പൗരത്വ നിയമത്തിനെതിരെ രാജ്യത്തെങ്ങും വൻ പ്രതിഷേധം പുകയുകയാണ്. കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കാൻ പോലും കഴിയാതെ പ്രതിപക്ഷ പാർട്ടികൾ വിറങ്ങലിച്ചു നിൽക്കുന്ന സ്ഥിതിയാണ്. ശക്തമായൊരു പ്രതിപക്ഷത്തിന്റെ അഭാവം രാജ്യത്തനുഭവപ്പെട്ടിട്ട് കുറച്ച് വർഷങ്ങളായി. ഭീതിയുടെ ഒരന്തരീക്ഷം സൃഷ്ടിച്ച് ഈ അവസരം ഭരണക്കാർ മുതലാക്കുകയും ചെയ്തു. അപ്പോഴാണ് ജാമിഅ മില്ലിയയിലെ വിദ്യാർത്ഥികൾ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഇപ്പോൾ രാജ്യത്ത് അലയടിക്കുന്ന ഈ പ്രതിഷേധത്തിന്റെ പ്രഭവ കേന്ദ്രം ജാമിഅ മില്ലിയയാണ്.
രാജ്യം തെറ്റായ ദിശയിൽ മുന്നോട്ട് പോകുമ്പോൾ അതിനെ തിരുത്താൻ ഇവിടെ ഏതെങ്കിലും ഒരു സർവകലാശാലക്ക് അവകാശമുണ്ടെങ്കിൽ അത് ജാമിഅ മില്ലിയക്ക് മാത്രമാണ്. ദേശീയതയുടെ നേർരൂപമാണത്. സ്വാതന്ത്ര്യ സമരത്തിന്റെ സൃഷ്ടിയാണ്. കപട ദേശഭക്തർ ജാമിഅ മില്ലിയയെ ഭയക്കുന്നതും അതാണ്. ബ്രിട്ടീഷുകാരുടെ കുഴലൂത്തുകാരായി നടന്നവർക്ക് ജാമിഅയെ വിമർശിക്കാൻ കഴിയില്ല. സ്വാതന്ത്ര്യപൂർവ കാലത്ത് ഇവിടെയുണ്ടായിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബ്രിട്ടീഷ് സർക്കാറിന് ക്ലാർക്കുമാരെയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരെയും പടച്ചുവിട്ടപ്പോൾ ജാമിഅ സ്വതന്ത്ര്യസമര നേതാക്കളെയാണ് ഇവിടെ സൃഷ്ടിച്ചത്. ജാമിഅ മില്ലിയയിൽനിന്ന് പഠിച്ചിറങ്ങിയവർ തങ്ങളുടെ ഗ്രാമങ്ങളിലെത്തി സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ചുക്കാൻ പിടിച്ചെടുക്കുകയായിരുന്നു.
ഇന്ത്യൻ ഓക്‌സ്‌ഫോർഡ് എന്നോ മുസ്‌ലിം ഓക്‌ഫോർഡ് എന്നോ അറിയപ്പെടുന്ന അലീഗഢ് മുസ്‌ലിം സർവകലാശാലയുടെ ബ്രിട്ടീഷ് ദാസ്യത്തിനെതിരെ പോരാടി അവിടുന്ന് പുറത്തു വന്ന ദേശഭക്തരായ സർ സയ്യിദ് അഹമ്മദ് ഖാൻ, മൗലാന മുഹമ്മദ് ഹസ്സൻ, മൗലാനാ മുഹമ്മദലി, ഹക്കിം അജ്മൽ ഖാൻ തുടങ്ങിയവർ ചേർന്ന് 1920 ൽ അലീഗഢിൽ സ്ഥാപിച്ച വിദ്യാലയമാണിത്.
വലിയ സമ്പന്നരുടെയും അധികാര വർഗത്തിന്റെയും പിന്തുണയില്ലാതെ സാധാരണക്കാരുടെ ത്യാഗത്തിലൂടെ ഓരോ ഓരോ കല്ലുകൾ പെറുക്കിവെച്ച് പെറുക്കിവെച്ച് വളർത്തിയെടുത്ത പ്രസ്ഥാനം. എത്രയോ തവണ ഈ മഹാസ്ഥാപനം കെട്ടുപോകേണ്ടതായിരുന്നു. ബ്രിട്ടീഷുകാരും അവരുടെ പിണിയാളുകളും കുതന്ത്രങ്ങൾ പ്രയോഗിച്ചതിനെ തളർത്താനും തകർക്കാനും നോക്കി. അവർക്കറിയാമായിരുന്നു ജാമിഅ മില്ലിയ ബ്രിട്ടീഷ് ഭരണത്തിന്റെ അന്തക വിത്താണെന്ന്. അലീഗഢിൽനിന്ന് ജാമിഅ മില്ലിയയെ ദൽഹിയിലേക്ക് പറിച്ചുനട്ടു. ജാമിഅയെ നശിപ്പിക്കാൻ നോക്കിയപ്പോഴൊക്കെ ദേശസ്‌നേഹികൾ ഉണർന്നു വന്നിതിനെ താങ്ങിനിർത്തി.
ജാമിഅ എന്ന വാക്കിന്റെ അർത്ഥം സർവകലാശാലയെന്നാണ്. മില്ലിയ എന്നത് ദേശീയതയെന്നും. എല്ലാ അർത്ഥത്തിലും നമ്മുടെ ദേശീയ സർവകലാശാല തന്നെയായിരുന്നു ജാമിഅ മില്ലിയ. എന്നാൽ ഇന്ത്യൻ സർക്കാർ ജാമിഅ മില്ലിയക്ക് ഈ പദവി നൽകിയത് 1988 ൽ മാത്രമാണുതാനും. അല്ലെങ്കിൽ ഇത്തരം ചാർത്തുകളിൽ അല്ലല്ലോ യഥാർത്ഥ കാര്യമിരിക്കുന്നത്. ദേശസ്‌നേഹം ജാമിഅ മില്ലിയയുടെ ആത്മാവാണ്. സ്വദേശത്തോട് കൂറില്ലാത്തവർ ഇസ്‌ലാമല്ലെന്ന മുഹമ്മദ് നബിയുടെ വചനത്തെ അന്വർത്ഥമാക്കിയവരാണിവിടെയുള്ളത്.
ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിന്റെ ഭാഗമേയായിരുന്നില്ല ഈ സർവകലാശാല. ഇന്ത്യക്കാരുടെ മുഴുവനുമായിരുന്നു. ഇന്ന് ഇന്ത്യയുടെ വളർച്ചയെ ഒരു പ്രത്യേക സമൂഹത്തിന്റെ വളർച്ചയായി തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിക്കുകയാണ്. ഇത് ശരിയല്ല. ആ സമൂഹത്തോടു തന്നെ ചെയ്യുന്ന ക്രൂരതയാണ്. ഇന്ത്യ ഇന്ത്യക്കാരുടേതാണ്. അതിന്റെ വളർച്ച എല്ലാവരുടേതുമാണ്. ഗാന്ധിജിയും നെഹ്‌റുവും അബുൽ കലാം ആസാദുമൊക്കെയതാണ് നമ്മെ പഠിപ്പിച്ചത്.
ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തപ്പോൾ ജാമിഅ മില്ലിയയുടെ പ്രവർത്തനം നിശ്ചലമാകാതിരിക്കാൻ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ചു.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളെ മറികടക്കാൻ സ്വാതന്ത്ര്യ സമര സേനാനികളുടെ നാണയത്തുട്ടുകൾ ചേർത്തുവെച്ചാണ് ഈ സർവകലാശാലയുടെ വെളിച്ചം അണഞ്ഞുപോകാതെ സൂക്ഷിച്ചത്. അവിടെയുള്ള പ്രഗത്ഭരായ അധ്യാപകർ തുഛമായ ശമ്പളം മാത്രം കൈപ്പറ്റി സേവനമായി പ്രവർത്തിച്ചു. ഡോ. സക്കീർ ഹുസൈനെപ്പോലെയുള്ളവരും ഇതിൽ ഉൾപ്പെടും. സക്കീർ ഹുസൈൻ പിന്നീട് ഇന്ത്യയുടെ രാഷ്ട്രപതിയായി. ബ്രിട്ടീഷ് സർക്കാറിന്റെ വലിയ വാഗ്ദാനങ്ങളും വലിയ ശമ്പളമുള്ള ഉദ്യോഗങ്ങളും വലിച്ചെറിഞ്ഞാണ് ഡോ. ആബിദ് ഹുസൈനെയും ഡോ. മുഹമ്മദ് മുജീബിനെയും പോലെയുള്ളവർ മുന്നോട്ട് വന്ന് ദേശസ്‌നേഹികളായ വിദ്യാർത്ഥികളെ വളർത്തിയെടുത്തത്. ബ്രിട്ടീഷുകാരുടെ ഒരു ശിപായി പണിക്ക് വേണ്ടി രാജ്യത്തെ ഒറ്റിക്കൊടുക്കാൻ തയാറായ ഒരു സമൂഹമുണ്ടായിരുന്ന കാലത്താണിതൊക്കെ ചെയ്തത്. ജാലിയൻവാലാ ബാഗിൽ നിരായുധരായ ഇന്ത്യക്കാരെ വെടിവെച്ചു കൊന്നത് ഇന്ത്യക്കാർ തന്നെയായിരുന്നു. വെടിവെക്കാൻ ഉത്തരവ് നൽകിയത് ബ്രിട്ടീഷുകരായിരുന്നുവെന്നു മാത്രം.
ഇത്തരത്തിലുള്ള ഇന്ത്യൻ അടിമകളെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസത്തിനെതിരെയാണ് ജാമിഅ മില്ലിയ നിലകൊണ്ടത്. ജാമിഅയിൽ പ്രക്ഷോഭ തീയണയുന്നില്ല. ജനവിരുദ്ധമായ ബ്രിട്ടീഷ് നിയമങ്ങൾ അനുസരിക്കേണ്ടതില്ലെന്ന് നമ്മെ പഠിപ്പിച്ചത് ഗാന്ധിജിയാണ്. അതാത് കാലത്തെ അധികാരികൾ ജനങ്ങളെ അടിച്ചമർത്താനും ഭിന്നിപ്പിച്ച് ഭരിക്കാനും പല നിയമങ്ങളും ഉണ്ടാക്കും.
എന്നാൽ ജനങ്ങളുടെയും രാജ്യത്തിന്റെയും വിശാല താൽപര്യമാണ് നോക്കേണ്ടതെന്നായിരുന്ന ഗാന്ധിജിയുടെ നിലപാട്. ഈ വഴിക്ക് തന്നെയാണ് ജാമിഅ മില്ലിയയും നീങ്ങുന്നത്. ജാമിഅയിലെ വിദ്യാർത്ഥികൾ ജനാധിപത്യപരമായും സമാധാന മാർഗങ്ങളിലൂടെയുമാണ് പ്രതികരിച്ചതെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അക്രമം നടത്തിയത് പോലീസും പുറത്തുനിന്നുള്ളവരുമാണെന്ന് വിദ്യാർത്ഥികൾ പറയുന്നുണ്ട്. ഇത്തരം അവസരങ്ങൾ സാമൂഹ്യ വിരുദ്ധർ മുതലെടുക്കാൻ ഇടയുണ്ട്. അതിനുള്ള അവസരം നൽകാതെയുള്ള പ്രതിഷേധമാവണം ഉണ്ടാകേണ്ടത്.
ഇവിടെ ഒരു ഗ്ലാസ് എറിഞ്ഞുടച്ചാൽ അത് എല്ലാവരുടേതുമാണ്. കോടിക്കണക്കിന് ജനങ്ങൾക്ക് ഇന്നും ഒരു തുണ്ടു ഭൂമിയോ വീടോ എന്തിന്, തല ചായ്ക്കാനൊരിടമോയില്ലാത്ത രാജ്യമാണിത്. അവരിൽ എല്ലാ ജാതിക്കാരും മതക്കാരുമുണ്ട്. ഇന്ത്യയിലെ ഏറ്റവും അവസാനത്തെ ദരിദ്രനും അന്തസ്സായി ജീവിക്കാനുള്ള വകയുണ്ടാകുമ്പോഴേ രാജ്യത്തിന്റെ നില മെച്ചപ്പെട്ടുവെന്ന് പറയാനാവുകയുള്ളൂ.
ഇന്ത്യ ബ്രീട്ടീഷുകാരുടെ കാലത്തുനിന്ന് ഏറെ വളർന്നുവെന്നത് നേരാണ്. എന്നാൽ ഈ തിളക്കം എല്ലാവരിലും എത്തിയിട്ടില്ല. ഒരു വിഭാഗം ഇടക്കു നിന്നത് തട്ടിപ്പറിക്കുകയാണ്. സമ്പത്ത് ബ്രിട്ടീഷുകാർ ചൂഷണം ചെയ്തു കൊണ്ടുപോയതു പോലെ ഒരു ചെറുവിഭാഗം ഇപ്പോഴുമതിവിടെ തുടരുന്നു.
ജനങ്ങളെ അടിച്ചമർത്തിയും മതത്തിന്റെയും ജാതിയുടെയും ഒക്കെ പേരു പറഞ്ഞ് വിഭജിച്ചും എങ്ങനെ അധികാരത്തിൽ തുടരാമെന്നും സ്വത്തുക്കൾ കവർച്ച ചെയ്യാമെന്നും ശാസ്ത്രീയമായി തന്നെ ബ്രിട്ടീഷുകാരിവിടെ ചെയ്തിട്ടുണ്ട്. ആ വഴിയെ നമ്മുടെ ജനകീയ സർക്കാറുകൾ പോകരുത്. ജനക്ഷേമ സർക്കാറായി മാറണം.
ജാമിഅ മില്ലിയയിലെ വിദ്യാർത്ഥികൾ വിളിച്ച മുദ്രാവാക്യം ഏറ്റുവിളിച്ച കോടിക്കണക്കിന് ജനങ്ങളെ കാണാതിരുന്നുകൂടാ. എല്ലാ ഇന്ത്യക്കാരുടെയും ശബ്ദമാണിത്. സർക്കാർ ഈ ശബ്ദത്തിന് ചെവികൊടുക്കണം. ജനങ്ങൾക്ക് വേണ്ടാത്ത നിയമം അവരുടെ മേൽ അടിച്ചേൽപിക്കരുത്.