റിയാദ്- കാറിലിരിക്കുകയായിരുന്ന കുട്ടിയെ കാറുൾപ്പെടെ തട്ടിക്കൊണ്ടുപോയ തസ്‌കര സംഘം പോലീസിനെ കണ്ട് കാറുപേക്ഷിച്ചു കടന്നുകളഞ്ഞു. പോലീസും സാമൂഹിക പ്രവർത്തകരും തെരച്ചിൽ ശക്തമാക്കിയതോടെ മൂന്നു മണിക്കൂറിനകമാണ് കുട്ടിയെ കണ്ടെത്താനായത്. റിയാദ് ശുമൈസിയിൽ ചൊവ്വാഴ്ച വൈകിട്ട് നാലരക്കാണ് സംഭവം.
തമിഴ്‌നാട് സ്വദേശിയും ദൽഹി പബ്ലിക് സ്‌കൂൾ അധ്യാപകനുമായ ആന്റണി എസ് തോമസ് - പപിത ദമ്പതികളുടെ മകൾ മാർഷി പോൾ ആന്റണി(മൂന്ന്)യെയാണ് ഹ്യുണ്ടായി ആക്‌സന്റ് കാറുമായി തട്ടിക്കൊണ്ടുപോയത്. കാർ ഓഫ് ചെയ്യാതെ റോഡിൽ നിർത്തി കുട്ടിയെ കാറിലിരുത്തി ശുമൈസിയിലെ അൽറാജ്ഹി ബാങ്കിന്റെ എ.ടി.എം കൗണ്ടറിലേക്ക് ആന്റണി പോയതായിരുന്നു. തിരിച്ചുവന്നു നോക്കിയപ്പോൾ കാർ മറ്റാരോ എടുത്തുപോകുന്നത് കണ്ടു. ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. പോലീസും രഹസ്യാന്വേഷണ വിഭാഗവും വിവിധയിടങ്ങളിൽ അന്വേഷണം ആരംഭിച്ചു. അതേസമയം വിവിധ സാമൂഹിക പ്രവർത്തകരും വിവിധയിടങ്ങളിൽ അന്വേഷണം തുടങ്ങി. സാമൂഹിക മാധ്യമങ്ങൾ വഴി വിവരം കൈമാറ്റം ചെയ്യപ്പെട്ടതോടെ റിയാദിന്റെ വിവിധ ഭാഗങ്ങളിൽ കാറിനും കുട്ടിക്കും വേണ്ടി തെരച്ചിൽ തകൃതിയായി. അതിനിടെ വൈകിട്ട് എഴരയോടെ മൂന്നു കിലോമീറ്റർ അകലെ ദീരയിലെ എൻ.സി.ബി ബാങ്കിന് പിൻവശത്ത് കാർ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടു. പോലീസ് ഇവരെ പിന്തുടർന്നെത്തിയതോടെയായിരുന്നു തസ്‌കരസംഘം കാറുപേക്ഷിച്ച് കടന്നുകളഞ്ഞത്. കാറിലിരിക്കുകയായിരുന്ന കുട്ടിയെ പോലീസ് പിതാവിന് കൈമാറി.
കാറിന്റെ മുൻഭാഗം ഭാഗിമായി തകർന്നിട്ടുണ്ട്. വിരലടയാളം ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രവാസി മലയാളി ഫെഡറേഷൻ നേതാക്കളായ ബിനു കെ തോമസ്, റാഫി പാങ്ങോട് എന്നിവരുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകരും അന്വേഷണവുമായി രംഗത്തുണ്ടായിരുന്നു.