തിരുവനന്തപുരം- പ്രവാസികളോടുള്ള വാഗ്ദാനങ്ങളൊന്നും പാലിക്കാൻ തയ്യാറാകാത്ത കേരള സർക്കാർ നടത്തുന്ന ലോക കേരള സഭയുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ലോക കേരള സഭയിൽ പ്രഖ്യാപിച്ച ഒരു വാഗ്ദാനവും പാലിക്കാൻ സംസ്ഥാന സർക്കാറിന് ആയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ഒന്നാം കേരള സഭയിൽ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടന്നില്ലെന്ന് പട്ടിക വായിച്ച് ചെന്നിത്തല വ്യക്തമാക്കി. ശങ്കരനാരായണൻ തമ്പി ഹാൾ പതിനാറ് കോടി രൂപ ചെലവിട്ട് നവീകരിച്ചത് മാത്രമാണ് കേരള സഭയുടെ ഭാഗമായി ചെയ്തത്. ഒന്നാം കേരള സഭ ചേരുന്ന കാലത്ത് 1.85 കോടി രൂപ ചെലവിട്ട് നവീകരിച്ചാണ് ഈ ഹാൾ വീണ്ടും നവീകരിച്ചത്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോഴാണ് ഈ നവീകരണം നടക്കുന്നത്. ഈ ഹാളിലെ കസേര പോലും ഇപ്പോൾ എവിടെയാണെന്ന് പോലും അറിയില്ല. മണലാര്യണത്തിൽ ആടുജീവിതം നയിക്കുന്നവരുടെ പേരിൽ ആർഭാട ജീവിതം നയിക്കുകയാണ് എൽ.ഡി.എഫ്. ബഹ്‌റൈനിൽ നടത്തിയ പ്രഖ്യാപനവും മുഖ്യമന്ത്രി പാലിച്ചിട്ടില്ല. ജോലി നഷ്ടപ്പെട്ട് മടങ്ങി വരുന്നവർക്ക് ആറുമാസം സാമ്പത്തിക സഹായം നൽകുമെന്നത് അടക്കമുള്ള ഒരു വാഗ്ദാനവും പാലിച്ചില്ലെന്നും ചെന്നിത്തല ആരോപിച്ചു.