ജിദ്ദ- ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിലേക്ക് ഏഴ് സർവീസുകൾ മാറ്റിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അഞ്ച് അന്താരാഷ്ട്ര സർവീസുകളും രണ്ട് ആഭ്യന്തര സർവീസുകളുമാണ് ഞായറാഴ്ച മുതൽ ഇവിടെനിന്ന് സർവീസ് നടത്തുക.
സൗദി എയർലൈൻസിന്റെ ദമാം, അൽഖസീം എന്നീ ആഭ്യന്തര സർവീസുകളും കയ്‌റോ, ബെയ്‌റൂത്ത്, ഖാർത്തൂം, കുവൈത്ത്, നൈറോബി എന്നീ അന്താരാഷ്ട്ര സർവീസുകളുമാണ് ടെർമിനൽ ഒന്നിലേക്ക് മാറുന്നത്. ഇതോടെ പുതിയ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളുടെ എണ്ണം 42 ആയി.
സൗദി എയർലൈൻസിന്റെയും മറ്റു വിമാന കമ്പനികളുടെയും സഹകരണത്തോടെയാണ് ടെർമിനൽ ഒന്നിലേക്ക് സർവീസുകൾ മാറ്റിക്കൊണ്ടിരിക്കുന്നതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി പറഞ്ഞു. സൗദി എയർലൈൻസിന് മാത്രം 35 സർവീസുകളാണ് ഈ ടെർമിനലിൽ നിന്നുള്ളത്.