കോട്ടയം - തോമസ് ചാണ്ടിയുടെ നിര്യാണത്തോടെ എൻ.സി.പിയിലെ അധികാര സമവാക്യങ്ങൾ മാറിയേക്കും.
പാലായിൽ നിന്നുളള നിയമസഭാംഗം മാണി സി. കാപ്പൻ മന്ത്രി പദത്തിലേക്കും എ.കെ. ശശീന്ദ്രനെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കുമെന്നുമാണ് പുതിയ റിപ്പോർട്ടുകൾ. പാലായിലെ എൻ.സി.പി അണികൾ തന്നെയാണ് ഇത്തരത്തിലുളള പ്രചാരണത്തിന് പിന്നിലെങ്കിലും അത്തരത്തിലേക്ക് കാര്യങ്ങൾ എത്തുന്നതിനുളള സാധ്യത നേതാക്കൾ തള്ളിക്കളയുന്നുമില്ല.
ഹണിട്രാപ്പ് വിവാദത്തെ തുടർന്ന് മന്ത്രി സ്ഥാനത്തു നിന്നും മാറിയ ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിൽ കൊണ്ടുവരുന്നതിനോട് ഇടതുമുന്നണിയിലെ പല കക്ഷികൾക്കും പ്രത്യേകിച്ച് സി.പി.ഐയ്ക്ക് വിയോജിപ്പുണ്ടായിരുന്നു. എന്നാൽ തോമസ് ചാണ്ടി റിസോർട്ട് കൈയേറ്റ വിവാദത്തിൽ അകപ്പെട്ടതോടെ മറ്റൊരു പേര് പരിഗണിക്കാനില്ലാതെ വന്ന സാഹചര്യത്തിലാണ് ശശീന്ദ്രന് വീണ്ടും നറുക്ക് വീണത്. ഇടതുമുന്നണിയിലെ ഘടക കക്ഷിയായ എൻ.സി.പിയെ ഏറെ നാൾ മന്ത്രിപദത്തിൽ നിന്നും മാറ്റിനിർത്തുന്നത് ശരിയല്ലെന്ന് വാദം ബലപ്പെട്ടതോടെയാണ് ശശീന്ദ്രന്റെ രണ്ടാം വരവിന് കളം ഒരുങ്ങിയത്.
എന്നാൽ പാലാ തെരഞ്ഞെടുപ്പിലെ മാണി സി. കാപ്പന്റെ വിജയത്തെ ഇടതുമുന്നണി തങ്ങളുടെ മധ്യകേരളത്തിലേക്കുളള കടന്നുവരവായാണ് കാണുന്നത്. കോട്ടയം ജില്ലയിൽ ഇടതുമുന്നണിക്ക് കാര്യമായ വിജയങ്ങൾ ഇതുവരെ അപ്രാപ്യമായിരുന്നു. കെ.എം. മാണി അഞ്ചു പതിറ്റാണ്ട് എം.എൽ.എയായിരുന്ന പാലായിലെ ഉപതെരഞ്ഞെടുപ്പിൽ മാണി സി. കാപ്പൻ നേടിയ വിജയം ഇടതുമുന്നണിക്ക് വൻ രാഷ്ട്രീയ നേട്ടമായി. ഇത് നിലനിർത്താൻ കാപ്പനെ മന്ത്രിസഭയിൽ എത്തിക്കുന്നത് നന്നായിരിക്കുമെന്നാണ് പൊതുവിലയിരുത്തൽ. പാലായിലെ വിജയം കോട്ടയത്തെ മറ്റു മണ്ഡലങ്ങളിലും ആവർത്തിക്കാൻ കാപ്പനെ പ്രധാന പദവിയിലേക്ക് എത്തിക്കുന്നതിലൂടെ സാധിക്കുമെന്നാണ് മറ്റൊരു വിലയിരുത്തൽ. എൻ.സി.പി ദേശീയ നേതൃത്വവുമായുളള ബന്ധമാണ് കാപ്പന്റെ മറ്റൊരു പ്രത്യേകത. ശരത് പവാറുമായി കാപ്പന് അടുത്ത വ്യക്തിബന്ധമാണുളളതെന്നാണ് എൻ.സി.പി വൃത്തങ്ങൾ നൽകുന്ന സൂചന. തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ പാലായുടെ എം.എൽ.എയെ മന്ത്രിയാക്കുന്നത് യു.ഡി.എഫ് കോട്ടയായ കോട്ടയത്തും ഇടുക്കിയിലും പ്രതിഫലിക്കുമെന്നാണ് മറ്റൊരു കണക്കുകൂട്ടൽ.
തോമസ് ചാണ്ടിയുടെ വിയോഗത്തോടെ ടി.പി. പീതാംബരനെ താൽക്കാലിക അധ്യക്ഷനാക്കിയെങ്കിലും അടുത്ത മാസം പുതിയ അധ്യക്ഷനെ കണ്ടെത്തുമെന്നാണ് അറിയുന്നത്. പാർട്ടിയിലും മന്ത്രിസഭയിലും അഴിച്ചുപണിയാണ് എൻ.സി.പി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്. ജനുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന തോമസ് ചാണ്ടി അനുസ്മരണത്തിന് ശേഷം പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനാണ് എൻ.സി.പി നേതൃത്വത്തിന്റെ തീരുമാനം.
തോമസ് ചാണ്ടിയുടെ മരണത്തോടെ ഒഴിവുവന്ന എൻ.സി.പി സംസ്ഥാന അധ്യക്ഷ സ്ഥാനം നികത്തപ്പെടുമ്പോൾ മാണി സി. കാപ്പൻ എം.എൽ.എയെ മന്ത്രിയാക്കുമെന്നാണ് സൂചന. അധ്യക്ഷ സ്ഥാനത്തേയ്ക്കില്ലെന്ന് കാപ്പൻ നേതൃത്വത്തോട് വ്യക്തമാക്കിയതോടെ എ.കെ. ശശീന്ദ്രനെ അധ്യക്ഷ സ്ഥാനത്തേക്ക് മാറ്റി കാപ്പനെ മന്ത്രിയാക്കാനാണ് പരിപാടി. പാർട്ടിക്ക് കൂടുതൽ മെച്ചപ്പെട്ട പ്രതിഛായ നൽകാനും ഇതുവഴി കഴിയുമെന്നാണ് നിഗമനം.
യു.ഡി.എഫ് തട്ടകമായ കോട്ടയം ജില്ലയിൽ നിന്നും ഇടതുമുന്നണിക്ക് മന്ത്രിമാരില്ല. കഴിഞ്ഞ ഇടതുമുന്നണി മന്ത്രിസഭയിലും കോട്ടയത്തിന് പ്രാതിനിധ്യമില്ലായിരുന്നു. ക്രൈസ്തവ വിഭാഗത്തിൽപെട്ട ഒരാളെ മന്ത്രിയാക്കുന്നതിലൂടെ സാമുദായിക വോട്ട് ബാങ്ക് അടിത്തറ വിപുലപ്പെടുത്താനും ഇടതുമുന്നണി ലക്ഷ്യമിടുന്നുണ്ട്.