വർഷങ്ങൾക്ക് മുമ്പുള്ള ഒരു ഓണക്കാലം. ഓണാഘോഷത്തിന് കുറൂളി ചെക്കോൻ എന്ന പ്രൊഫഷണൽ നാടകത്തിലെ നായക വേഷം ചെയ്യാനാണ് സമിതിക്കൊപ്പം മുരളി നമ്പ്യാർ എന്ന നടൻ ആലപ്പുഴയിലെ ഒരു ഉത്സവപ്പറമ്പിൽ എത്തിയത്. ചെന്നിറങ്ങുമ്പോൾ അവിടെ വമ്പിച്ച ആൾക്കൂട്ടമായിരുന്നു. ഒരു അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ സ്റ്റേജിലേക്ക് ചാടിവീണ് മലക്കം മറിഞ്ഞ് കാണികളെ നോക്കി ഞാൻ കുറൂളിചെക്കോൻ എന്നു പറയുന്നതാണ് അദ്ദേഹത്തിന്റെ ആദ്യ സീൻ. അതിനായി സ്റ്റേജിലെത്തി മുന്നോട്ട് നോക്കിയപ്പോൾ അക്ഷരാർഥത്തിൽ അദ്ദേഹം അമ്പരന്നു പോയി. കാണിയായി സ്റ്റേജിന് മുന്നിൽ ഒരു കുട്ടി പോലുമില്ല! നാടകം ശ്രദ്ധിക്കാതെ ആളുകളൊക്കെ മറ്റു പല തിരക്കിലുമാണ്. അത് അദ്ദേഹത്തിന്റെ മനസ്സിൽ കടുത്ത നിരാ ശയുണ്ടാക്കി. കാണികൾക്ക് വേണ്ടെങ്കിൽ പിന്നെ നാടകമെന്തിന് കളിക്കണം എന്നാദ്യമായി മുരളി ചിന്തിച്ചു.
അമച്വർ-പ്രൊഫഷണൽ നാടകങ്ങൾ ജനകീയ കലാരൂപമെന്ന നില യിൽ നമ്മുടെ നാടിന്റെ നാഡീസ്പന്ദനമായി നിലകൊണ്ട്, നാട്ടുമ്പുറത്തിന്റെ നൻമകളിലേക്ക് ജ്വലിച്ചു പടർന്ന ഒരു കാലത്തിന്റെ സന്തതിയായിരുന്നു, മുരളി നമ്പ്യാർ. അന്ന് ആ നാടകങ്ങൾ ജനതയുടെ ഉണർവും ഉൻമേഷവുമായി. ഉത്സവപ്പറമ്പുകളിലും രാഷ്ട്രീയ-സാംസ്‌കാരിക പരിപാടികളിലുമെല്ലാം നാടകങ്ങൾ ഒഴിച്ചു കൂടാനാവാത്ത പ്രധാന ഘടകമായിരുന്നു. നാടകങ്ങളുടെ പേരിൽ ജാതി-മത-രാഷ്ട്രീയത്തിനപ്പുറം മനുഷ്യരിൽ ഐക്യവും സൗഹൃദവും ഹൃദയ ബന്ധങ്ങളും ഊഷ്മളമായി. പക്ഷേ, പിന്നീടെപ്പൊഴോ ജനമനസ്സുകളിൽ നിന്ന് നാടകം പടിയിറങ്ങിയപ്പോൾ കൂടെ ഇപ്പറഞ്ഞവയെല്ലാം കുടിയിറങ്ങി. നാടകങ്ങളെ ജനങ്ങൾ കൈവിടുന്നു എന്ന സത്യം മുരളി വേദനയോടെ മനസ്സിലാക്കുന്നത് ആലപ്പുഴയിലെ നാടക യാത്രയിലാണ്. ആയിടക്കാണ് നാടക സമിതിക്കാർ സഞ്ചരിച്ച വാൻ മറിഞ്ഞ് ഒപ്പമുണ്ടായിരുന്ന നാല് പേർ മരിക്കുന്നതും മുരളി ഉൾപ്പെടെയുള്ള പലർക്കും മാരകമായി പരിക്ക് പറ്റുന്നതും. അതോടെ പ്രൊഫഷണൽ നാടകങ്ങളോട് വിട പറയാൻ അദ്ദേഹം തീരുമാനിച്ചു.
പക്ഷേ, നാടകത്തെ പൂർണമായും ഉപേക്ഷിക്കാൻ മുരളിക്ക് ആവുമായിരുന്നില്ല. അതിനൊരു കാരണം നാടകത്തോടുള്ള കറകളഞ്ഞ കൂറു തന്നെ. മറ്റൊന്ന് നാടകമല്ലാതെ കാര്യമായി മറ്റൊരു തൊഴിലും അറിയില്ല എന്നതിനാൽ കഞ്ഞികുടി മുട്ടും എന്ന ചിന്തയും. ആ സമയത്താണ് ഒരിക്കൽ മുരളി, ഒരു ഏകപാത്ര നാടകം കാണാൻ ഇടയായത്. അദ്ദേഹത്തിന് നാടകം നന്നായി ഇഷ്ടപ്പെട്ടു. നടനും സുഹൃത്തുമായ ഒരാളോട് അങ്ങനെ ഒരു നാടകം രണ്ടാളെ വെച്ച് ചെയ്താലോ എന്ന് ചോദിച്ചു. സംഗതി നന്നെ ബോധിച്ച അയാൾ അഭിനയിക്കാനും തയാറായി. ആ ആശയവുമായി നാടക സംവിധായകനാ യ എം.കെ. സുരേഷ് ബാബു മാഷെ ചെന്നു കണ്ടു. മാഷാണ് എഴുത്തുകാരനായ ഡോ. പ്രദീപൻ പാമ്പിരിക്കുന്നിനെ പരിചയപ്പെടുത്തുന്നതും അത് രണ്ട് അഭിനേതാക്കൾ മാത്രമുള്ള തുന്നൽക്കാരൻ എന്ന നാടകത്തിന്റെ പിറവിക്ക് കാരണമാകുന്നതും.
മുരളിയും സുഹൃത്തും തുന്നൽക്കാരന്റെ റിഹേഴ്‌സൽ ആരംഭിച്ചു. വൈകാതെ നാട്ടിലെ ഒരു പാരലൽ കോളേജിൽ കളിക്കാൻ അതിന് ആദ്യ ബുക്കിങും കിട്ടി. അതിനനുസരിച്ച് നോട്ടീസും ബ്രോഷറും മറ്റും അടിച്ച് വിതരണവും തുടങ്ങി. പക്ഷേ, നാടക പരിശീലനം അവസാന ഘട്ടത്തിലായ ഒരു നാൾ മുരളിയുടെ സുഹൃത്ത് മുങ്ങി! മഷിയിട്ട് നോക്കിയിട്ടും പിന്നെ അയാളെ കാണാൻ കഴിഞ്ഞില്ല. ചുരുക്കിപ്പറഞ്ഞാൽ നോട്ടീസടിച്ച് വിളംബരം ചെയ്ത തുന്നൽക്കാരൻ എന്ന നാടകത്തിന്റെ കന്നി അരങ്ങേറ്റം പാതിവഴിയിൽ മുടങ്ങി. മുരളിയുടെ ജീവിതം ശരിക്കും വഴിമുട്ടി. നാടകമില്ല. വരുമാനവുമില്ല. അശാന്തമായ മനസ്സുമായി നക്ഷത്രമെണ്ണിപ്പോയ നാളുകൾ.
ആ സമയത്താണ് ഒരിക്കൽ സ്വന്തം നാടായ വടകരയിലെ മണിയൂരിൽ വെച്ച് യാദൃഛികമായി മുരളി സുഹൃത്തും നാട്ടുകാരനും പ്രൊഫഷണൽ നാടക നടനുമായ അശോകൻ പതിയാരക്കരയെ കാണുന്നത്. ഏറെ നാളുകൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ. വർഷങ്ങൾക്ക് മുമ്പ് നാട്ടിൻപുറത്തെ ക്ലബ്ബുകളിൽ നാടകം കളിച്ചു നടന്നിരുന്ന മുരളിയെ പ്രൊഫഷണൽ നാടക രംഗത്തേക്ക് കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. 1990 ൽ കോഴിക്കോട് സോമയുടെ ആങ്ങളത്തമ്പുരാൻ എന്ന നാടകത്തിൽ മുരളി എത്തുന്നത് അങ്ങനെയാണ്. അശോകൻ മുമ്പേ തന്നെ അവിടെ നടനായിരുന്നു. പിന്നീട് വേർപിരിഞ്ഞ് അവർ വടകര-വരദ, തിരുവനന്തപുരം-സംഘചേതന, സംഘകേളി, കോഴിക്കോട്-രംഗ ഭാഷ, എറണാകുളം-സാരസ്വത, ഖാൻ കാവിൽ നിലയം, അങ്കമാലി-നാടക നി ലയം തുടങ്ങി അനേകം നാടക ട്രൂപ്പുകളിൽ പ്രവർത്തിച്ചെങ്കിലും സൗഹൃദം മുറിഞ്ഞു പോയില്ല. നടൻമാർ എന്ന നിലയിൽ തിരക്ക് വർധിച്ചതോടെ തമ്മിൽ കാണുക അപൂർവമായി എന്നു മാത്രം.
കണ്ടപ്പോൾ രണ്ടുപേർക്കും വലിയ സന്തോഷമായി. അശോകൻ അന്ന് വലിയ തിരക്കുള്ള പ്രൊഫഷണൻ നാടകക്കാരനാണ്. കുശലം പറച്ചിലിന് ശേഷം മുരളി വെറുതെ തുന്നൽക്കാരന്റെ കാര്യം എടുത്തിട്ടു. കളിക്കാൻ ആളില്ലാതെ റിഹേഴ്‌സൽ മുടങ്ങി നാടകം ത്രിശങ്കുവിൽ നിൽക്കുന്ന കാര്യവും സൂചിപ്പിച്ചു. രണ്ടു പേരുള്ള നാടകം എന്ന ആശയവും നാടകത്തിന്റെ പ്രമേയവും തനിക്കിഷ്ടപ്പെട്ടു എന്ന് അശോകൻ പറഞ്ഞു. അപ്പോൾ തോന്നിയ ഒരാവേശത്തിന് മുരളി ചോദിച്ചു- രണ്ടിലൊരു വേഷം അതിൽ അഭിനയിച്ചുകൂടെ? ഒരു നിമിഷം അശോകൻ, മുരളിയുടെ മുഖത്തേക്ക് നോക്കി പിന്നെ, ആ ക്ഷണം കിട്ടാൻ കാത്തിരിക്കയായിരുന്നു എന്ന് തോന്നും വിധം ഒന്നു ചിരിച്ച്, സമ്മതം മൂളി. തുന്നൽക്കാരനിൽ അഭിനയിക്കാനുള്ള ആ തീരുമാനം സത്യത്തിൽ അവർ രണ്ടുപേരുടെയും ജീവിതം മാറ്റിമറിക്കുകയായിരുന്നു.
2009 ൽ കൊയിലാണ്ടി ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു തുന്നൽ ക്കാരന്റെ അരങ്ങേറ്റം. അവതരണം മണിയൂർ അകം നാടകവേദി. ഒരു മേഗാ സ്റ്റേജായിരുന്നു അവിടെ ഒരുക്കിയത്. എന്നാൽ അതിന്റെ ഒരു കോണിലെ ചെറിയൊരു സ്ഥലം മാത്രം മതിയായിരുന്നു അവർക്ക് നാടകം കളിക്കാൻ. ഒരു കസേര, മേശ, പിന്നൊരു കർട്ടനുമായിരുന്നു അവരുടെ ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ നാടകത്തിന്റെ ആകെ സന്നാഹം. പുറത്ത് മഴ തിമർത്ത് പെയ്ത് ഒന്ന് ശാന്തമായ നേരത്താണ് നാടകം തുടങ്ങുന്നത്. എന്നിട്ടും സ്റ്റേഡിയത്തിൽ കാണികൾ തിങ്ങി നിറഞ്ഞു. നാടകത്തിൽ കുഞ്ഞയ്യപ്പൻ എന്ന കേന്ദ്ര കഥാപാത്രത്തെ അശോകനും കുഞ്ഞയ്യപ്പന്റെ ഭാര്യയായ നളിനിയായി മുരളിയും അഭിനയിച്ച് തകർത്തു (നളിനിയെ കൂടാതെ 8 വേഷങ്ങൾ കൂടി മുരളി ഈ നാടകത്തിൽ ചെയ്യുന്നുണ്ട്). കാണികളുടെ അഭൂതപൂർവമായ കൈയടി അശോകനും മുരളിക്കും നൽകിയ ആവേശം ചില്ലറയല്ല; ആത്മവിശ്വാസവും. പിന്നീടവർക്ക് ജീവിതത്തിൽ ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
കഴിഞ്ഞ 10 വർഷത്തിനിടയിൽ തുന്നൽക്കാരൻ കയറിയത് 3000 ത്തിലേറെ സ്റ്റേജുകളാണ്. കേരളത്തിൽ മിക്കയിടത്തും കളിച്ചു. കൂടാതെ കോയമ്പത്തൂരിലും ചെന്നൈയിലും ദൽഹിയിലും മുംബൈയിലും ബംഗളൂരുവിലും പിന്നെ ബഹറൈനിലും യു.എ.ഇയിലും എത്തി. കളിച്ച ഇടങ്ങളിലെല്ലാം കാണികൾ നാടകത്തെ ഹാർദവമായി വരവേറ്റു. മിക്കയിടത്തും നാടകം തീരുമ്പോൾ കാണികൾ നേരിട്ടെത്തിയാണ് അഭിനന്ദിച്ചത്. പലയിടത്തും ആളുകൾ അവരെ നോട്ടുമാലയിട്ടു സ്വീകരിച്ചു. പാന്റും ഷർട്ടും നൽകിയവരുണ്ട്. കാഷ് അവാർഡുകളും മെമന്റോകളും ഷാളുകളും കൊടുത്തവരുമുണ്ട്. പ്രൊഫഷണൽ നാടക ത്തിന് പോയ കാലത്ത് ഒരിടത്തു നിന്നും ഒരിക്കലും കിട്ടാത്തതായിരുന്നു അവർക്ക് ഈ അനുഭവങ്ങൾ. എയ്ഡ്‌സ് ബോധവൽക്കരണം, ആത്മഹത്യക്കെതിരെയുള്ള സന്ദേശ പ്രചാരണം എന്നിവക്കായും ഈ നാടകം വ്യാപകമായി ഉപയോഗിക്കപ്പെട്ടു. വടകരയിലും പരിസരത്തുമുള്ള പല കല്യാണ വീടുകളിലും അരങ്ങേറി എന്ന പ്രത്യേകതയും തുന്നൽക്കാരൻ എന്ന നാടകത്തിനുണ്ട്. അത് പുതിയൊരു ട്രെന്റ് സെറ്റായി.
ജനങ്ങളുടെ മനസ്സിൽ തൊടുന്ന ശക്തമായ പ്രമേയവും ഏതു ചെറിയ സ്ഥലത്തും കളിക്കാം എന്ന സൗകര്യവുമാണ് ഈ നാടകത്തിന്റെ പ്രത്യേകത. താരതമ്യേന ചെലവും കുറവ്. വലിയ വെളിച്ച സംവിധാനമോ കാര്യമായ മെയ്ക്കപ്പോ ഒന്നും ആവശ്യവുമില്ല. പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ കളിക്കാനും പറ്റും. ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന രീതിയിലായിരുന്നു തുന്നൽക്കാരന്റെ ട്രീറ്റ്‌മെന്റ്. കാണികളെ തന്നെ നാടകത്തിന്റെ ഭാഗമാക്കിക്കൊണ്ടാണ് കഥ മുന്നേറിയത്. തങ്ങൾ കൂടി ഉൾപ്പെട്ടതാണ് നാടകം എന്ന ബോധം ജനിപ്പിച്ചതുകൊണ്ട് ജനം കൈമെയ് മറന്ന് നാടകത്തെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ ഒരിടക്ക് നാട്ടിൻപുറങ്ങളിൽ നിന്നും തിരസ്‌കരിക്കപ്പെട്ട നാടകം എന്ന കലാരൂപത്തെ വീണ്ടെടുത്ത് അതിനെ ജനകീയവൽക്കരിക്കുന്നതിൽ ഈ നടൻമാർ വലിയ പങ്കുവഹിച്ചു.
അരങ്ങിൽ അഭിനയത്തിന്റെ അനർഘ മുഹൂർത്തങ്ങൾ അനായാസം ആവാഹിക്കുക വഴി ആളുകളെ വശീകരിക്കാനുള്ള അസാധാരണ സിദ്ധിവൈഭവം സ്വായത്തമാക്കിയ രണ്ട് നടന വിസ്മയങ്ങളാണ് മുരളിയും അശോകനും. തുന്നൽക്കാരൻ എന്ന നാടകം അതിന് ഏറ്റവും നല്ല ഉദാഹരണമാണ്. ആ നാടകത്തോടെ അവർ പ്രൊഫഷണൽ നാടകങ്ങളോട് പൂർണമായും വിട പറഞ്ഞു. ജീവിതത്തിൽ തങ്ങൾക്ക് എല്ലാ സൗഭാഗ്യങ്ങളും നേടിത്തന്നത് ഈ നാടകമാണ് എന്നവർ വ്യക്തമാക്കി. അതിൽ തങ്ങൾക്ക്, നാടകകൃത്ത് (അന്തരിച്ച) പ്രദീപൻ പാമ്പിരിക്കുന്നിനോടും സംവിധായകൻ സുരേഷ് ബാബു മാഷോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട് എന്നവർ പറഞ്ഞു. എല്ലാ അർഥ ത്തിലും നിന്ന നിലയിൽ നിന്നും ആ നാടകം അവരെ എടുത്തുയർത്തി. പണത്തിന് പണം. പ്രശസ്തിക്ക് പ്രശസ്തിയും!
തുന്നൽക്കാരന്റെ അഭൂതപൂർവമായ വിജയത്തെ തുടർന്ന് രണ്ട് കഥാപാത്രങ്ങളുള്ള മറ്റു ചില നാടകങ്ങളിലും ഇവർ അഭിനയിച്ചു. മണിയൂർ അകം നാടകവേദി തന്നെ ഒരുക്കിയ കള്ളനും പോലീസും, ബ്രോക്കർ, പ്രവാസി, വ ടകര നാടക ഭൂമിയുടെ ഒഞ്ചിയം വിപ്ലവ നായകൻ മണ്ടോടി കണ്ണന്റെ കഥ പറഞ്ഞ-മണ്ടോടി പറയുന്നു, ഒഞ്ചിയം എന്റെ ചുവന്ന മണ്ണ് എന്നിവയാണ് ആ നാടകങ്ങൾ.
ആയിരത്തിലേറെ സ്റ്റേജുകൾ അവയും പിന്നിട്ടു കഴിഞ്ഞു. ആ നാടകങ്ങളിൽ ഒമ്പതും പത്തും പതിനെട്ടും കഥാപാത്രങ്ങളെ വരെ ഈ നടൻമാർ അവതരിപ്പിക്കുന്നുണ്ട്. മടുപ്പും മുഷിപ്പുമില്ലാതെ കാണികൾ ആ ഭാവപ്പകർച്ചകൾ തികഞ്ഞ കൈയടിയോടെ സ്വീകരിച്ചു. അതിന്റെ പിൻബലത്തിൽ അവർ അരങ്ങിൽ അത്ഭുതം പോലെ ഇപ്പോഴും ആടിത്തിമർക്കുന്നു. കഴിഞ്ഞ 29 വർഷമായി അനുസ്യൂതം തുടരുന്ന അഭിനയ സപര്യയാണത്.
നാടകങ്ങൾ ആവേശകരമായ ഒരുപിടി അനുഭവങ്ങൾ ഈ കലാകാരൻമാർക്ക് നൽകിയിട്ടുണ്ട്. ഉദാഹരണത്തിന് മണ്ടോടി പറയുന്നു, ഒഞ്ചിയം എന്റെ ചുവന്ന മണ്ണ് എന്ന നാടകം. കണ്ണൂരിന്റെ പല ഭാഗത്തും ആ നാടകം കളിക്കുമ്പോൾ സ്ത്രീകൾ കരയുന്നതും വികാരാവേശത്തോടെ വിതുമ്പുന്നതും അവർ കണ്ടിട്ടുണ്ട്. നാടകത്തിൽ കണ്ണനെ ഉപദ്രവിച്ച പോലീസുകാരനെ (അശോകൻ) കാണികൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. നാടകം കളിക്കുന്നവരും കാണികളും തമ്മിലുള്ള ഒരു താദാത്മ്യം പ്രാപിക്കലാണത്. ഒരു നടന് അതിൽപരം ആഹ്ലാദവും അംഗീകാരവും മറ്റെന്താണ് കിട്ടാനുള്ളത്? 2013 ന് വടകര ടൗൺഹാളിലായിരുന്നു നാടകത്തിന്റെ അരങ്ങേറ്റം. പിണറായി വിജയനായിരുന്നു ഉദ്ഘാടനം. സദസ്സിൽ ഇന്നത്തെ എക്‌സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ, സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാഷ്, പി.സതീദേവി തുടങ്ങിയ പ്രമുഖരുണ്ട്. ടൗൺ ഹാളിന്റെ ചരിത്രത്തിൽ ഒരു നാടകം കാണാൻ ഇത്രയധികം തിക്കുംതിരക്കും ആദ്യമായിട്ടായിരുന്നു. 6 മണിക്ക് തുടങ്ങുന്ന നാടകത്തിന് 4 മണിയോടെ തന്നെ ഹാൾ നിറഞ്ഞു കവിഞ്ഞു. പുറത്ത് പിന്നെയും ആളുകൾ ബാക്കി. അവർക്കു കാണാൻ സംഘാടകർ വലിയ ടി.വി സ്‌ക്രീൻ ഒരുക്കി. തുടർന്നും ആളുകൾ വരുന്നതു തടയാൻ 5.30 ന് തന്നെ പുറത്തെ പ്രധാന ഗേറ്റ് അടച്ചു കളഞ്ഞു. കാണികളുടെ ആർത്തിരമ്പുന്ന ആവേശം സൃഷ്ടിച്ച അലകടലിലായിരുന്നു അന്നവർ നാടകം കളിച്ചത്. ആ അനുഭവങ്ങളൊന്നും തങ്ങൾക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് മുരളിയും അശോകനും പറഞ്ഞു.
കമലിന്റെ പുതിയ ചിത്രമായ പ്രണയ മീനുകളുടെ കടലിൽ അഭിനയിച്ച് സിനിമയിലും തന്റെ സാന്നിധ്യം ഉറപ്പിക്കുകയാണ് ഇപ്പോൾ അശോകൻ പതിയാരക്കര. സിനിമ കണ്ടവർക്ക് അദ്ദേഹത്തിന്റെ ഉരു ബ്രോക്കർ മുത്തുക്കോയ എന്ന കഥാപാത്രത്തെ അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല. 2018 ലിറങ്ങിയ പപ്പൻ നരിപ്പറ്റയുടെ കരിങ്കണ്ണൻ എന്ന സിനിമയിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങിയ കാലം മുതലേ സിനിമ ഒരു സ്വപ്‌നമായിരുന്നു. അതിനായി നിരവധി ഓഡിഷനുകളിൽ പങ്കെടുക്കുകയും ചെയ്തു. ചിലർ തിരസ്‌കരിച്ചു. പലരും അവഗണിക്കുകയും അവഹേളിക്കുകയും ചെയ്തു. പക്ഷേ, അതൊന്നും അശോകന്റെ സിനിമാ മോഹത്തെ തളർത്തിയില്ല. പ്രണയ മീനുകളുടെ കടൽ അതിന് തെളിവാണ്. ചില പുതിയ സിനിമ കളിൽ കൂടി അവസരങ്ങൾ പറഞ്ഞുറപ്പിച്ചതിന്റെ ആഹ്ലാദത്തിലാണ്, ഇപ്പോൾ അശോകൻ പതിയാരക്കര.
പ്രണയ മീനുകളുടെ കടലിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഏറെ നാൾ അശോകൻ ലക്ഷദ്വീപിലായിരുന്നു. ആ സമയത്താണ് മുരളി, ഒറ്റ കഥാപാത്രമുള്ള ഒരു നാടകത്തിൽ അഭിനയിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ നീതിന്യായം എന്ന കഥയാണ് നാടകത്തിന് ആധാരം. അതിൽ മുരളി, അബ്ദുൾ റസാക് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയും മറ്റു വേഷങ്ങൾ പകർന്നാടുകയും ചെയ്തു. കാണികളിൽ നിന്നും നല്ല സ്വീകരണമാണ് ആ നാടകത്തിനും കിട്ടിയത്.
നാടകത്തോടൊപ്പം സിനിമയിൽ അഭിനയിക്കാനുള്ള ശ്രമങ്ങളും മുരളി നടത്തുന്നുണ്ട്. അതിനായി ചില ഓഡിഷനുകളിൽ പങ്കെടുക്കുകയും അതിന്റെ ഫലം വരാൻ കാത്തിരിക്കുകയുമാണ് അദ്ദേഹം. അതേസമയം നാടകം കൈവിടാതെ സിനിമ ചെയ്യണമെന്നാണ് മുരളിയുടെയും അശോകന്റെയും ആഗ്രഹം.