Sorry, you need to enable JavaScript to visit this website.

പൊതുമേഖലയിൽ മെയിന്റനൻസ് ജോലികൾ;  സ്വദേശിവൽക്കരണ ഗൈഡ് പുറത്തിറക്കി

റിയാദ്- സർക്കാർ മേഖലയിൽ മെയിന്റനൻസ് ആന്റ് ഓപറേഷൻ കരാറുകൾ സ്വദേശിവൽക്കരിക്കുന്നതിനുള്ള ഗൈഡ് തൊഴിൽ മന്ത്രി എൻജിനീയർ അഹമ്മദ് സുലൈമാൻ അൽറാജ്ഹി പുറത്തിറക്കി. നേരത്തെ ഈ മേഖല സ്വദേശിവൽക്കരിക്കാൻ തീരുമാനിച്ച മന്ത്രിസഭ ഇതുസംബന്ധിച്ച ഗൈഡ് പുറത്തിറക്കണമെന്ന് തൊഴിൽ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.
മെയിന്റനൻസ് ആന്റ് ഓപറേഷൻ കരാർ ജോലികളിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഏകീകരിക്കുകയാണ് ഗൈഡിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം വക്താവ് ഖാലിദ് അബാ അൽഖൈൽ പറഞ്ഞു. അതോടൊപ്പം തന്നെ ഈ മേഖലയിൽ സൗദികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യും.
കരാറിന്റെ ക്വട്ടേഷൻ നൽകുന്നത് മുതൽ പൂർത്തിയാക്കി കൈമാറുന്നത് വരെയുള്ള ഘട്ടങ്ങളിൽ ആവശ്യമായ സൗദിവൽക്കരണത്തെ കുറിച്ച് ഗൈഡിൽ വിശദീകരിക്കുന്നുണ്ട്. ഏതൊക്കെ മേഖലയിൽ എത്ര പേരെ നിയമിക്കണം, എത്രയാണ് ശമ്പളം നൽകേണ്ടത്, എന്തൊക്കെ ജോലി ആരൊക്കെ ചെയ്യണം തുടങ്ങിയ കാര്യങ്ങളും ഇതിൽ വിശദീകരിക്കുന്നുണ്ട്.


കരാർ ജോലികൾ ലഭിക്കുന്നതോടെ കമ്പനിയിലുള്ള തൊഴിലവസരങ്ങൾ സംബന്ധിച്ച് മന്ത്രാലയത്തിന്റെ ത്വാഖാത്ത് പോർട്ടലിൽ പ്രസിദ്ധീകരിക്കണം. ഇത് സൗദി തൊഴിലന്വേഷകർക്ക് സഹായകമാവും. എൻജിനീയറിംഗ്, ടെക്‌നിക്കൽ, അഡ്മിനിസ്‌ട്രേഷൻ മേഖലയിൽ സൗദിവൽക്കരണ തോത് വ്യത്യാസപ്പെട്ടിരിക്കും. 30 മുതൽ 100 ശതമാനം വരെയാണ് വിവിധ തസ്തികകളിലെ സൗദിവൽക്കരണത്തോത് നിശ്ചയിച്ചിരിക്കുന്നത്. ഉന്നത പദവികളിൽ 50 ശതമാനം, എൻജിനീയറിംഗ് മേഖലയിൽ 30 ശതമാനം, പൊതു സേവനം, ഐ.ടി, സുരക്ഷാ ജോലികളിൽ സൂപ്പർവൈസിംഗിൽ 100 ശതമാനം എന്നിങ്ങനെയാണ് കണക്കാക്കിയിട്ടുള്ളത്.


കരാർ സമയത്ത് കൃത്യമായ ജോലിയും ശമ്പളത്തോടൊപ്പം അലവൻസുകളും നൽകേണ്ടതുണ്ട്. കരാർ ജോലി കൊണ്ടുള്ള ലക്ഷ്യ സാക്ഷാൽക്കാരത്തിന് ആവശ്യമായ രീതിയിൽ തൊഴിൽ സുരക്ഷയും പരിശീലനവും നൽകണമെന്നും ഗൈഡിൽ വിശദീകരിക്കുന്നു -അബാ അൽഖൈൽ പറഞ്ഞു.
രണ്ടു മാസം മുമ്പാണ് സർക്കാർ മേഖലയിലെ മെയിന്റനൻസ് ആന്റ് ഓപറേഷൻ കരാർ ജോലികളിൽ സൗദിവൽക്കരണത്തോത് ഉയർത്തണമെന്ന് മന്ത്രിസഭ ആവശ്യപ്പെട്ടത്.

Latest News