റിയാദ്- ഏറെ കാലത്തിന് ശേഷം പുനരാരംഭിച്ച എത്യോപ്യൻ ഗാർഹിക തൊഴിൽ വിസ വിതരണം തൊഴിൽ മന്ത്രാലയം നിർത്തിവെച്ചു. വിസ അയച്ചുകൊടുത്തിട്ടും നടപടികളിലെ കാലതാമസവും തൊഴിലാളികളെ അയക്കാൻ വൈകുന്നതും വിസകൾ കെട്ടിക്കിടക്കുന്നതുമാണ് പുതിയ വിസ അനുവദിക്കുന്നത് നിർത്തിവെക്കാൻ കാരണമായത്. അതേസമയം എത്യോപ്യയിൽ നിന്നുള്ള തൊഴിലാളികളെ ആവശ്യമുണ്ടെന്ന് ധാരാളം അഭ്യർഥനകളുണ്ടെന്നും വിസ വിതരണം പുനരാരംഭിക്കണമെന്നും റിക്രൂട്ട്‌മെന്റ് ഏജൻസികൾ ആവശ്യപ്പെട്ടു.
രാജ്യത്തെ ഗാർഹിക തൊഴിലാളികളിൽ 20 ശതമാനം എത്യോപ്യക്കാരാണ്. റിക്രൂട്ട്‌മെന്റ് ചെലവ്, ശമ്പളം എന്നിവ മറ്റു രാജ്യക്കാരെ അപേക്ഷിച്ച് എത്യോപ്യക്കാർക്ക് കുറവാണെന്ന് റിക്രൂട്ട്‌മെന്റ് സ്ഥാപനയുടമയായ ഹുസൈൻ അൽഹാരിസി പറഞ്ഞു. വിസ നിർത്തിവെച്ചതിന്റെ കാരണം തൊഴിൽ മന്ത്രാലയം വ്യക്തമാക്കണമെന്നും ഫിലിപ്പൈൻസ്, ശ്രീലങ്ക തുടങ്ങിയ മറ്റു രാജ്യങ്ങൾക്ക് മേലുള്ള സമ്മർദം കുറക്കാൻ വിസ അനുവദിക്കൽ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എത്യോപ്യൻ സർക്കാറിന്റെ ഭാഗത്ത് നിന്ന് വിസാ നടപടിക്രമങ്ങൾക്ക് രണ്ടാഴ്ചയിലധികം സമയമെടുക്കുന്നുണ്ടെന്നും ഇത് വിസാ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും മറ്റു രാജ്യക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് കാരണമാകുന്നതിനാൽ എത്യോപ്യൻ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മറ്റൊരു റിക്രൂട്ട്‌മെന്റ് ഓഫീസ് ഉടമ അബ്ദുറഹ്മാൻ അൽജാബിരി പറഞ്ഞു.
തൊഴിലാളികളുടെ മിനിമം ശമ്പളം 1200 റിയാലാക്കി എത്യോപ്യൻ സർക്കാർ നിശ്ചയിച്ചതാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണം. അതോടൊപ്പം റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ ഗാരന്റിയും നൽകണം. തൊഴിലാളികൾ കേസുകളിൽ പെട്ടിട്ടുണ്ടോയെന്നും തൊഴിൽ ചെയ്യാൻ യോഗ്യരാണോയെന്നതടക്കമുള്ള റിക്രൂട്ട്‌മെന്റ് കരാറിലെ വ്യവസ്ഥകൾ എത്യോപ്യൻ സർക്കാർ പാലിക്കുന്നതുമാണ് റിക്രൂട്ട്‌മെന്റ് വൈകാൻ കാരണമാകുന്നത്.