റിയാദ്- പൂക്കടകളിൽ പൂച്ചെണ്ട് നിർമാണത്തിന് കറൻസി നോട്ടുകൾ ഉപയോഗിക്കുന്നത് നിർത്തലാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി അറേബ്യൻ മോണിറ്ററി ഏജൻസി വാണിജ്യ മന്ത്രാലയത്തിന് കത്തയച്ചു. വിവാഹമടക്കമുള്ള ചടങ്ങുകളിൽ സമ്മാനങ്ങൾ നൽകുന്നതിന്റെ ഭാഗമായി കറൻസി നോട്ടുകൾ അലങ്കരിച്ച പൂച്ചെണ്ടുകൾ നൽകുന്നത് വ്യാപകമായതിനെ തുടർന്നാണ് സാമയുടെ മുന്നറിയിപ്പ്.
പൂച്ചെണ്ടുകളിൽ നോട്ടുകൾ ഉപയോഗിക്കുമ്പോൾ രാസപദാർഥങ്ങൾ പുരണ്ട് അവ കേടാവുന്നുണ്ട്. സമ്മാനം ലഭിക്കുന്നവർ പിന്നീട് സാമയിലെത്തി അവ മാറ്റിയെടുക്കുന്നു. ദേശീയ ചിഹ്നമായി ഉപയോഗിക്കുന്ന നോട്ടുകളെ ബഹുമാനിക്കണം. രാജ്യത്തിന്റെ കറൻസി നോട്ടുകളുടെ രൂപം മനപ്പൂർവം ആരെങ്കിലും മാറ്റാൻ ശ്രമിക്കുകയോ നോട്ടുകൾ കീറുകയോ രാസ പദാർഥങ്ങളുപയോഗിച്ച് കഴുകുകയോ കനം കുറക്കുകയോ ഭാഗികമായി നശിപ്പിക്കുകയോ ചെയ്താൽ മൂന്നു മുതൽ അഞ്ച് വർഷം വരെ തടവോ 3000 മുതൽ 10,000 റിയാൽ വരെ പിഴയോ രണ്ടുമൊന്നിച്ചോ ശിക്ഷ നൽകണമെന്നതാണ് നിയമം -സാമ കത്തിൽ വിശദീകരിച്ചു.