Sorry, you need to enable JavaScript to visit this website.

കേരള ബാങ്കും  മലപ്പുറത്തിന്റെ വിയോജിപ്പും

കേരളത്തിന്റെ ബാങ്കിംഗ് മേഖലയിലേക്ക് പുതിയൊരു അതിഥി കൂടി വരികയാണ്. കേരള ബാങ്കിന്റെ വരവ് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിൽ എന്തെല്ലാം തരത്തിലുള്ള ചലനങ്ങളുണ്ടാക്കുമെന്ന് വരും നാളുകളിലാണ് തിരിച്ചറിയാനാകുക. കേരളത്തിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ച് ഒരൊറ്റ ബാങ്ക് ആക്കി മാറ്റുകയെന്ന ആശയം ഇടതുമുന്നണി സർക്കാറാണ് നടപ്പാക്കിയത്. റിസർവ് ബാങ്കിന്റെ അനുമതിയോടെ സഹകരണ മേഖലയിൽ ശക്തമായി പ്രവർത്തിച്ചു വന്ന ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് ആരംഭിക്കുമ്പോൾ സംസ്ഥാന സർക്കാറിന് വിവിധങ്ങളായ ലക്ഷ്യങ്ങളാണുള്ളത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, സജീവമായി നിലകൊള്ളുന്ന കേരളത്തിന്റെ സഹകരണ മേഖലയുടെ ശക്തിയിൽ മറ്റേതൊരു പൊതുമേഖലാ, സ്വകാര്യമേഖലാ ബാങ്കുകളെയും കിടപിടിക്കുന്ന രീതിയിൽ മികച്ചൊരു ബാങ്കിംഗ് സംവിധാന രൂപപ്പെടുത്തുകയെന്നതാണ് പ്രധാന ലക്ഷ്യം. അതോടൊപ്പം സംസ്ഥാനത്തെ ജനങ്ങളുടെ പണം കേരളത്തിലെ സ്വന്തം ബാങ്കിന്റെ കൈയിൽ തന്നെ പിടിച്ചു നിർത്തുകയെന്നതും സർക്കാർ പരസ്യമാക്കാത്ത ലക്ഷ്യമാണ്. കാർഷിക മേഖലയിൽ പലിശ കുറഞ്ഞ വായ്പകൾ ഏറെയുണ്ടാകുമെന്ന പ്രഖ്യാപനത്തോടെയാണ് ഏതാനും ദിവസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ കേരള ബാങ്കിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 


കേരള ബാങ്കുമായി സഹകരിക്കാനും അതിൽ ലയിക്കാനും സംസ്ഥാനത്തെ 13 ജില്ലാ ബാങ്കുകളും തയാറായപ്പോൾ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മാത്രം ലയനത്തെ എതിർത്തിരിക്കുകയാണ്. യു.ഡി.എഫിന് വലിയ ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയനത്തിന് എതിര് നിൽക്കുന്നത് പ്രധാനമായും രാഷ്ട്രീയ കാരണങ്ങൾ കൊണ്ടു തന്നെയാണ്. സംസ്ഥാനത്തെ സഹകരണ മേഖലയെ തകർക്കാൻ മാത്രമേ കേരള ബാങ്കിന്റെ രൂപീകരണം കൊണ്ട് കഴിയൂ എന്നാണ് മലപ്പുറത്തെ യു.ഡി.എഫ് നേതൃത്വം ആരോപിക്കുന്നത്. ജില്ലാ ബാങ്കുകളുടെ കൈവശമുള്ള കോടിക്കണക്കിന് രൂപയുടെ നിക്ഷേപം സ്വന്തമാക്കാനുള്ള സംസ്ഥാന സർക്കാറിന്റെ നീക്കമായും മലപ്പുറത്തെ യു.ഡി.എഫ് നേതാക്കൾ ഇതിനെ കാണുന്നു.
കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ രണ്ടു വർഷം മുമ്പാണ് സംസ്ഥാന സർക്കാർ സജീവമാക്കിയത്. ഇതിന്റെ ഭാഗമായി ജില്ലാ ബാങ്കുകളിൽ നിലവിലുണ്ടായിരുന്ന തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതികളെ പിരിച്ചു വിട്ട് 2017 ഏപ്രിൽ ഒന്നു മുതൽ 14 ബാങ്കുകളിലും സഹകരണ ജോയന്റ് രജിസ്ട്രാറെ അഡ്മിനിസ്ട്രേറ്ററായി സർക്കാർ നിയോഗിച്ചു.  തുടർന്ന് കേരള ബാങ്കിൽ ലയിക്കുന്നത് സംബന്ധിച്ച് ജില്ലാ ബാങ്കുകളുടെ ജനറൽ ബോഡി വിളിച്ചു ചേർത്ത് ചർച്ച നടത്തി. മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ രണ്ട് തവണ കേരള ബാങ്ക് ലയന പ്രമേയം ചർച്ച ചെയ്‌തെങ്കിലും ഭൂരിപക്ഷം ലഭിക്കാത്തതിനാൽ പാസായില്ല. അതേസമയം, മറ്റു 13 ബാങ്കുകളും പ്രമേയത്തെ അനുകൂലിച്ചു. ഇതോടെ മലപ്പുറം ജില്ലാ ബാങ്കിനെ ഒഴിവാക്കി കേരള ബാങ്ക് പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോവുകയായിരുന്നു. 


ലയനത്തിൽ നിന്ന് മാറിനിൽക്കുന്ന മലപ്പുറം ജില്ലാ ബാങ്കിന്റെ ഭാവി എന്താകുമെന്ന ചോദ്യം പ്രസക്തമായി ഉയരുന്നുണ്ട്. ലയനത്തിന് തയാറാകാത്ത മാനേജ്‌മെന്റ് നിലപാടിനെതിരെ മലപ്പുറം ജില്ലാ ബാങ്കിലെ ഒരു വിഭാഗം ജീവനക്കാർ രംഗത്തെത്തിയത് മാനേജ്‌മെന്റിന് തലവേദനയുമായിട്ടുണ്ട്. മലപ്പുറം ജില്ലാ ബാങ്കിന് മാത്രമായി നിലനിൽപുണ്ടാവില്ലെന്ന ആശങ്കയാണ് ജീവനക്കാർ പങ്കുവെക്കുന്നത്. മാത്രമല്ല, കേരളത്തിലെ മറ്റെല്ലാ ജില്ലകളിലെയും ജീവനക്കാർക്ക് പുതിയ കേരള ബാങ്കിന്റെ സർവീസ് ചട്ടങ്ങൾ ബാധകമാകുമ്പോൾ മലപ്പുറം ബാങ്കിലെ ജീവനക്കാർ ഇതിന് പുറത്താകുമെന്നതും അവരുടെ ആശങ്ക വർധിപ്പിക്കുന്നു. ജീവനക്കാർ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സമര പരിപാടികൾ നടത്തിയിരുന്നു. ജനുവരി മുതൽ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.


മലപ്പുറം ജില്ലാ ബാങ്കിന് സ്വന്തം നിലയിൽ പ്രവർത്തിക്കാൻ നിയമ തടസ്സങ്ങളൊന്നുമുണ്ടാകില്ല. എന്നാൽ കേരള ബാങ്കിന് മലപ്പുറം ജില്ലയിലും ശാഖകളുണ്ടാകുമെന്നതിനാൽ സഹകരണ മേഖലയിലെ നിക്ഷേപം കേരള ബാങ്കിലേക്കും ആകർഷിക്കപ്പെടാൻ സാധ്യതയുണ്ട്. ഇത് മലപ്പുറം ജില്ലാ ബാങ്കിനെ സാമ്പത്തികമായി തളർത്തിയേക്കും. മലപ്പുറം ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങളിൽ വലിയൊരു വിഭാഗം ജില്ലാ ബാങ്കുമായി ഇടപാടുകൾ നടത്തുന്നവയാണ്. 2700 കോടി രൂപയോളം ഈ പ്രാഥമിക ബാങ്കുകളുടെ നിക്ഷേപം ജില്ലാ ബാങ്കിലുണ്ട്. യു.ഡി.എഫ് ഭരിക്കുന്ന പ്രാഥമിക ബാങ്കുളുടേതാണ് ഈ തുക ഏറെയും. ജീവനക്കാർ സമരം തുടർന്നാൽ സർവീസ് ബാങ്കുകൾ ഈ തുക പിൻവലിക്കുമെന്ന ഭീഷണിയും ഉയർത്തിയിട്ടുണ്ട്.


യു.ഡി.എഫിനുള്ളിൽ വളർന്നു വരുന്ന ഭിന്നതയാണ് ജില്ലാ ബാങ്ക് നേരിടുന്ന മറ്റൊരു വെല്ലുവിളി. സമരം ചെയ്യുന്ന ജീവനക്കാരിൽ കോൺഗ്രസ് അനുഭാവ സംഘടനകളുടെ പ്രതിനിധികളുമുണ്ട്. കോൺഗ്രസ് ജില്ലാ നേതൃത്വം യു.ഡി.എഫ് തീരുമാനത്തോടൊപ്പമാണെങ്കിലും കോൺഗ്രസ് അനുഭാവികളായ ജീവനക്കാർ സമരത്തിനിറങ്ങിയത് യു.ഡി.എഫിനുള്ളിൽ അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്.
കേരള ബാങ്കിൽ ലയിക്കേണ്ടതില്ലെന്ന മലപ്പുറം ബാങ്കിന്റെ തീരുമാനവും അതിനെതിരെ ജീവനക്കാർ തന്നെ നടത്തുന്ന സമരവും ബാങ്കിന്റെ ഇടപാടുകാരെയും ആശങ്കയിലാക്കുന്നതാണ്.

പ്രവാസികളടക്കമുള്ള പതിനായിരക്കണിക്കിന് പേരാണ് ജില്ലാ ബാങ്കിന്റെ വിവിധ ശാഖകളിലായി ഇടപാടുകൾ നടത്തുന്നത്. അവരുടെ നിക്ഷേപം സുരക്ഷിതമാണെന്നും ബാങ്കിംഗ് സേവനങ്ങൾ തുടർന്നും മുന്നോട്ടു കൊണ്ടുപോകുവാൻ ബാങ്കിന് കഴിയുമെന്നും ഇടപാടുകാരെ ബോധ്യപ്പെടുത്തേണ്ട ബാധ്യത മാനേജ്‌മെന്റിനുണ്ട്. കേരള ബാങ്കിന്റെ വരവ് ജില്ലാ ബാങ്കിന് വലിയ വെല്ലുവിളിയായി മാറും. ആധുനിക ബാങ്കിംഗ് സംവിധാനങ്ങളുമായി കേരള ബാങ്ക് എത്തുമ്പോൾ കിടമൽസരം വർധിക്കും. ഇത് ജില്ലാ ബാങ്കിന്റെ ലാഭത്തിൽ ഇടിവുണ്ടാക്കുമെന്ന ആശങ്ക വർധിച്ചു വരുന്നുണ്ട്.
കേരള ബാങ്കിനൊപ്പമില്ലെന്ന് പറയാൻ മലപ്പുറത്തെ ജില്ലാ ബാങ്കിന് എത്ര കാലം കഴിയുമെന്ന പറയാനാകില്ല. സംസ്ഥാനത്ത് ഇടതു സർക്കാർ ഭരിക്കുന്ന കാലത്ത് മലപ്പുറം ബാങ്കിലെ സമ്പാദ്യം മുഴുവൻ അവർക്ക് നൽകേണ്ടതില്ലെന്ന രാഷ്ട്രീയമായ വാശിയാണ് ഇതിന് പിന്നിലുള്ളത്. സംസ്ഥാനത്ത് യു.ഡി.എഫിന് ഭരണം ലഭിക്കുമ്പോൾ മലപ്പുറം ബാങ്കിന്റെ മാനേജ്‌മെന്റ് ഈ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുമോ എന്ന ചോദ്യവും ബാക്കിയാവുന്നു.

Latest News