റിയാദ്- ലെവിയടക്കമുള്ള ഫീസുകളെ കുറിച്ച് നിർദേശങ്ങൾ സമർപ്പിക്കുമ്പോൾ അതു വഴിയുണ്ടാകുന്ന സാമൂഹിക, സാമ്പത്തിക ആഘാതങ്ങൾ പഠിക്കണമെന്ന് വിവിധ സർക്കാർ വകുപ്പുകളോട് മന്ത്രിസഭ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നിർദേശം ഇന്നലെ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ലെവിയിലും മറ്റു ചാർജുകളിലും മാറ്റം വരുത്താനുള്ള നിർദേശം നിലവിലുള്ളതിനേക്കാൾ സാമ്പത്തിക ബാധ്യതയുണ്ടാക്കുമോയെന്നും സർക്കാറിന്റെ സാമ്പത്തിക സന്തുലിതാവസ്ഥ പദ്ധതിക്ക് തടസ്സമാവുമോയെന്നും പരിശോധിച്ചുറപ്പു വരുത്തണം. 2020 ൽ പുതിയ ഫീസുകൾ നടപ്പാക്കില്ലെന്ന് നേരത്തെ സർക്കാർ പ്രഖ്യാപിച്ചതാണ്. എന്നാൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സംരക്ഷിക്കുകയും രാജ്യത്ത് നിക്ഷേപാന്തരീക്ഷം ഉറപ്പു വരുത്തുകയും വേണം.
സ്വകാര്യ മേഖല നേരിടുന്ന വെല്ലുവിളികൾ, ആവശ്യമായ സഹായം എന്ന പേരിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയം നേരത്തെ ഉന്നത ഭരണ നേതൃത്വത്തിന് മുന്നിൽ ചില ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് വികസന, സാമ്പത്തിക സമിതിയുടെ പ്രത്യേക കമ്മിറ്റിയുണ്ടാക്കുകയും സ്വകാര്യ മേഖല നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പഠിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. എല്ലാ പ്രശ്‌നങ്ങളെയും പഠിച്ച് നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് കമ്മിറ്റിക്ക് നിർദേശം ലഭിച്ചിരിക്കുന്നത്.