Sorry, you need to enable JavaScript to visit this website.

പൗരത്വ ദുരന്തം 

പൗരത്വ നിയമ ഭേദഗതിക്കും, ദേശീയ ജനസംഖ്യാ രജിസ്റ്ററിനുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുമ്പോൾ, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തളർച്ചയിൽനിന്ന് തകർച്ചയിലേക്ക് നീങ്ങുന്നുവെന്നതാണ് ഏറ്റവും പുതിയ വാർത്ത. അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) കഴിഞ്ഞ ദിവസം പുറത്തുവിട്ട വാർഷിക അവലോകന റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. മൂന്ന് വർഷം മുമ്പ് നടപ്പാക്കിയ നോട്ട് നിരോധനത്തിൽ ആരംഭിച്ച ദുരന്തത്തിൽനിന്ന് ഇന്ത്യ ഇതുവരെ കരകയറിട്ടില്ല. അതിനിടെയാണ് രാജ്യത്തെ മുസ്‌ലിംകളെ മുഴുവൻ ആശങ്കയിലാക്കുകയും, ഇന്ത്യയുടെ പ്രതിഛായ അന്താരാഷ്ട്ര തലത്തിൽ ഇടിച്ചുതാഴ്ത്തുകയും ചെയ്തുകൊണ്ട് അത്യന്തം ജുഗുപ്‌സാവഹമായ വ്യവസ്ഥകളടങ്ങിയ പൗരത്വ നിയമ ഭേദഗതി ബിൽ ഭൂരിപക്ഷമുണ്ടെന്ന ബലത്തിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ മിന്നൽ വേഗത്തിൽ പാസാക്കുന്നതും നിയമമാക്കുന്നതും. നോട്ട് നിരോധനം പോലൊരു മണ്ടൻ തീരുമാനമായിരുന്നു ഇതെന്ന വസ്തുത രാജ്യം മനസ്സിലാക്കാൻ പോകുന്നതേയുള്ളൂ.


ഒറ്റ നോട്ടത്തിൽ എന്താ കുഴപ്പം എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് പൗരത്വ ബില്ലിന്റെ വരവ്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളിൽ വലിയ ആശങ്കക്ക് ഇടം നൽകാത്തതാണ് അതിന്റെ ഉള്ളടക്കം. അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് മതപരമായ പീഡനങ്ങൾ മൂലം നാട് വിട്ട് ഇന്ത്യയിൽ അഭയം തേടിയവർക്ക് പൗരത്വം നൽകാൻ വേണ്ടിയാണ് ഈ നിയമം എന്നാണ് പറയുന്നത്. മേൽപറഞ്ഞ മൂന്നും മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളായതിനാൽ അവിടങ്ങളിൽനിന്ന് മുസ്‌ലിംകൾക്ക് മതപീഡനം മൂലം അഭയം തേടി ഇന്ത്യയിലേക്ക് വരേണ്ടിവരില്ലല്ലോ. അതുകൊണ്ട് അവരെ ഒഴിവാക്കുന്നു. എന്നിട്ട് മതപരമായ പീഡനം നേരിടുന്ന ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യൻ മതക്കാർക്ക് പൗരത്വം നൽകുന്നു. ഒറ്റനോട്ടത്തിൽ ഒരു മുസ്‌ലിം വിരോധി അല്ലാത്തയാൾക്കു പോലും കുഴപ്പമൊന്നും തോന്നില്ല. എന്നാൽ സുദീർഘമായി ആസൂത്രണം ചെയ്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഉന്മൂലന സിദ്ധാന്തത്തിന്റെ ടെസ്റ്റ് ഡോസാണിതെന്ന് ചരിത്രകാരന്മാരും സാമൂഹിക നിരീക്ഷകരും പണ്ഡിതരും ചൂണ്ടിക്കാണിക്കുന്നു. അതിന്റെ പിന്നാമ്പുറം അന്വേഷിച്ചുപോകുമ്പോഴാണ് അപകടം മനസ്സിലാവുന്നത്.
പ്രധാനമായും അസം അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കഴിയുന്ന ഇന്ത്യൻ പൗരത്വമില്ലാത്ത കുടിയേറ്റക്കാരെ ഉദ്ദേശിച്ചായിരുന്നു ഈ പൗരത്വ ഭേദഗതി ബിൽ തിടുക്കപ്പെട്ട് കൊണ്ടുവന്നത്. ആ കഴിയുന്നവരെല്ലാം ബംഗ്ലാദേശിൽനിന്ന് അനധികൃതമായി കുടിയേറി വന്ന മുസ്‌ലിംകളാണെന്നും അവരെയെല്ലാം രാജ്യത്തുനിന്ന് പുറത്താക്കണമെന്നും കാലങ്ങളായി പ്രചരിപ്പിച്ചു നടന്നവരായിരുന്നു ബി.ജെ.പിയും ആർ.എസ്.എസും. അസമിൽ ജനപിന്തുണ നേടാൻ ഇത്തരമൊരു വാദവും, അസംകാരല്ലാത്തവരെയെല്ലാം പുറത്താക്കണമെന്ന് വാദിക്കുന്ന അസം ഗണപരിഷത് പോലുള്ള പാർട്ടികളുമായുള്ള കൂട്ടുകെട്ടും ബി.ജെ.പിയെ കുറച്ചൊന്നുമല്ല സഹായിച്ചത്.


ഈ ധാരണയിലാണ് ഇവരെയെല്ലാം ഒറ്റയടിക്ക് പുറത്താക്കാൻ വേണ്ടി അസമിൽ പൗരത്വ പട്ടികക്ക് രൂപം നൽകിയത്. എന്നാൽ നീക്കം അമ്പേ പാളി. പട്ടിക തയാറാക്കിയപ്പോൾ പൗരത്വത്തിന് അർഹതയില്ലെന്ന് കണ്ടെത്തിയ 19 ലക്ഷം പേരിൽ 13 ലക്ഷവും ഹിന്ദുക്കൾ. മുസ്‌ലിംകൾ ആറ് ലക്ഷത്തിൽ താഴെ മാത്രവും. അതിൽ മുൻ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹ്മദിന്റെ കുടുംബത്തിൽ പെടുന്നവരും, രാജ്യത്തിനു വേണ്ടി യുദ്ധം ചെയ്ത പട്ടാളക്കാരനുമെല്ലാമുണ്ട്. ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു എന്ന് പറഞ്ഞതു പോലെയായി. രാജ്യത്തെ കള്ളപ്പണത്തിന്റെ കണക്കുപോലെ ബി.ജെ.പി ഊതിവീർപ്പിച്ച് വെച്ചിരുന്ന ഒരു കള്ള ബലൂൺ കൂടി പൊട്ടി.


പൗരത്വ പട്ടികയിൽ ഇടം കിട്ടാത്തവരിൽ ബഹുഭൂരിപക്ഷം ഹിന്ദുക്കളാണെന്ന് വന്നതോടെ അവർക്ക് ഏത് വിധേനയും പൗരത്വം നൽകിയാൽ അത് അസമിൽ ബി.ജെ.പിയുടെ ഉറച്ച വോട്ട് ബാങ്ക് ആവുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും കണക്കുകൂട്ടി. അങ്ങനെയാണ് ഒരു വെടിക്ക് രണ്ട് പക്ഷി എന്ന പോലെ മുസ്‌ലിംകൾ ഒഴികെയുള്ളവർക്ക് മാത്രം പൗരത്വം എന്ന ആശയം പുറത്തെടുത്തത്. ഒരു വശത്ത് അസമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പൗരത്വമില്ലാതെ കഴിയുന്ന ബഹുഭൂരിപക്ഷം ഹിന്ദുക്കൾക്ക് പൗരത്വം നൽകുന്നതിലൂടെ കിട്ടാൻ പോകുന്ന വോട്ട് ബാങ്ക്, മറുഭാഗത്ത് മുസ്‌ലിം രാജ്യങ്ങളിൽനിന്ന് വന്ന കുടിയേറ്റക്കാരായ മുസ്‌ലിംകൾക്ക് പൗരത്വം കൊടുക്കില്ലെന്ന 'ന്യായമായ' തീരുമാനം കൈക്കൊണ്ടതിന്റെ പേരിൽ തങ്ങളുടെ പരമ്പരാഗത വോട്ടർമാരിൽ ആധിപത്യം ഉറപ്പിക്കുന്നതോടൊപ്പം നിഷ്പക്ഷ ഹിന്ദുക്കളിൽ സ്വാധീനം നേടുക. സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, വളർച്ചാ മുരടിപ്പ് തുടങ്ങി ജനങ്ങളെ ശരിക്കും ബുദ്ധിമുട്ടിക്കുന്ന യഥാർഥ പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കുകയുമാവാം.


ഈ കുതന്ത്രം മറ്റുള്ളവർക്ക് വൈകാതെ മനസ്സിലാവുമെന്നതിനാലാണ് പാതിരാത്രി വരെ ലോക്‌സഭയും രാജ്യസഭയും സമ്മേളിച്ച് ബിൽ പാസാക്കിയെടുത്തത്. ചൂടാറും മുമ്പ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അതിന്മേൽ തുല്യം ചാർത്തി നിയമമാക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് കാര്യം കൈവിട്ടത്. മോഡി - ഷാ കൂട്ടുകെട്ടിന്റെ ചതി തിരിച്ചറിഞ്ഞ അസമിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ജനങ്ങൾ നിയമത്തിനെതിരെ തെരുവിലറങ്ങി. വ്യാപക അക്രമവും പ്രതിഷേധവും പോലീസ് വെടിവെപ്പുമെല്ലാം അരങ്ങേറി. പുറത്തുനിന്ന് വന്ന ലക്ഷക്കണക്കിനാളുകൾക്ക് പൗരത്വം കൊടുത്താൽ ജനിച്ച നാട്ടിൽ തങ്ങൾ ന്യൂനപക്ഷമായിപ്പോവുമെന്ന ആശങ്ക പടർന്ന തദ്ദേശീയരായ ജനങ്ങളായിരുന്നു അവർ. സഖ്യകക്ഷിയായ അസം ഗണപരിഷത് അടക്കമുള്ളവർ ഈ വിഷയത്തിൽ ബി.ജെ.പിയെ തള്ളിപ്പറഞ്ഞു. പ്രതിഷേധം നാൾക്കുനാൾ ശക്തി പ്രാപിച്ചതോടെ ബി.ജെ.പിയുടെ കാലിനടിയിലെ മണ്ണിളകി.


അപ്പോഴാണ് പ്രതിഷേധം മറ്റൊരു രൂപത്തിൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചത്. ദൽഹിയിലെ ജാമിഅ മില്ലിയ, യു.പിയിലെ അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി,  ജാമിഅ നദ്‌വ തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സംസ്ഥാനങ്ങളിലായിരുന്നു തുടക്കം. ഇപ്പോഴത്തെ പൗരത്വ ഭേദഗതി ബിൽ ഭാവിയിൽ മുസ്‌ലിംകളെ ഇന്ത്യൻ പൗരത്വത്തിൽനിന്ന് തന്ത്രപൂർവം ഒഴിവാക്കാനുള്ള ആസൂത്രിത ഗൂഢാലോചനയായി ഭയപ്പെട്ടാണ് ഈ കലാലയങ്ങളിലെ ഭൂരിപക്ഷം വരുന്ന മുസ്‌ലിം വിദ്യാർഥികൾ മുദ്രാവാക്യവുമായി കാമ്പസ് വിട്ട് പുറത്തിറങ്ങിയത്. പൗരത്വ ഭേദഗതി നിയമത്തിന്റെ ചുവടുപിടിച്ച് രാജ്യത്തു മുഴുവൻ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ പറഞ്ഞ ദേശീയ പൗരത്വ രജിസ്റ്റർ ഇത്തരമൊരു നടപടിയുടെ ഭാഗമാണെന്ന് അവർ ചൂണ്ടിക്കാട്ടി. 
കോൺഗ്രസ് അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ സംഘടനകളും സമാന വിമർശനവുമായി രംഗത്തെത്തിയെങ്കിലും പ്രതിഷേധത്തെ തങ്ങൾക്കെങ്ങനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താമെന്ന തന്ത്രം ആസൂത്രണം ചെയ്യുകയായിരുന്നു മോഡിയും ഷായും. അങ്ങനെയാണ് കുഴപ്പമുണ്ടാക്കുന്നവരുടെ വസ്ത്രത്തിലേക്ക് നോക്കാൻ ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മോഡി പ്രസ്താവിച്ചത്. ഇരുതല മൂർച്ചയുള്ള വാളായിരുന്നു അത്. മുസ്‌ലിംകളെ എത്രയും പെട്ടെന്ന് പ്രതിഷേധത്തിൽനിന്ന് പിന്തിരിപ്പിക്കുക. ഇനി പ്രതിഷേധം തുടരുന്ന പക്ഷം സമരത്തിനിടയിൽ ഉണ്ടാകുന്ന അക്രമങ്ങൾ ചൂണ്ടിക്കാട്ടി രാജ്യത്തെ ഹിന്ദുക്കളടക്കമുള്ള മതവിഭാഗങ്ങൾക്കിടയിൽ മുസ്‌ലിം വിരോധം ആളിക്കത്തിക്കുക. മറ്റ് രാഷ്ട്രീയ കക്ഷകളിൽ വോട്ട് ബാങ്ക് രാഷ്ട്രീയം ആരോപിച്ചുകൊണ്ടു തന്നെ ആസൂത്രിതമായി ഒരു വമ്പൻ വോട്ട് ബാങ്ക് രൂപപ്പെടുത്തിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം.


എന്നാൽ രാജ്യത്തെ മതേതര രാഷ്ട്രീയ കക്ഷികളും ചരിത്രകാരന്മാരും, സാമൂഹിക പ്രവർത്തകരും, കലാ സാംസ്‌കാരിക രംഗത്തുള്ളവരും, എൻ.ജി.ഒകളുമെല്ലാം ഒറ്റക്കെട്ടായി ഈ നിയമത്തിനെതിരെ രംഗത്തു വന്നതോടെ സ്ഥിതി മാറി. പൗരത്വം നൽകുന്നതിന് മതം മാനദണ്ഡമാക്കുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്കും ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വം എന്ന അടിസ്ഥാന പ്രമാണത്തിനു തന്നെയും വിരുദ്ധമാണെന്ന വസ്തുത അവർ ചൂണ്ടിക്കാട്ടി. ഇത്തരമൊരു നിയമം രാജ്യത്തിന്റെ പാരമ്പര്യത്തിനുതന്നെ കളങ്കമാണെന്നും, അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ വിലയിടിക്കുകയേ ഉള്ളൂവെന്നും അവർ കാര്യകാരണ സഹിതം ജനങ്ങൾക്കു മുന്നിൽ വിശദീകരിച്ചു.
അതിനെ നേരിടാൻ മോഡി ഉപയോഗിച്ചത് പതിവ് പൂഴിക്കടകനാണ്. എന്നെ വെറുത്തോളൂ, പക്ഷേ ഇന്ത്യയെ വെറുക്കല്ലേ... എന്ന നിലവിളി. അമ്പത് ദിവസം തരൂ, അതിനിടയിൽ കാര്യങ്ങൾ നേരെയായില്ലെങ്കിൽ നിങ്ങൾ തരുന്ന എന്ത് ശിക്ഷയും സ്വീകരിക്കാമെന്ന് നോട്ട് നിരോധനം പാളിയപ്പോൾ പറഞ്ഞതു പോലെ. 
എന്നിട്ടും പ്രതിഷേധം ശക്തി പ്രാപിച്ചതേയുള്ളൂ. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ജനം തെരുവിലിറങ്ങി. ഉത്തർ പ്രദേശിൽ പ്രതിഷേധവും പോലീസ് വെടിവെയ്പും ഇരുപതോളം പേരുടെ ജീവൻ അപഹരിച്ചു.


വടക്കുകിഴകൻ സംസ്ഥാനങ്ങളിലെ പ്രതിഷേധം തണുപ്പിക്കാൻ ആഭ്യന്തര സഞ്ചാര അനുമതിപത്രം (ഇന്നർ ലൈൻ പെർമിറ്റ്) എന്ന ആനുകൂല്യം എടുത്തുപയോഗിക്കുകയായിരുന്നു അമിത് ഷാ. അതായത് രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ഈ വ്യവസ്ഥ നിലനിൽക്കുന്ന സംസ്ഥാനങ്ങളിലേക്ക് പോകുന്നതിനും താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും വസ്തു വാങ്ങുന്നതിനും നിയന്ത്രണവും വിലക്കുമുണ്ടാവും. മണിപ്പൂരിന് ഐ.എൽ.പി നൽകിയതോടെയാണ് അവിടത്തെ സി.എ.എ വിരുദ്ധ പ്രതിഷേധം അവസാനിച്ചത്. മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും വൈകാതെ ഈ ആനുകൂല്യം ലഭിക്കും. കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി നീക്കുന്നതിന്, ഒരു രാജ്യം ഒരു നിയമം എന്ന് ഗീർവാണം മുഴക്കിയ മോഡിയും അമിത് ഷായുമാണ് അതിനേക്കാൾ കടുപ്പമുള്ള വ്യവസ്ഥകളുള്ള ഐ.എൽ.പി എന്ന ആനുകൂല്യം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് നൽകുന്നത്. അതും സ്വയം സൃഷ്ടിച്ച കുഴപ്പത്തിൽനിന്ന് രക്ഷപ്പെടാൻ.


വാസ്തവത്തിൽ മോഡി, ഷാ കൂട്ടുകെട്ടിന്റെ യഥാർഥ ലക്ഷ്യം പുറത്തുവരാൻ ഇത് കാരണമാവുകയായിരുന്നു. പൗരത്വ ഭേദഗതി നിയമവും, ദേശീയ പൗരത്വ രജിസ്റ്ററും കൊണ്ട് അവർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് രാജ്യത്തെ ചിന്തിക്കുന്ന പൗരന്മാർക്കെല്ലാം ഇന്ന് വ്യക്തമായ ബോധ്യമുണ്ട്. അവർ വിവാദ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരം ശക്തമാക്കുകയാണ്. മതേതര രാഷ്ട്രീയ കക്ഷികൾ പ്രത്യക്ഷ സമരവുമായി മുന്നോട്ടു പോകുമ്പോൾ ജെ.ഡി.യു, അകാലിദൾ പോലുള്ള എൻ.ഡി.എ സഖ്യകക്ഷികളും ബി.ജെ.പിക്കെതിരെ തിരിയുന്നു.
ഇതോടെ പ്രതിഷേധം തണുപ്പിക്കാൻ മുൻ നിലപാടിൽനിന്ന് മാറി എന്ന പ്രതീതി സൃഷ്ടിക്കാനാണ് അമിത് ഷായുടെ ഏറ്റവുമൊടുവിലത്തെ ശ്രമം. ദേശീയ പൗരത്വ രജിസ്റ്റർ കേന്ദ്ര സർക്കാർ ആലോചിച്ചിട്ടില്ലെന്നും ന്യൂനപക്ഷങ്ങൾക്ക് ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം പറയുന്നു. അപ്പോഴും, പൗരത്വം നൽകുന്നതിന് മതം മാനദണ്ഡമാക്കുന്ന പൗരത്വ ഭേദഗതി നിയമത്തിൽ മാറ്റം വരുത്താൻ ഒരുക്കമല്ലതാനും. തൽക്കാലം ഒരു ചുവട് പിന്നോട്ട് വെച്ചിട്ട് അവസരം വരുമ്പോൾ രണ്ട് ചുവട് മുന്നോട്ടു വെക്കുമെന്ന് ന്യായമായും സംശയിക്കണം.
നോട്ട് നിരോധനം കൊണ്ട് രാജ്യത്തിനുണ്ടായ ശരിയായ ദുരന്തം വെളിപ്പെട്ട് വരുന്നതേയുള്ളൂ. പൗരത്വ ഭേദഗതി നിയമത്തിലും, ദേശീയ പൗരത്വ രജിസ്റ്റിലും കേന്ദ്ര സർക്കാർ ഉറച്ചുനിന്നാൽ രാജ്യം അതിലും വലിയ തിരിച്ചടിയാവും നേരിടേണ്ടിവരിക.

Latest News