റിയാദ്- സ്വകാര്യ മേഖലയുടെ സഹകരണത്തോടെ രാജ്യത്തിന്റെ കിഴക്ക് പടിഞ്ഞാറു ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ ലൈൻ സ്ഥാപിക്കാൻ പദ്ധതിയുള്ളതായി ഗതാഗത മന്ത്രി എൻജിനീയർ സാലിഹ് ബിൻ നാസർ അൽജാസിർ അറിയിച്ചു.
റെയിൽവേ മേഖലയിലെ ഈ നിക്ഷേപം രാജ്യത്തിന്റെ വളർച്ചക്ക് ഏറെ ഉപകാരപ്രദമാകും. നിലവിൽ സൗദിയിൽ അയ്യായിരം കിലോമീറ്റർ റെയിൽ പാളവും 28 വിമാനത്താവളങ്ങളുമുണ്ട്. 73,000 കിലോമീറ്ററാണ് റോഡുകളുടെ നീളം. അതോടൊപ്പം മെട്രോ, പൊതുഗതാഗത പദ്ധതികൾ നടന്നുവരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗതാഗത മേഖലയിൽ ചെലവാക്കിയത് 400 ബില്യൺ റിയാലാണ്.
റോഡുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് മന്ത്രാലയത്തിന്റെ പ്രധാന ഉത്തരവാദിത്തം. റോഡുകളിലെ കുഴികളടക്കുന്ന ജോലികൾ സ്വകാര്യ കമ്പനിയുമായി സഹകരിച്ച് പൂർത്തിയാക്കിവരുന്നുണ്ട്. 50 ശതമാനം കുഴികളടക്കുന്ന ജോലികൾ 2018 ൽ പൂർത്തിയാക്കി. വൈകാതെ റോഡുകളുടെ നിലവാരം ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.