റിയാദ്- സ്വകാര്യ സ്ഥാപനങ്ങളുടെ പ്രതിമാസ റിപ്പോർട്ട് സ്ഥാപനമുടമക്ക് ലഭ്യമാക്കുന്ന സംവിധാനവുമായി തൊഴിൽ മന്ത്രാലയം രംഗത്ത്. മന്ത്രാലയത്തിന്റെ 'ഖിവ' പോർട്ടൽ വഴിയാണ് സ്ഥാപനത്തിന്റെ എല്ലാ വിവരങ്ങളും അറിയിപ്പുകളും സ്ഥാപനമുടമകൾക്ക് പ്രതിമാസ റിപ്പോർട്ടായി ലഭിക്കുക.
ഇതിനായി ഖിവ പോർട്ടലിൽ ഓരോ സ്ഥാപനവും രജിസ്റ്റർ ചെയ്യണം. റജിസ്റ്റർ ചെയ്ത ഇ മെയിൽ വഴിയാണ് റിപ്പോർട്ട് സ്ഥാപനത്തിലേക്ക് എത്തുകയെന്ന് മന്ത്രാലയം അറിയിച്ചു. സ്ഥാപനത്തെ കുറിച്ചുള്ള പൊതുവിവരം, ജീവനക്കാരുടെയും സ്ഥാപനങ്ങളുടെ പ്രതിനിധികളുടെയും എണ്ണം, വർക്ക് പെർമിറ്റ് സ്റ്റാറ്റസ്, നിയമങ്ങളോട് എത്രമാത്രം കൂറു പുലർത്തിയിട്ടുണ്ടെന്ന വിവരം, വിവിധ കാര്യങ്ങളെ കുറിച്ചുള്ള അറിയിപ്പുകളും മുന്നറിയിപ്പുകളും, നിയമലംഘനം എന്നിവയെല്ലാം വിശദീകരിക്കുന്ന റിപ്പോർട്ടാണ് മന്ത്രാലയം അയക്കുക. സർക്കാർ സേവനങ്ങൾ കൃത്യമായി ലഭിക്കുന്നതിന് കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഖിവ പോർട്ടൽ തൊഴിൽ മന്ത്രാലയം ആരംഭിച്ചത്. വർക്ക് പെർമിറ്റ്, ഉടൻ വിസ തുടങ്ങിയവയും ഈ പോർട്ടൽ വഴി ലഭ്യമാവും. തൊഴിൽ പരീക്ഷ, സ്വയം വിലയിരുത്തൽ, പരിശോധന എന്നിവയും ഈ പോർട്ടലിന്റെ സഹായത്തോടെയാണ് നടക്കുന്നത്.