റിയാദ്- സൗദി ഇലക്ട്രിസിറ്റി കമ്പനി നടപ്പിലാക്കുന്ന സ്മാർട്ട് മീറ്റർ പദ്ധതിയിൽ മീറ്റർ റീഡിംഗിന് വീടുകൾ തോറും ഇനി ഉദ്യോഗസ്ഥരെത്തില്ല. ഒരു കേന്ദ്രത്തിലിരുന്ന് അവർ റീഡിംഗ് നടത്തുകയും ബില്ലുകൾ അയക്കുകയും ചെയ്യും. ഉപയോക്താക്കൾക്ക് സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷൻ വഴി പ്രതിദിന ഉപയോഗത്തിന്റെ കണക്കും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
35 ലക്ഷം മീറ്ററുകൾ സൗദിയിൽ തന്നെയാണ് നിർമിക്കുന്നത്. എന്നാൽ ഇതിന്റെ ചെലവ് വരിക്കാർ വഹിക്കേണ്ടിവരില്ല. ചില അയൽരാജ്യങ്ങളിലുള്ള ഇത്തരം സ്മാർട്ട് മീറ്ററുകളെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ വിവിധ അഭിപ്രായങ്ങൾ കേൾക്കുന്നുണ്ട്. എന്നാൽ ഇവിടെ കൊണ്ടുവരുന്ന സ്മാർട്ട് മീറ്റർ പദ്ധതി സമ്പൂർണമാണ്. പഴയത് മാറ്റി പുതിയത് സ്ഥാപിക്കൽ, ടെലി കമ്യൂണിക്കേഷൻ സംവിധാനം ബന്ധിപ്പിക്കൽ, മീറ്ററിന്റെ പ്രവർത്തന കേന്ദ്രം, മൂന്ന് വർഷത്തേക്കുള്ള അറ്റകുറ്റ പണികൾ എന്നിവയെല്ലാം നിലവിലെ പദ്ധതിയിലുൾപ്പെട്ടതാണ് കമ്പനി അറിയിച്ചു.