കണ്ണൂർ- പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് ഗവർണർ ആരഫ് മുഹമ്മദ് ഖാൻ നടത്തിയ പ്രസ്താവനക്കെതിരെ ഗവർണർ പങ്കെടുത്ത ചരിത്ര കോൺഗ്രസ് വേദിയിൽ വൻ പ്രതിഷേധം. ഗവർണർക്കെതിരെ പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം വിളിച്ചാണ് സ്ത്രീകളടക്കമുള്ളവർ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധം കൊണ്ട് തന്നെ നിശബ്ദനാക്കാൻ പറ്റില്ലെന്ന് ഗവർണർ വ്യക്തമാക്കി. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാൻ പോലീസ് ശ്രമിച്ചെങ്കിലും കെ.കെ രാഗേഷ് എം.പി ഇടപെട്ട് തടഞ്ഞു. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ആളാണ് താനെന്നും ഭരണഘടന സംരക്ഷിക്കാൻ വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്നും പറയുകയും ഇത് രാഷ്ട്രീയ പ്രശ്‌നമാണെന്നും അതിൽ ഇടപെടില്ലെന്നും പറഞ്ഞ് പ്രസംഗം തുടങ്ങിയ ഗവർണർ പിന്നീട് പ്രസംഗത്തിൽ ഉടനീളം പ്രതിഷേധക്കാരെ കുറ്റപ്പെടുത്തുന്ന രീതിയിലാണ് പ്രസംഗിച്ചത്.
ഇതോടെ വേദിയുടെ മുൻനിരയിൽ ഇരിക്കുകയായിരുന്ന ജാമിഅ മില്ലിയ സർവകലാശാലയിലെ രണ്ട് വിദ്യാർത്ഥികൾ ' റിജക്ട് സി.എ.എ' എന്നഴുതിയ പ്ലക്കാർഡുമായി എഴുന്നേറ്റു നിന്നു. ഇത് പിന്നീട് കൂടുതൽ പേർ ഏറ്റെടുക്കുകയും ഗവർണർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ തടയരുതെന്നും അവർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും ആദ്യ ഘട്ടത്തിൽ ഗവർണർ പറഞ്ഞെങ്കിലും പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ പ്രതിഷേധത്തിന് അക്രമത്തിന്റെ സ്വഭാവം വന്നെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. ഇതോടെ പോലീസ് എത്തി പ്രതിഷേധക്കാരെ നീക്കി.
ഭരണഘടനയെ സംരക്ഷിക്കുകയാണ് തന്റെ ഉത്തരവാദിത്തമെന്നും ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു നിയമത്തേയും അനുകൂലിക്കില്ലെന്നും ആദ്യ ഘട്ടത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമത്തിലെ നിലപാടിൽ ചർച്ചയ്ക്ക് വരാൻ ആരും തയ്യാറാകുന്നില്ലെന്നും പൗരത്വ നിയമത്തിന്റെ പേരിൽ തനിക്കെതിരെ പ്രതിഷേധിച്ച രാഷ്ട്രീയ കക്ഷികളാരും ചർച്ച ചെയ്യാൻ വന്നില്ലെന്നും ഗവർണർ കുറ്റപ്പെടുത്തിയിരുന്നു. ചർച്ചയ്ക്കും വാദപ്രതിവാദത്തിനുമുള്ള അവസരം ഇല്ലാതാക്കുമ്പോൾ അത് വഴിതുറന്നുകൊടുക്കുക അക്രമത്തിന് മാത്രമാണെന്നും ഗവർണർ പറഞ്ഞിരുന്നു.