Sorry, you need to enable JavaScript to visit this website.

ഫെബ്രുവരി മുതൽ ഷെൻഗൻ വിസ ഫീസ് കൂടുന്നു

റിയാദ് - ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്കടക്കം യൂറോപ്യൻ യൂനിയൻ സന്ദർശനത്തിനുളള ഷെൻഗൻ വിസക്ക് ഫീസ് നിരക്ക് കൂടുന്നു. അടുത്ത ഫെബ്രുവരി മുതലാണ് 33.3 ശതമാനം ഫീസ് വർധന നിലവിൽ വരുന്നത്. നിലവിലെ ഫീസായ 60 യൂറോ എന്നുള്ളത് 80 യൂറോയാക്കാനാണ് ഷെൻജൻ വിസാ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. ആറു മുതൽ 12 വരെയുളള കുട്ടികൾക്ക് 35ൽ നിന്ന് 40 യൂറോയാക്കും. ചില സമയങ്ങളിൽ ആറു മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യമായും വിസ ലഭിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. 
സിംഗിൾ എൻട്രി വിസക്കാർക്ക് മൂന്നിൽ നിന്ന് ആറു മാസത്തേക്ക് കാലാവധി ദീർഘിപ്പിക്കാൻ യാത്ര പുറപ്പെടുന്നതിന് മുമ്പ് അവസരമുണ്ടാകും. 


മൾട്ടിപ്ൾ എൻട്രിയുള്ളവർക്ക് ഘട്ടം ഘട്ടമായി ഒരു വർഷം മുതൽ അഞ്ചു വർഷം വരെ ദീർഘിപ്പിക്കാനും സാധിക്കുമെന്ന് യൂറോപ്യൻ യൂനിയന്റെ വിസാ വിഭാഗത്തിലെ സൗദി അറേബ്യ, ഒമാൻ, ബഹ്‌റൈൻ എന്നിവയുടെ ചുമതലയുള്ള ആഞ്ചലോസ് ലീനോസ് അറിയിച്ചു. സൗദി അറേബ്യയടക്കം എല്ലാ വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കും ഓൺലൈൻ വഴി വിസയെടുക്കാം. 
സൗദിയിലെ വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ നയതന്ത്ര സ്ഥാപനങ്ങൾ ഏറ്റവും നല്ല സേവനങ്ങളാണ് നൽകിവരുന്നതെന്നും അദ്ദേഹം അറിയിച്ചു. സൗദി അറേബ്യൻ കോൺസുലേറ്റുകളിൽ നിന്ന് 2018 ൽ 3,22,000 ഷെൻഗൻ വിസകളാണ് ടൂറിസം, വിദ്യാഭ്യാസം, ചികിത്സ ആവശ്യങ്ങൾക്ക് ഇഷ്യു ചെയ്തത്. ഇതിൽ 2,70,908 മൾട്ടിപ്ൾ എൻട്രിയാണ്. 
അതേസമയം വിസ സംബന്ധിച്ച കാര്യങ്ങൾക്കുള്ള പുതിയ സമിതി ഷെൻഗൻ വിസയുപയോഗിച്ച് പ്രവേശിക്കാവുന്ന രാജ്യങ്ങളുടെ ലിസ്റ്റ് പുനഃക്രമീകരിക്കാനുള്ള ശ്രമത്തിലാണ്. 
ഇതിന് യൂറോപ്യൻ യൂനിയനിൽ നിന്നുള്ള എല്ലാ രാജ്യങ്ങളുടെയും അംഗീകാരം ആവശ്യമായതിനാൽ നീണ്ട നടപടിക്രമങ്ങളുണ്ട്.


നിലവിൽ രണ്ടോ അതിലധികമോ വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസയുള്ളവർക്ക് അതിന്റെ കാലാവധി കഴിയുന്നത് വരെ ഉപയോഗിക്കാവുന്നതാണ്. ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം നടപടികൾ ലഘൂകരിക്കുകയും അനധികൃത കുടിയേറ്റം തടയുകയുമാണ് പരിഷ്‌കാരം കൊണ്ടുദ്ദേശിക്കുന്നത്. യാത്രയുടെ ആറോ ഒമ്പതോ മാസം മുമ്പ് വിസക്ക് അപേക്ഷിക്കാം. മിനിമം 15 ദിവസം മുമ്പെങ്കിലും അപേക്ഷിച്ചിരിക്കണം. യൂറോപ്യൻ യൂനിയനിലെ 22 ഉൾപ്പെടെ 26 രാജ്യങ്ങളിൽ ഷെൻഗൻ വിസ കൊണ്ട് സഞ്ചരിക്കാവുന്നതാണ്.

Latest News