കൊച്ചി - ദേശീയ പൗരത്വ ഭേദഗതി നിയമം, പൗരത്വ രജിസ്റ്റർ എന്നിവക്കെതിരെ സാമൂഹിക രംഗത്തെ പ്രമുഖർ ഉൾപ്പെടെയുള്ളവർ അണിനിരന്ന് കൊച്ചിയിൽ കൂറ്റൻ പ്രകടനം.
കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന് മുന്നിൽ നിന്നും കൊച്ചിൻ ഷിപ്പ്‌യാർഡിന് മുന്നിലേക്ക് നടന്ന പീപ്പിൾസ് ലോംഗ് മാർച്ചിൽ വി.ടി. ബൽറാം എം എൽ എ, എഴുത്തുകാരി കെ ആർ മീര, സാമൂഹിക പ്രവർത്തകയായ രേഖാ രാജ്, കനക ദുർഗ, സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള സർവകലാശാലകളിെേലയും കോളേജുകളിലെയും വിദ്യാർത്ഥികൾ എന്നിവർ മാർച്ചിൽ അണിനിരന്നു. ആസാദി മുദ്രാവാക്യങ്ങളും പൗരത്വ നിയമം പിൻവലിക്കണമെന്ന ആവശ്യവുമടങ്ങിയ ബാനറുകളും ഉയർത്തി എം.ജി റോഡ് വഴിയാണ് പ്രകടനം ഷിപ്പ് യാർഡിന് മുന്നിലേക്കെത്തിയത്. സ്ത്രീകളും കുട്ടികളും ഷിപ്പ് യാർഡിന് മുന്നിൽ നിയമത്തിനെതിരെ പ്രതിഷേധം രേഖെപ്പെടുത്തി. പ്രസവം കഴിഞ്ഞ് ദിവസങ്ങൾ മാത്രമായ അമ്മമാരും പ്രതിഷേധത്തിൽ അണിനിരന്നു. മക്കൾക്ക് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് പ്രതിഷേധമെന്ന് അമ്മമാർ വ്യക്തമാക്കി. വസ്ത്രം നോക്കി പ്രതിഷേധക്കാരെ തിരിച്ചറിയാമെന്ന് പറഞ്ഞ നരേന്ദ്ര മോഡിക്കുള്ള മറുപടിയാണ് ജാർഖണ്ഡ് തെരഞ്ഞെടുപ്പ് ഫലമെന്ന് വി.ടി ബൽറാം എം എൽ എ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. രാജ്യത്തെ ഓരോ തെരുവും നിയമത്തിനെതിരെ പ്രതിഷേധത്തിനിറങ്ങുമെന്നും വി.ടി ബൽറാം പറഞ്ഞു.
നിയമം മുസ്‌ലിംകൾക്കെതിരെ മാത്രമാണന്ന് പറയുന്നത് തെറ്റാണെന്ന് രേഖാ രാജ് പറഞ്ഞു. ആർ എസ് എസിന്റെ അജണ്ടയാണ് നിയമമെന്നും അതിനെതിരെയാണ് ആയിരക്കണക്കിനാളുകൾ പ്രതിഷേധിക്കുന്നതെന്നും രേഖാ രാജ് പറഞ്ഞു.ഭ രണഘടനയുടെ ആമുഖം വായിച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സോഷ്യൽ മീഡിയാ കൂട്ടായ്മയിലൂടെയാണ് യുവതീയുവാക്കൾ അണിനിരന്ന ലോംഗ് മാർച്ച് നടന്നത്.