തിരുവനന്തപുരം- കേരളത്തിൽ ആസൂത്രിതമായ ആക്രമണം നടത്തി വ്യാജപ്രചാരണം നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. കേരളത്തിനെതിരായ ബി.ജെ.പിയുടെ പ്രചരണത്തിനെതിരെ രക്തസാക്ഷി കുടുംബങ്ങളെ അണിനിരത്തി സി.പി.എം സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. കേരളത്തിൽ കൊലപാതകങ്ങൾ കൂടിയത് ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ വന്നു പോയതിന് ശേഷമായിരുന്നുവെന്നും കോടിയേരി ആരോപിച്ചു. തിരുവനന്തപുരത്ത് ഈയിടെ ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെടാൻ കാരണം രാഷ്ട്രീയ സംഘർഷത്തിന്റെ ഭാഗമായല്ലെന്നും വ്യക്തിപരമായ തർക്കങ്ങളുടെ പേരിലായിരുന്നുവെന്നും കോടിയേരി പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ വീട്ടിലേക്ക് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി വരുന്നത് ജനങ്ങളുടെ പണം കൊണ്ടാണ്. നിഷ്പക്ഷനായ മന്ത്രിയാണെങ്കിൽ കൊല്ലപ്പെട്ട എല്ലാ വിഭാഗം ആളുകളുടെയും വീട്ടിൽ വരണമായിരുന്നു. മുഴുവൻ ജനങ്ങളെയും ഒരുപോലെ കാണാൻ മന്ത്രി തയ്യാറാകണം.
കേരളത്തിലെ മന്ത്രിമാർ ഈ നിഷ്പക്ഷത കാണിച്ചിട്ടുണ്ട്. വ്യോമസേന ഉദ്യോഗസഥനായ അച്യുദേവിന്റെ വീട്ടിൽ സന്ദർശനം നടത്താൻ പോലും മന്ത്രി തയ്യാറാകുന്നില്ല. അച്യുദേവിന്റെ മൃതദേഹം പോലും ഇതേവരെ കൊടുക്കാൻ കഴിഞ്ഞിട്ടില്ല. മരണപ്പെട്ട സൈനികന്റെ വീട്ടിൽ പോകാൻ തയ്യാറാകാത്ത കേന്ദ്രമന്ത്രിക്ക് പോകാൻ നേരമില്ല. കൊല്ലപ്പെട്ട സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കാൻ പോലും തയ്യാറാകാതെയാണ് രാഷ്ട്രീയ നേട്ടത്തിനായി മന്ത്രി ഒരുങ്ങിപ്പുറപ്പെട്ടത്. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്നും കോടിയേരി പറഞ്ഞു. ഈ ഗവൺമെന്റിനെ പിരിച്ചുവിടുമെന്ന് ഇണ്ടാസ് കാണിച്ച് പേടിപ്പിക്കരുത്. ഇനി പിരിച്ചുവിട്ടാലും ഇപ്പോഴുള്ളതിനേക്കാളും സീറ്റ് നേടി ഭരണത്തിൽ തിരിച്ചുവരാൻ ഇടതുമുന്നണിക്ക് സാധിക്കും. ബി.ജെ.പിക്ക് ഇപ്പോഴുള്ള ഒരു സീറ്റ് പോലും അടുത്ത തെരഞ്ഞെടുപ്പിൽ ലഭിക്കില്ലെന്നും കോടിയേരി പറഞ്ഞു.