ദമാം- സൗദിയിൽനിന്ന് ബഹ്‌റൈനിലേക്കും തിരിച്ചും കിംഗ് ഫഹദ് കോസ്‌വേ വഴി ബൈക്ക് യാത്രക്കാർക്ക് അടുത്ത ബുധനാഴ്ച മുതൽ സഞ്ചരിക്കാനാകും. 25 റിയാലാണ് ഫീ. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ടവരിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്ന് കോസ്‌വേ സി.ഇ.ഒ എൻജി. ഇമാദ് അൽമുഹൈസിൻ അറിയിച്ചു.
ബുധനാഴ്ച രാവിലെ എട്ട് മണി മുതലാണ് അനുമതി ലഭിക്കുക. ഇപ്പോൾ നടക്കുന്നത് പരീക്ഷണ ഓട്ടമാണ്. ബൈക്കിന് ലൈസൻസ്, നമ്പർ പ്ലേറ്റ് എന്നിവ ഉണ്ടാകണമെന്നതോടൊപ്പം ഇരു രാജ്യങ്ങളിലെയും നിയമങ്ങൾ പാലിക്കുകയും വേണം. എല്ലാ ദിവസവും സർവീസിന് അനുമതി നൽകുമെങ്കിലും കാലാവസ്ഥാ വ്യതിയാന സമയങ്ങളിൽ താൽക്കാലികമായി നിർത്തും. കോസ്‌വേയിലെ വലത്തേ അറ്റത്തെ ലൈനാണ് ബൈക്കുകാർ ഉപയോഗിക്കേണ്ടത്. ഇവിടെയുള്ള കൗണ്ടറിൽ 25 റിയാലോ 2.50 ബഹ്‌റൈൻ ദീനാറോ നൽകണം. ഹെൽമറ്റ് ധരിച്ചിരിക്കണമെന്നും അമിത വേഗംത അനുവദിക്കില്ലെന്നും മറ്റു നിബന്ധനകൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മണിക്കൂറിൽ 100 കിലോമീറ്ററാണ് ബൈക്കുകാർക്ക് അനുവദിച്ച വേഗം.