കോഴിക്കോട് - പ്ലാസ്റ്റിക് നിരോധനത്തിന് രണ്ടു ദിവസം മാത്രം ബാക്കിനിൽക്കേ വ്യാപാരി മേഖലയിൽ കടുത്ത ആശങ്ക. ജനുവരി ഒന്നു മുതൽ കട അടച്ചിടുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചത്. ഇടതുമുന്നണിയെ അനുകൂലിക്കുന്ന വ്യാപാരി വ്യവസായി സമിതിയും പ്ലാസ്റ്റിക് നിരോധനത്തിന് അനുകൂലമല്ല.
സാവകാശം നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യമെങ്കിലും എത്ര സാവകാശം വേണ്ടിവരുമെന്ന് വ്യക്തമാക്കാനാവില്ല. എന്നാൽ ധാന്യങ്ങളും മറ്റും പാക്ക് ചെയ്ത നിലയിലാണെങ്കിൽ കുഴപ്പമില്ലെന്ന രീതിയിൽ തീരുമാനം വന്നതോടെ പ്രയാസങ്ങൾ കുറയുമെന്ന് പറയുന്നുണ്ട്. പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ), പ്ലാസ്റ്റിക് മേശ വിരി, കൂളിങ് ഫിലിം, പ്ലേറ്റുകൾ, കപ്പുകൾ, തെർമോക്കോൾ, സ്‌റ്റൈറോഫോം എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാര വസ്തുക്കൾ, ഒറ്റത്തവണ ഉപഭോഗമുള്ള പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, സ്പൂൺ, ഫോർക്ക്, സ്‌ട്രോ, കൊടി, ജ്യൂസ് പാക്കറ്റ്, 300 മില്ലിക്ക് താഴെയുള്ള കുപ്പി തുടങ്ങിയവയാണ് നിരോധിക്കുന്നത്.
മുൻകൂട്ടി പാക്ക് ചെയ്തവ നിരോധനത്തിൽനിന്ന് കഴിഞ്ഞ ദിവസമാണ് ഒഴിവാക്കിയത്. ഇതോടെ സൂപ്പർ മാർക്കറ്റുകളിൽ ധാന്യങ്ങൾ മുതൽ എണ്ണ വരെ പ്ലാസ്റ്റിക് കവറുകളിൽ വിൽക്കുന്നതിന് തടസ്സം നീങ്ങി. ബ്രാൻഡഡ് ഇനങ്ങളെ മുഴുവൻ നിരോധനത്തിൽനിന്ന് നീക്കി. ഭക്ഷ്യ സാധനങ്ങളിൽ ബ്രാൻഡഡ് ഇനങ്ങൾ ഏറെയാണ്. ഇവയാകട്ടെ, കേരളത്തിന് പുറത്തുനിന്ന് വരുന്നവയാണ്. കയറ്റുമതിക്കായി നിർമിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങളെയും ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളെയും നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വിൽക്കുന്ന കവറുകൾ തിരിച്ചെടുക്കാമെന്ന് ഏതാനും സ്ഥാപനങ്ങൾ സർക്കാറിനെ അറിയിച്ചിരിക്കുകയാണ്. ബിവറേജസ്, കേരഫെഡ്, മിൽമ, ജല അതോറിറ്റി എന്നിവയാണ് എക്‌സ്റ്റെൻഡഡ് പ്രൊഡ്യൂസേഴ്‌സ് റെസ്‌പോൺസിബിലിറ്റി പ്രകാരം നടപടിയെടുക്കാമെന്ന് കരാറായത്. ഇതനുസരിച്ച് മിൽമയുടെ പാൽ കവറുകൾ മിൽമ തന്നെ ശേഖരിച്ച് സംസ്‌കരിക്കും. പ്രതിദിനം 13 ലക്ഷം ലിറ്റർ പാലിന് വേണ്ടി 20 ലക്ഷം പാക്കറ്റാണ് മിൽമ വിപണിയിലെത്തിക്കുന്നത്. വിദ്യാർഥികളെ ഉപയോഗിച്ച് കവർ ശേഖരിക്കാമെന്നാണ് മിൽമ അറിയിച്ചത്. ഹരിത കർമ സേന, ക്ലീൻ കേരള കമ്പനി എന്നിവ സംസ്‌കരിക്കുമെന്നും മിൽമ അറിയിച്ചിട്ടുണ്ടെങ്കിലും ഇത് യാഥാർഥ്യമാകുമോ എന്ന ആശങ്കയുണ്ട്. പാൽ വിതരണത്തിനായി വെൻഡിംഗ് മെഷീൻ ഉപയോഗിക്കാനും മിൽമക്ക് പരിപാടിയുണ്ട്.
വിവാഹങ്ങൾക്കും മറ്റും ഇപ്പോൾ കുടി വെള്ളം നൽകുന്നത് പ്ലാസ്റ്റിക് കുപ്പികളിലാണ്. ജനുവരി ഒന്നോടെ 300 മില്ലിക്ക് താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ അനുവദനീയമല്ല. 500 മില്ലിയുടെ പ്ലാസ്റ്റിക് ജാർ ആകാമെങ്കിലും അത് കമ്പനി തിരിച്ചെടുക്കണം. അതേസമയം ബ്രാന്റഡ് ജ്യൂസുകൾക്ക് നിരോധനമില്ല.