റിയാദ്- ഇസ്താംബൂൾ സൗദി കോൺസുലേറ്റിൽ സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗി കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ പേരുകൾ അന്തിമ വിധിക്ക് ശേഷം വെളിപ്പെടുത്തുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ശൽആൻ ബിൻ റാജിഹ് ബിൻ ശൽആൻ അറിയിച്ചു. റോയിട്ടേഴ്‌സ് ആണ് കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ ഇതു സംബന്ധിച്ച് ചോദ്യമുയർത്തിയത്.
വിചാരണയുടെ പ്രാരംഭ ഘട്ടമാണിത്. ക്രിമിനൽ നിയമത്തിലെ 68 ാം ആക്ട് പ്രകാരം ഇപ്പോൾ അവരുടെ പേരുകൾ പരസ്യപ്പെടുത്താൻ പാടില്ല.
നിരപരാധിത്വം തെളിയിക്കാൻ അപ്പീൽ കോടതിയിൽ പോകാൻ അവസരമുണ്ട്. അപ്പീൽ കോടതിയും വധശിക്ഷ ശരിവെക്കുകയാണെങ്കിൽ 190 ാം ആക്ട് പ്രകാരം സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യാം. സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചാൽ മാത്രമേ പേരുവിവരങ്ങൾ പുറത്തു വിടാനാവൂ. എല്ലാ കേസുകളിലും സ്വീകരിക്കുന്ന നിലപാട് ഇങ്ങനെയാണെന്ന് അദ്ദേഹം പറഞ്ഞു.കേസിൽ പ്രതികളായ അഞ്ചുപേർക്ക് വധശിക്ഷയും മൂന്നു പേർക്ക് തടവും റിയാദ് ക്രിമിനൽ കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. കേസിൽ വളരെ പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. 31 പേരെ പിടികൂടിയിരുന്നുവെങ്കിലും അന്തിമമായി 11 പേരെയാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി ചേർത്തിട്ടുള്ളത്. തുർക്കിയും ഇക്കാര്യത്തിൽ സഹകരിച്ചിരുന്നു.