ജിദ്ദ- സൗദി അറേബ്യ ഇന്ന് ഉറങ്ങിയെണീറ്റത് വലയ സൂര്യഗ്രഹണത്തിന്റെ മാസ്്മരികതയിലേക്ക്. സൂര്യനെ വലയം വെച്ചുള്ള അതിസുന്ദരമായ ദൃശ്യങ്ങൾ ആയിരകണക്കിന് ആളുകളെ ആകർഷിച്ചു. സൗദി അറേബ്യ മുതൽ പടിഞ്ഞാറൻ ശാന്ത സമുദ്രത്തിലെ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് വലയ സൂര്യഗ്രഹണം ദർശിച്ചത്. ഖത്തർ, യുഎഇ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിലും ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലും ഈ അപൂർവ പ്രതിഭാസത്തിന് ജനം സാക്ഷിയായി.
97 വർഷത്തിന് ശേഷം ഇതാദ്യമായാണ് സൗദി അറേബ്യയിലുള്ളവർക്ക് വലയ സൂര്യഗ്രഹണത്തെ ദർശിക്കാനായത്. 2020 ജൂൺ 21ന് അടുത്ത വലയ സൂര്യഗ്രഹണം സൗദിയിൽ വീണ്ടും ദർശിക്കാനാകും.
ഹുഫൂഫിൽ രാവിലെ 6.28 ന് ഭാഗിക ഗ്രഹണത്തോടെയാണ് സൂര്യൻ ഉദിച്ചത്. ഇവിടെ 91 ശതമാനം വരെ ഗ്രഹണമുണ്ടായി. 6.35 ന് ആരംഭിച്ച വലയ ഗ്രഹണം 7.37 ന് അവസാനിച്ചു. ഭാഗിക സൂര്യ ഗ്രഹണം 7.48 ന് അവസാനിച്ചു. വലയ ഗ്രഹണം 2 മിനിട്ടും 55 സെക്കന്റുമുണ്ടായി. എന്നാൽ ഭാഗിക ഗ്രഹണം ഒരു മണിക്കൂറും 20 മിനിട്ട് തുടർന്നു. ചന്ദ്രന്റെ നിഴൽ കേന്ദ്രം കടന്നു പോകുന്ന അറബ് ലോകത്തെ ഏക പ്രദേശം സൗദിയിലെ ഹുഫൂഫാണ്.