കോഴിക്കോട് - പൗരത്വ ഭേദഗതി ബില്ലിനെതിരെ കേന്ദ്ര വിരുദ്ധ സമരം നടത്തിയതിന്റെ പേരിൽ ജയിലിലടക്കപ്പെട്ട ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും ജാമ്യം. കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി എ.ജി സതീശ്കുമാറാണ് നേതാക്കൾക്ക് ജാമ്യം അനുവദിച്ചത്.
ജാമ്യം ലഭിച്ച നേതാക്കളെയും പ്രവർത്തകരെയും ജില്ലാ ജയിലിന് പുറത്തേക്ക് നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ ആനയിച്ച് എം.കെ രാഘവൻ എം.പിയുടെയം ഷാഫി പറമ്പിൽ എം.എൽ.എയുടെയും നേതൃത്വത്തിൽ സ്വീകരിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ശനിയാഴ്ച മാനാഞ്ചിറ ഹെഡ് പോസ്റ്റ് ഓഫിസിന് മുമ്പിൽ 'ഭാരത് ബച്ചാവോ' പ്രതിഷേധ സമരം നടത്തിയതിനാണ് ടി സിദ്ദീഖ്, കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ പ്രവീൺ കുമാർ, കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ. പി.എം നിയാസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വിദ്യാ ബാലകൃഷ്ണൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ദിനേശ് പെരുമണ്ണ, നിജേഷ് അരവിന്ദ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി നിഹാൽ, മുൻ ജില്ലാ പ്രസിഡന്റുമാരായ ആർ ഷഹിൻ, വി.പി ദുൽക്കിഫിൽ ഉൾപ്പെടെ 59 പേരെ അറസ്റ്റുചെയ്ത ജയിലിലടച്ചത്. പൊതുമതൽ നശിപ്പിച്ചെന്ന കുറ്റമാണ് പോലീസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ ചുമത്തിയത്.
ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. 50,000 രൂപ കെട്ടിവെച്ചും 25,000 രൂപയുടെ രണ്ട് ആൾ ജാമ്യവും ഉൾപ്പെടെ കർശന ഉപാധികളോടെയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. അന്വേഷണ കാലയളവ് വരെ എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണമെന്നും വ്യവസ്ഥയുണ്ട്.