കോഴിക്കോട് - എൻ.ആർ.സി നടപ്പാക്കുമ്പോൾ പോരേ അതിനെതിരായ സമരമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഭാരതീയ അഭിഭാഷക പരിഷത്ത് സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമം സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസ് ബൗദ്ധിക് പ്രമുഖ് കെ.പി രാധാകൃഷ്ണൻ പ്രസംഗിച്ചു.
ഗാന്ധിജി മുതൽ കമ്യൂണിസ്റ്റ് നേതാക്കൾ വരെ ആവശ്യപ്പെട്ടതാണ് പൗരത്വ നിയമ ഭേദഗതിയെന്ന് മുരളീധരൻ പറഞ്ഞു. പാർലമെന്റിൽ ചർച്ച ചെയ്ത് അംഗീകരിച്ചതാണ് പൗരത്വ നിയമ ഭേദഗതി. ഇപ്പോൾ ഉണ്ടായത് പ്രതിഷേധമല്ല, അക്രമങ്ങളാണ്. അസമിലായിരുന്നു ആദ്യ അക്രമം. ജനത്തിന്റെ അഞ്ചു ശതമാനം പോലും സമരത്തിൽ ഇല്ല. അസമിലെ സമരം വ്യത്യസ്തമാണ്. ആർക്കും പൗരത്വം നൽകരുതെന്നാണ് അസമിലെ ആവശ്യം. ശ്രീലങ്കക്കാരെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞാണ് തമിഴ്‌നാട്ടിൽ സമരം.
ജനാധിപത്യാവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്ന ജെ.എൻ.യു ശാന്തമാണല്ലോ. ജാമിഅ മില്ലിയയാണ് സമരത്തിന് മുമ്പിൽ. 180 ൽ 22 സർവകലാശാലകളിലേ സമരമുള്ളൂ.
സംഘടിതരാണ് കേരളത്തിൽ സമരം നടത്തുന്നത്. സാധാരണക്കാരല്ല. എൻ.ആർ.സി വരുമ്പോൾ നിങ്ങളുടെ പൗരത്വം റദ്ദാക്കുമെന്ന് പറഞ്ഞ് കേരളത്തിലെ 25 ശതമാനം വരുന്ന സമൂഹത്തെ കൂടെ നിർത്താൻ മത്സരിക്കുകയാണ് കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും. രണ്ട് വരിയായി ജാഥ നടത്തുന്നതിനിടെ ഞാൻ കടന്നു പോയി. പ്രതിഷേധമുണ്ടെങ്കിൽ ജനരോഷം മന്ത്രിക്ക് നേരെയുണ്ടാവില്ലേ?
കേരളത്തിൽ സംഘടിത ശക്തി ആവശ്യപ്പെടാതെ നടന്ന സമരം ശബരിമല സമരമാണ്. ബംഗ്ലാദേശിൽ നിന്ന് വന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകണമെന്ന് ഗാന്ധിജി മുതൽ ആവശ്യപ്പെട്ടതാണ്. കോൺഗ്രസ് നടപ്പാക്കിയില്ല. സമുദായങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ നീക്കങ്ങൾ നടത്തിയത് കോൺഗ്രസാണ്. അത്തരത്തിലെ ഈ ക്രമവും ദയനീയമായി പരാജയപ്പെടും.
പാക്കിസ്ഥാനിൽ കുടിയേറിയ ആളുകളുള്ളത് ചുരുക്കം സംസ്ഥാനങ്ങളിലാണ്. ഇരു രാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നത് നെഹ്‌റു-ലിയാഖത്ത് കരാറാണ്. അവർ പാലിച്ചില്ല. കിഴക്കൻ ബംഗാളിൽ നിന്ന് പീഡനത്തിനിരയായി വരുന്ന ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകണമെന്ന സി.പി.ഐ നേതാവ് ഭുപേശ് ഗുപ്തയുടെ ആവശ്യത്തിന് ഗുൽസാരിലാൽ നന്ദ രാജ്യസഭയിൽ മറുപടി പറയുന്നുണ്ട്.
അമിത് ഷാ തന്റേടത്തോടെ പറഞ്ഞത് ഗുൽസാരി ലാൽ നന്ദ വളച്ചുകെട്ടിപറഞ്ഞുവെന്ന് മാത്രം. മനുഷ്യാവകാശങ്ങൾ അവർക്ക് അനുവദിക്കേണ്ടേ? ബി.ജെ.പിയുടെ അജണ്ടയല്ലിത്. എൻ.ആർ.സി വേണോ വേണ്ടയോ എന്ന് ചർച്ച ചെയ്യണം. ഭരണഘടന പൗരത്വം നിർവചിച്ചിട്ടില്ല. എൻ.ആർ.സിയിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. നടപ്പാക്കില്ല എന്ന ഉറപ്പാണ് വേണ്ടതെങ്കിൽ നടപ്പാക്കുമ്പോൾ പോരേ സമരം -അദ്ദേഹം ചോദിച്ചു.