ക്കൽ, റോബിൻ ജെയിംസ്, ടി.ജി. ബാലചന്ദ്രൻ നായർ, സി.ജി. നാരായണക്കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.