തിരുവനന്തപുരം- വിയോജിക്കുന്നവരെ ശാരീരികമായി ഉൻമൂലനം ചെയ്യുന്ന സഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നതെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി. തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകന്‍റെ വീട് സന്ദർശിക്കാനെത്തിയ അരുൺ ജെയ്റ്റ്‌ലി തുടർന്ന് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. സർക്കാറുകളുടെ ചുമതല ജനങ്ങളുടെ ക്ഷേമത്തിനാവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുക എന്നതാണ്. എന്നാൽ, അക്രമണത്തിന്റെ തോത് വർധിപ്പിക്കുക എന്നതാണ് കേരള സർക്കാർ സ്വീകരിക്കുന്നത്.
രാജ്യത്ത് ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകുമ്പോൾ അത് ആവർത്തിക്കാതിരിക്കാനുള്ള കാര്യങ്ങളാണ് സർക്കാർ സ്വീകരിക്കുന്നത്. എന്നാൽ, കേരളത്തിൽ പാർട്ടി പ്രവർത്തകരെയും ഓഫീസുകളും വീടുകളും അക്രമിക്കപ്പെടുന്നു. ആ സഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നത്. കേരളത്തിൽ അക്രമണം അവസാനിപ്പിക്കുന്നില്ല എന്ന് മാത്രമല്ല, വർധിക്കുന്നുവെന്നത് ദൗർഭാഗ്യകരമാണ്. അതേസമയം തന്നെ അക്രമങ്ങളോട് പൊതുരംഗത്തുള്ളവർ ഇരട്ടത്താപ്പ് സ്വീകരിക്കുന്നു. അക്രമങ്ങളിലൂടെ കേരളത്തിലെ ദേശീയപ്രസ്ഥാനത്തെ അടിച്ചമർത്താമെന്ന് ആരും കരുതേണ്ടതില്ല. അക്രമത്തിലൂടെ വിരട്ടാമെന്ന് ആരും കരുതരുതെന്നും ജെയറ്റ്‌ലി അറിയിച്ചു. കേന്ദ്ര നേതൃത്വത്തിന്‍റെ ഐക്യദാർഢ്യം അറിയിക്കാനാണ് ഇവിടെ എത്തിയതെന്നും അരുൺ ജെയ്റ്റ്‌ലി പറഞ്ഞു.