തൃശൂര്‍ - നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ആളുകള്‍ കൂടുതലായി എത്തുമ്പോള്‍ ശുഭപ്രതീക്ഷയോടെ രാവുത്സവം ക്രിസ്മസ് തിരക്കിലേക്ക് നീങ്ങുന്നു. തൃശൂരിന്റെ വ്യാപാര വാണിജ്യ മേഖലയ്ക്ക് പുതിയ ഉണര്‍വു നല്‍കി നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആരംഭിച്ച് ഒരാഴ്ചയാകുമ്പോള്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്. കമനീയമായി അലങ്കരിച്ച നഗരവും വൈദ്യുതാലങ്കാരങ്ങള്‍ നടത്തിയ സ്ഥാപനങ്ങളും മറ്റും കാണാന്‍ മറ്റു ജില്ലകളില്‍നിന്നുപോലും ആളുകള്‍ കുട്ടികളേയും കൊണ്ടെത്തുന്നുണ്ട്.
ആദ്യ ആഴ്ചയില്‍ തന്നെ തൃശൂരിന്റെ വ്യാപാര വാണിജ്യമേഖലയ്ക്ക് ശുഭപ്രതീക്ഷ നല്‍കുന്ന തരത്തിലാണ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ മുന്നോട്ടുപോകുന്നതെന്നാണ് സൂചന.
യാതൊരു അനക്കവുമില്ലാതിരുന്ന പല മേഖലകളിലും ഫെസ്റ്റിവല്‍ ഉണര്‍വു നല്‍കിയിട്ടുണ്ട്. നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ കാണാന്‍ നഗരത്തിലെത്തുന്നവര്‍ ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ കുടുംബസമേതം കയറുന്നതിനാല്‍ നഗരത്തിലേയും സമീപപ്രദേശങ്ങളിലേയും ഹോട്ടലുകളില്‍ പതിവിലേറെ തിരക്കനുഭവപ്പെടുന്നുണ്ട്. ഹോട്ടലുകളിലെ തിരക്കിന്റെ ഗുണം തൃശൂരിലെ പലചരക്ക് - പച്ചക്കറി മാര്‍ക്കറ്റുകളിലേക്ക് വ്യാപിക്കുന്നുണ്ട്. ഫെസ്റ്റിവല്‍ തുടങ്ങും മുന്‍പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ചരക്കുനീക്കം മാര്‍ക്കറ്റുകളില്‍ നടക്കുന്നുണ്ട്.
സാധനസാമഗ്രികള്‍ കൊണ്ടുപോകുന്ന വണ്ടികള്‍ക്കും പതിവില്‍ കൂടുതല്‍ ഓട്ടം കിട്ടുന്നുണ്ട്.
നഗരത്തിലേക്ക് എത്തുന്ന ആളുകള്‍ ഓട്ടോറിക്ഷകളെ ആശ്രയിക്കുന്നതിനാല്‍ ഓട്ടോറിക്ഷക്കാര്‍ക്കും ഫെസ്റ്റിവല്‍ സമയം ഗുണകരമാകുന്നുണ്ട്.
സ്വകാര്യ ബസുകളില്‍ കയറി നഗരം ചുറ്റിക്കാണുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. ഇത് ബസുടമകള്‍ക്ക് ആശ്വാസം പകരുന്നു.
പമ്പുകളിലും തിരക്ക് കൂടിയിട്ടുണ്ട്. ഷോപ്പിംഗ് ഫെസ്റ്റിവലിന് കാറുകളിലും മറ്റുമെത്തുന്നവര്‍ നഗരത്തിലെ പമ്പുകളില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നുണ്ട്.
തിേയറ്ററുകളിലും തിരക്കുണ്ട്. ടെക്‌സ്റ്റൈല്‍ ഷോപ്പുകളിലും ജ്വല്ലറികളിലും ക്രിസ്മസിന്റെതായ തിരക്കുണ്ട്.
ക്രിസ്മസ് വിപണി കൂടി സജീവമായതിനാല്‍ നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ആവേശം കൂടിയിട്ടുണ്ട്.