Sorry, you need to enable JavaScript to visit this website.

ഇല്ല, തകരില്ല ഇന്ത്യൻ ജനാധിപത്യം

ഇന്ത്യൻ ജനാധിപത്യം അത്ര പെട്ടന്നൊന്നും തകരുകയില്ല എന്നു തന്നെയാണ് പൗരത്വ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും പെരുകി വരുന്ന ഐതിഹാസിക പോരാട്ടങ്ങൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ നിലനിൽക്കുന്ന ജനാധിപത്യ - മതേതര മൂല്യങ്ങളും പൂർണമെന്നൊന്നും പറയാനാകില്ലെങ്കിലും സാമൂഹ്യ നീതിയെയും ഫെഡറലിസത്തെയും കുറിച്ചുള്ള സങ്കൽപങ്ങളും തകർക്കാനാവുമെന്നു കരുതുന്ന ശക്തികൾക്ക് ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇന്ത്യൻ ജനത, പ്രത്യേകിച്ച് വിദ്യാർത്ഥി സമൂഹം നൽകുന്നത്. 2025 നകം ജനാധിപത്യ സംവിധാനത്തെ പൂർണമായും തകർത്ത് ഇന്ത്യയെ മതരാഷ്ട്രമാക്കാമെന്ന സംഘപരിവാർ സ്വപ്‌നത്തെ തന്നെയാണ് ഇന്ത്യ വെല്ലുവിളിക്കുന്നത്. ഭാരതമല്ല, ഇന്ത്യയാണ് നമ്മുടെ രാജ്യമെന്നാണ് രാജ്യമെങ്ങുമുയരുന്ന പ്രക്ഷോഭത്തിന്റെ അടിസ്ഥാന സന്ദേശം.


മോഡിയുടെ രണ്ടാം വരവോടെ തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്റെ വേഗം സംഘപരിവാർ വർധിപ്പിക്കുകയായിരുന്നു. ഭീകര നിയമങ്ങൾ കൂടുതൽ ഭീകരമാക്കിയതും വിവാഹ മോചനത്തിലെ മതവിവേചനവും സാമ്പത്തിക സംവരണവും ആദിവാസികളുടെ വനാവകാശം നിഷേധിക്കലും വിവരാവകാശത്തിൽ വെള്ളം ചേർക്കലും ഹിന്ദി അടിച്ചേൽപിക്കാൻ ശ്രമിക്കലുമൊക്കെ അതിന്റെ ഭാഗമായിരുന്നു. മറുവശത്ത് ബീഫിന്റെ പേരിലും ശ്രീറാം വിളിക്കാത്തതിന്റെ പേരിലുമുള്ള ആൾക്കൂട്ടക്കൊലകൾ വർധിക്കുന്നതും ഇനി തെരഞ്ഞെടുപ്പില്ല, ഒരു പാർട്ടിയും നേതാവും മതിയെന്ന മുദ്രാവാക്യങ്ങളുമൊക്കെ നമ്മൾ കണ്ടു. അയോധ്യയിലും ശബരിമലയിലും നീതിയേക്കാളും നിയമത്തേക്കാളും പ്രാധാന്യം വിശ്വാസത്തിനു നൽകി സുപ്രീം കോടതിപോലും ഈ നീക്കങ്ങൾക്ക് ആക്കം കൂട്ടി. തുടർന്നായിരുന്നു കടുത്ത നീതിനിഷേധങ്ങളായ കശ്മീരിലെ 370 ാം വകുപ്പ് റദ്ദാക്കലും അസം പൗരത്വ പട്ടികയും രംഗത്തു വരുന്നത്.

അവക്കെതിരെ രാജ്യമെങ്ങും പ്രതിഷേധങ്ങളുണ്ടായെങ്കിലും അവക്ക് അതിതീവ്രതയുണ്ടായിരുന്നു എന്നു പറയാനാവില്ല. അതായിരുന്നു പൗരത്വ ഭേദഗതി നിയമവുമായി രംഗത്തു വരാൻ സർക്കാറിനു ധൈര്യം നൽകിയത്. എന്നാൽ ഇത്തവണ മോഡി - അമിത് ഷാ ദ്വന്ദ്വത്തിനു തെറ്റു പറ്റി. മറ്റുള്ളവരെ പോലെ തന്നെ ഇന്ത്യൻ പൗരന്മാരും അതാകാൻ യോഗ്യതയുമുള്ളവർക്കു നേരെയുള്ള വിവേചനം അംഗീകരിക്കാൻ തങ്ങൾ തയാറല്ല, ഇന്ത്യ മതരാഷ്ട്രമല്ല, മതേതര രാഷ്ട്രമാണ് എന്ന പ്രഖ്യാപനമാണ് ഇന്ത്യൻ തെരുവുകളിലും മഹാനഗരങ്ങളിലും കലാലയങ്ങളിലും ഉയരുന്നത്. ഒരുപക്ഷേ മുസ്‌ലിം വിഭാഗങ്ങളിൽ നിന്ന് അൽപം പ്രതിഷേധമുണ്ടാകാം, അത് അടിച്ചമർത്താം, അതിലൂടെ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാം എന്ന സംഘപരിവാർ പ്രതീക്ഷകളെയാണ് ഇന്ത്യൻ ജനത തകർക്കുന്നത്. മഹാഭൂരിപക്ഷം ജനങ്ങളും മുസ്‌ലിം വിഭാഗങ്ങളുമായി കൈകോർക്കുന്ന കാഴ്ചയാണ് കാണുന്നത്. ഒരു മതവിഭാഗത്തിന്റെ പ്രക്ഷോഭമെന്നതിനാൽ ജനാധിപത്യവും മതേതരത്വവും  കാത്തുസൂക്ഷിക്കാനുള്ള ചരിത്ര പോരാട്ടമായി ഇതു മാറാൻ അതാണ് കാരണം. നമ്മുടെ കുട്ടികളങ്ങനെ ചരിത്രം പഠിക്കുന്നതിനു പകരം, ചരിത്രം രചിക്കാനാരംഭിച്ചത് അങ്ങനെയാണ്.


സത്യത്തിൽ അനന്തമായ വൈവിധ്യങ്ങളുടെ ജന്മഭൂമിയായ ഇന്ത്യയിൽ ഇത് അപ്രതീക്ഷിതമല്ല. എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും  ഇന്ത്യൻ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും കരുത്ത് ചെറുതല്ല. എത്രയോ തീഷ്ണമായ കാലഘട്ടത്തിൽ പിറന്നു വീണിട്ടും ഒരു ഭാഗം മുസ്‌ലിം രാഷ്ട്രമായി പോയിട്ടും ജനാധിപത്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന, ഏതൊരു ആധുനിക രാഷ്ട്രത്തോടും കിടപിടിക്കുന്ന ഒരു ഭരണഘടനക്കു രൂപം കൊടുക്കാൻ ഇന്ത്യക്കു കഴിഞ്ഞു എന്നതു നിസ്സാര കാര്യമല്ല. ഒരു പരിധി വരെ സാമൂഹ്യ നീതിയും ഫെഡറലിസവും അതിന്റെ ഭാഗമാക്കാനും സാധിച്ചു. ഗാന്ധി വധത്തെ പോലും അതിജീവിക്കാൻ ഇന്ത്യക്കു സാധിച്ചു എന്നു മാത്രമല്ല, തുടർന്ന് ദശകങ്ങളോളം വർഗീയ ശക്തികൾക്ക് ബാലികേറാമലയായി ഇന്ത്യ മാറുകയായിരുന്നു. പാക്കിസ്ഥാനുമായി നടന്ന യുദ്ധങ്ങൾ പോലും ഇന്ത്യയിലെ മുസ്‌ലിം വിഭാഗത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചില്ല. അത്യപൂർവം വർഗീയ ലഹളകൾ നടന്നെങ്കിലും ഇത്രയും വൈവിധ്യങ്ങളായ മതങ്ങളും ഭാഷകളും സംസ്‌കാരങ്ങളുമുള്ള ഒരു രാഷ്ട്രത്തിൽ അതെല്ലാം വളരെ ചെറിയ തോതിലായിരുന്നു. പിന്നീട്  അടിയന്തരാവസ്ഥക്കെതിരായ മുന്നേറ്റത്തിലൂടെയാണ് ബി.ജെ.പിയുടെ മുൻഗാമികളായ ജനസംഘം ഇന്ത്യൻ രാഷ്ട്രീയത്തിൽ തിരിച്ചുവന്നത്.  തുടർന്നാണ് ജനാധിപത്യ സംവിധാനങ്ങളിലൂടെ തന്നെ ഈ ശക്തികൾ തിരിഞ്ഞുനോക്കാതെ മുന്നേറിയ ചരിത്രം ആരംഭിച്ചത്. ജനതാ ഭരണം തകർന്നതോടെ ജനസംഘം ബി.ജെ.പിയായി മാറി. തുടർന്ന് വളരെ തന്ത്രപൂർവം ബാബ്‌രി മസ്ജിദ്, മുംബൈ കൂട്ടക്കൊല, ഗുജറാത്ത് വംശീയ ഹത്യ തുടങ്ങി പടിപടിയായി ബി.ജെ.പി ഒറ്റക്കു രാജ്യം ഭരിക്കാനാരംഭിച്ചു. വാജ്പേയിയേക്കാൾ തീവ്ര നിലപാടായിരുന്നു അദ്വാനിക്കെങ്കിൽ അതിനേക്കാൾ തീവ്രമാണ് മോഡി. അതിലും തീവ്രമാണ് അമിത് ഷാ. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്ന പഴയ അജണ്ടയാണ് അവർ നടപ്പാക്കുന്നത്.


എന്നാൽ  ജനാധിപത്യ ചരിത്രം നേർരേഖയിലല്ല. അടിയന്തരാവസ്ഥ നീണ്ടുനിന്നത് രണ്ടു വർഷം മാത്രം. മസ്ജിദിലൂടെ ബി.ജെ.പി സൃഷ്ടിക്കാൻ ശ്രമിച്ചതിനെ മണ്ഡൽ പ്രതിരോധിച്ചത് ഇന്ത്യൻ ജനാധിപത്യത്തിലെ സുന്ദരമായ കാഴ്ചയായിരുന്നു.  സഹസ്രാബ്ദങ്ങളായി അധികാരത്തിന്റെ കോട്ടകൊത്തളങ്ങളിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു വിഭാഗങ്ങളുടെ പ്രതിനിധിയായി കൻഷിറാമും മായാവതിയുമൊക്കെ ഉയർന്നു വന്നത് ഇന്ത്യൻ ജനാധിപത്യത്തിലല്ലാതെ എവിടെ സാധ്യമാകാൻ? അവിടെ മുതൽ ശക്തമാകാൻ ആരംഭിച്ച, ഹിന്ദുത്വ വാദികളുടെ പേടിസ്വപ്‌നമായ അംബേദ്കർ രാഷ്ട്രീയം രോഹിത് വെമുലയിലൂടെ ശക്തിയാർജിച്ചു. ഇപ്പോഴിതാ പോരാടുന്ന മുസ്‌ലികളുടെയടക്കം മുഴുവൻ പേരുടെയും ഊർജ സ്രോതസ്സായി അംബേദ്കർ മാറിയിരിക്കുന്നു. കമ്യൂണിസ്റ്റുകാർ പോലും അംബേദ്കറുടെ  ചിത്രമുയർത്തിപിട്ടുന്നത് കാലത്തിന്റെ കാവ്യ നീതിയാകുന്നു. ചന്ദ്രശേഖർ ആസാദും ജിഗ്നേഷ് മേവാനിയുമൊക്കെ ഈ പോരാട്ടത്തിന്റെ മുന്നണിപ്പോരാളികളായിരിക്കുന്നു.

പൊതുരംഗത്തിറങ്ങില്ല എന്നു ധരിച്ചിരുന്ന മുസ്‌ലിം സ്ത്രീകളും പെൺകുട്ടികളും പോരാട്ടങ്ങളെ മുന്നിൽ നിന്നു നയിക്കുന്നു. അരുന്ധതി ദേവി പറഞ്ഞ പോലെ ഇക്കുറി സംഘപരിവാറിനു തെറ്റി. നിയമത്തെ ന്യായീകരിക്കുന്നതിൽ ഉന്നത നേതാക്കൾ പോലും പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.  കേരളം, പശ്ചിമ ബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ദൽഹി, തെലങ്കാന, ബിഹാർ, ഒഡിഷ എന്നിവയടക്കം ഒൻപതു സംസ്ഥാന സർക്കാറുകൾ എൻ.ആർ.സിയെ എതിർക്കുന്നത് കേന്ദ്രത്തിന് തലവേദനയായിട്ടുണ്ട്. പൗരത്വ നിയമത്തെ പാർലമെന്റിൽ അനുകൂലിച്ച ജെ.ഡി.യു, ബി.ജെ.ഡി കക്ഷികൾ ഭരിക്കുന്ന ബിഹാർ, ഒഡിഷ സംസ്ഥാനങ്ങൾ എൻ.ആർ.സിയെ എതിർക്കുന്നത് കൂടുതൽ തിരിച്ചടിയായി. കോൺഗ്രസ് പിന്തുണയോടെ ശിവസേന ഭരിക്കുന്ന മഹാരാഷ്ട്രയും എൻ.ആർ.സിക്ക് എതിരാണ്. വടക്കുകിഴക്കൻ മേഖലകളിലെ ബി.ജെ.പി നേതാക്കളും പ്രവർത്തകരും അസ്വസ്ഥരാണ്. അതിനെല്ലാം പുറമേയാണ് ആഗോള തലത്തിൽ ഉയർന്നുവന്നിരിക്കുന്ന എതിർപ്പ് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ.


അതിനിടെ നിയമത്തെ ന്യായീകരിച്ച് കുറെ പ്രമുഖരെ രംഗത്തിറക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. രാജ്യമെങ്ങും 1000 റാലികളും 300 പത്രസമ്മേളനങ്ങളും വീടുവീടാന്തരം കയറിയുള്ള പ്രചാരണം നടത്താനുള്ള നീക്കത്തിലാണ് സംഘ്പരിവാർ. എന്നാലതെല്ലാം എത്രത്തോളും ഫലവത്താകുമെന്ന് കാത്തിരുന്നു കാണേണ്ടിവരും. പിറകോട്ടില്ലെന്നു പ്രധാനമന്ത്രി പറയുമ്പോഴും നിയമത്തിൽ കുറച്ചെങ്കിലും വിട്ടുവീഴ്ചക്ക് കേന്ദ്രം തയാറാകുമെന്നു തന്നെ കരുതാം. എന്തായാലും തുടക്കത്തിൽ സൂചിപ്പിച്ച പോലെ ഇന്ത്യൻ ജനാധിപത്യത്തെയും മതേതരത്വത്തെയും ഫെഡറലിസത്തെയും സാമൂഹിക നീതിയെയും കൂടുതൽ കരുത്തരാക്കുന്ന ഒരു പ്രക്ഷോഭത്തിന് രൂപം നൽകുകയെന്ന ആത്യന്തിക ഫലത്തിലേക്കാണ് തങ്ങളുടെ വിവേകരഹിതമായ നടപടികളിലൂടെ മോഡിയും അമിത് ഷായും ചെന്നെത്തിയത് എന്നതാണ് അന്തിമ ഫലം. ഇത് മോഡി ഭരണകൂടത്തിന്റെ ശവക്കുഴി തോണ്ടലാകുമെന്ന കാര്യത്തിൽ സംശയമില്ല. 

Latest News