Sorry, you need to enable JavaScript to visit this website.

ഖഫ്ജിയിൽ എണ്ണയുൽപാദനം തുടങ്ങി

സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും വിദേശകാര്യ മന്ത്രി ശൈഖ് ഡോ. അഹമ്മദ് അൽസബാഹും ധാരണാപത്രത്തിൽ ഒപ്പുവെച്ച് കൈമാറുന്നു.

അതിർത്തിയിലെ സംയുക്ത എണ്ണപ്പാടങ്ങളിൽ എണ്ണയുൽപാദനം തുടങ്ങാൻ സൗദി-കുവൈത്ത് ധാരണ

കുവൈത്ത് സിറ്റി- അതിർത്തിയിലെ സംയുക്ത എണ്ണപ്പാടങ്ങളിൽ നിന്ന് എണ്ണയുൽപാദനം പുനരാരംഭിക്കാൻ സൗദി അറേബ്യയും കുവൈത്തും ധാരണയിലെത്തി. ഏറെ കാലമായി തുടരുന്ന ചർച്ചകൾക്കൊടുവിൽ സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും കുവൈത്ത് എണ്ണ, വൈദ്യുതി മന്ത്രി ഡോ. ഖാലിദ് അൽഫാദിലുമാണ് കരാറിൽ ഒപ്പുെവച്ചത്. അനുബന്ധ കരാറിൽ കുവൈത്ത് വിദശകാര്യ മന്ത്രി ശൈഖ് ഡോ. അഹമ്മദ് അൽസബാഹും ഒപ്പുവെച്ചു.
സംയുക്ത എണ്ണപ്പാടങ്ങളിൽ നിന്ന് ഉൽപദനം പുനരാരംഭിക്കുന്നത് അന്താരാഷ്ട്ര വിപണിയിലേക്കുള്ള സൗദിയുടെ എണ്ണ വിതരണത്തെ ബാധിക്കില്ലെന്നും എണ്ണ വില നിയന്ത്രിക്കുന്നതിന് ഒപെക് കരാർ അനുസരിച്ച് 9.744 മില്യൺ ബാരൽ അസംസ്‌കൃത എണ്ണ പ്രതിദിനം ഉൽപാദിപ്പിക്കുമെന്നും മന്ത്രി അഹമ്മദ് രാജകുമാരൻ പറഞ്ഞു.
പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉയർത്തി 2014 ഒക്ടോബറിലാണ് വഫ്രയിലെയും ഖഫ്ജിയിലെയും ഉൽപാദനം ഇരുരാജ്യങ്ങളും നിർത്തിവെച്ചത്. 1922 ൽ ഇരു രാജ്യങ്ങളും തയാറാക്കിയ ഉടമ്പടിയുടെ ഭാഗമായാണ് 5770 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ അതിർത്തി നിഷ്പക്ഷ മേഖല രൂപപ്പെടുത്തിയത്. 1970 കളിൽ ഇരു രാജ്യങ്ങളും ഏതാനും മേഖല അവരുടെ പരിധിയിൽ ഉൾപ്പെടുത്താനും ബാക്കിയുള്ളവ നിഷ്പക്ഷ മേഖലയാക്കി നിലനിർത്തി സംയുക്ത മേഖലയിൽ എണ്ണയുൽപാദനം നടത്താനും തീരുമാനിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വഫ്രയിലും ഖഫ്ജിയിലും സംയുക്ത എണ്ണ ഖനന പദ്ധതി ആരംഭിച്ചത്. കുവൈത്ത് ഗൾഫ് ഓയിൽ കമ്പനിയും സൗദി അറാംകോയും സംയുക്തമായാണ് ഈ എണ്ണപ്പാടത്തുനിന്ന് എണ്ണ ഉൽപാദിപ്പിച്ചിരുന്നത്. വരുമാനം സൗദിയും കുവൈത്തും തുല്യമായി പങ്കുവെക്കുകയായിരുന്നു.
ഇന്നലെ (ബുധൻ) ഉച്ചക്ക് സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും കുവൈത്ത് എണ്ണ മന്ത്രി ഡോ. ഖാലിദ് അൽഫാദിലും അൽഖഫ്ജിയിലെത്തി എണ്ണയുൽപാദനം പുനരാരംഭിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു. 2020 ഓടെ ഖഫ്ജി അതിന്റെ പൂർവ പ്രതാപത്തിലേക്കെത്തുമെന്ന് അഹമ്മദ് രാജകുമാരൻ പറഞ്ഞു. ഇതുവഴി നിരവധി സ്വദേശികൾക്ക് ജോലി ലഭിക്കും. ഖഫ്ജിയെ ഇൻഡസ്ട്രിയൽ ഏരിയയായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News