കൊച്ചി- കേരളത്തിലേക്ക് വരാൻ സാധിച്ചതിന് പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം നന്ദി രേഖപ്പെടുത്തുന്നതായി പി.ഡി.പി നേതാവ് അബ്ദുനാസർ മഅദനി. മാതാവിനെ കാണാനും മകന്റെ വിവാഹത്തിൽ പങ്കെടുക്കാനുമായി സുപ്രീം കോടതി അനുവദിച്ച ഇളവ് ഉപയോഗപ്പെടുത്തി എത്തിയ മഅദനി നെടുമ്പാശേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. കേരളത്തിലെ മുഴുവൻ രാഷ്ട്രീയ നേതാക്കളും തനിക്ക് നീതി ലഭ്യമാക്കാൻ പ്രവർത്തിച്ചുവെന്ന് മഅദനി വ്യക്തമാക്കി. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ എം.പി എന്നിവരെല്ലാം കർണാടക സർക്കാറുമായി ബന്ധപ്പെട്ടെന്നും നീതിയുടെ പക്ഷത്ത്‌നിന്നാണ് ഇവരെല്ലാം പ്രവർത്തിച്ചതെന്നും മഅദനി വ്യക്തമാക്കി.
തനിക്ക് കേരളത്തിലേക്ക് പോകാനായി വൻ തുക സുരക്ഷാ ചെലവ് ആവശ്യപ്പെട്ട കർണാടക സർക്കാറിനെതിരെ സുപ്രീം കോടതി സ്വീകരിച്ച നിലപാട് ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് മഅദനി വ്യക്തമാക്കി. രാജ്യത്ത് വിചാരണ തടവുകാരിയ കഴിയുന്ന മുഴുവൻ ആളുകൾക്കും പ്രതീക്ഷ നൽകുന്ന തീരുമാനമാണ് സുപ്രീം കോടതി സ്വീകരിച്ചത്. ബാഗ്ലൂരിൽ താൻ കഴിയുന്നത് ജാമ്യത്തിലാണെന്നും നഗരം വിട്ടുപോകരുത് എന്നത് മാത്രമാണ് ജാമ്യവ്യവസ്ഥയെന്നും മഅദനി പറഞ്ഞു.
അഡ്വ പ്രശാന്ത് ഭൂഷൺ, അഡ്വ. ഉസ്മാൻ, അഡ്വ ഹാരിസ് ബീരാൻ തുടങ്ങിയവർക്കെല്ലാം നന്ദി രേഖപ്പെടുത്തിയ മഅദനി മാധ്യമങ്ങളോടും നന്ദി പ്രകടിപ്പിച്ചു. ബാംഗ്ലൂരിൽനിന്നുള്ള വിമാനത്തിൽ നെടുമ്പാശേരിയിലെത്തിയ മഅദനി പിന്നീട് സ്വദേശമായ അൻവാറുശേരിയിലേക്ക് പോയി.