Sorry, you need to enable JavaScript to visit this website.

ജനഹൃദയങ്ങളിൽ ജീവിക്കുന്ന ലീഡർ

  • ഇന്ന് കെ. കരുണാകരന്റെ ചരമവാർഷികം

ഏഴു പതിറ്റാണ്ട് കാലം കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും നിറഞ്ഞു നിന്ന് സംഭവ ബഹുലമായ ജീവിതത്തിനുടമയായിരുന്നു  ലീഡർ കെ. കരുണാകരൻ. അണികൾ സ്‌നേഹ വായ്‌പോടെ വിളിച്ച ലീഡർ എന്ന പ്രയോഗം മാധ്യമങ്ങൾ ഏറ്റെടുത്തതോടെ കെ. കരുണാകരൻ എന്ന പേര് ലീഡർക്ക് വഴിമാറിക്കൊടുത്തു. 
വിട പറഞ്ഞിട്ട് ഇന്നേക്ക് ഒൻപതു വർഷം പൂർത്തിയായെങ്കിലും സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളിൽ ലീഡറുടെ രാഷ്ട്രീയ ജീവിതം ഏറെ പ്രസക്തമാണ്. ലീഡർക്കു പകരം വെക്കാൻ വേറൊരു ലീഡർ വരാത്തത് നമ്മുടെ രാഷ്ട്രീയ മൂല്യച്യുതി വിളിച്ചോതുന്നു. പ്രാദേശിക ദേശീയ തലങ്ങളിൽ മുടിചൂടാമന്നന്മാരായ  നിരവധി  നേതാക്കൾ വ്യത്യസ്ത ഗുണവിശേഷണങ്ങൾ കൊണ്ട് പ്രഗത്ഭരായെങ്കിലും ലീഡർ എന്ന പദത്തിന് ആളും അർത്ഥവും നൽകിയ ഏക നേതാവ് കെ. കരുണാകരനെന്ന രാഷ്ട്രീയ ചാണക്യൻ മാത്രമാണ്. 
രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടാനില്ലാത്ത ഒരു തറവാട്ടിൽനിന്നും ജ്വലിക്കുന്ന പോരാട്ടത്തോടെയാണ് കരുണാകരന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഇന്നത്തെ തലമുറക്ക് അദ്ദേഹത്തിന്റെ ധീരമായ പോരാട്ട ചരിത്രം ഒരു പക്ഷേ വേണ്ട വിധത്തിൽ മനസ്സിലാക്കാൻ സാധിക്കാത്തതുകൊണ്ടാകും അരാഷ്ട്രീയ വാദത്തിനു അവരുടെ ഇടയിൽ പ്രസക്തി കൂടുന്നത് എന്ന് തന്നെ വേണം മനസ്സിലാക്കാൻ.  
രാജ്യത്ത്   ഇന്ന് പൗരത്വ ബില്ലിന്റെ പേരിൽ സമരങ്ങൾ ശക്തമാകുമ്പോൾ 
കെ. കരുണാകരൻ എന്ന കുശാഗ്ര ബുദ്ധിയായ പ്രായോഗിക രാഷ്ട്രീയക്കാരന്റെ  അഭാവം നഷ്ടബോധത്തോടെ ഓർത്തു പോകുന്നു. ദീർഘ വീക്ഷണമുള്ള കെ. കരുണാകരൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ പാർലമെന്റിൽ ഇങ്ങനെയൊരു ബില്ല് പാസാകില്ലായിരുന്നു എന്ന് തന്നെ ഉറപ്പിച്ചു പറയാം. ജാതിമത ചിന്തകൾക്ക് അതീതമായി കേരള ജനതയെ ഏതു പ്രതിസന്ധി ഘട്ടങ്ങളിലും നയിക്കാൻ പ്രാപ്തനായ ഒരു മുഖ്യമന്ത്രി ആയിരുന്നു കെ. കരുണാകരൻ.
രാഷ്ട്രീയ പോരാട്ടത്തിന്റെ മണ്ണായ കണ്ണൂരിലെ ചിറക്കൽ എന്ന ഗ്രാമത്തിലായിരുന്നു 
1918 ജൂലൈ 5 നു കരുണാകരന്റെ ജനനം.   മാതാപിതാക്കൾക്കൊപ്പം മുഴപ്പിലങ്ങാട്ട് താമസിക്കുന്ന കാലത്താണ് കരുണാകരൻ രാഷ്ട്രീയ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്നത്. 
മഹാത്മാ ഗാന്ധിയുടെ മലബാർ സന്ദർശന വേളയിൽ ഗാന്ധിജിയെ കാണാൻ പതിനൊന്നുകാരനായ  ആ ബാലൻ എടക്കാട്ട് എത്തുകയും ഗാന്ധിജിയെ കണ്ടത് മുതൽ ഗാന്ധിയൻ ദർശനങ്ങളിലാകൃഷ്ടനായി അതിന്റെ അകവും പൊരുളും തേടിയുള്ള യാത്രക്ക്  തുടക്കമിടുകയുമായിരുന്നു. അതോടെ സ്വന്തം പേരിലുള്ള ജാതിപ്പേര് മുറിച്ചു മാറ്റിക്കൊണ്ട് ആദ്യ പോരാട്ടത്തിനു നാന്ദി കുറിച്ചു. സ്‌കൂളിൽ പഠിക്കുന്ന സമയത്താണ് ഈ ചരിത്ര പോരാട്ടം അദ്ദേഹം നടത്തിയത് എന്നോർക്കുമ്പോൾ, ആ പോരാട്ട വീര്യത്തിന്റെ ആഴം മനസ്സിലാക്കാവുന്നതേ ഉള്ളൂ. സർവകലാശാലാ വിദ്യാഭ്യാസമോ  ബിരുദങ്ങളോ  അദ്ദേഹത്തിനുണ്ടായിരുന്നില്ല. പക്ഷേ രാഷ്ട്രീയത്തിൽ അദ്ദേഹത്തോളം ബുദ്ധിപാടവമുള്ള നേതാക്കൾ വിരളമാണ്. വായനയിലും പഠനത്തിലും ശരാശരിക്കാരൻ മാത്രമായിരുന്ന കരുണാകരൻ ചെറുപ്പത്തിലേ ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും മറ്റും ചിത്രങ്ങൾ വരച്ച് തന്നിലുള്ള കലാകാരന്റെയും രാഷ്ട്രീയക്കാരന്റെയും കഴിവ്  പ്രകടമാക്കി.
ജന്മം കൊണ്ട് കണ്ണൂർ ജില്ലക്കാരനെങ്കിലും കർമം കൊണ്ട് അദ്ദേഹം തൃശൂർക്കാരനായിരുന്നു. ചിത്രകല  പഠിക്കാൻ തൃശൂരിലെത്തിയ കരുണാകരൻ പീടികത്തൊഴിലാളികൾ, സീതാറാം മിൽ തൊഴിലാളികൾ, അന്തിക്കാട്ടെ ചകിരിത്തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിലുള്ള പാവപ്പെട്ട തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പഠിച്ച് തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുത്ത് മുന്നോട്ട് പോകുമ്പോഴാണ്  പാവപ്പെട്ട തൊഴിലാളികളുടെ കണ്ണിലുണ്ണിയും രാഷ്ട്രീയ എതിരാളികളുടെ കണ്ണിലെ കരടുമായി മാറുന്നത്. രാഷ്ട്രീയ രംഗത്ത് എന്നും എതിർപ്പുകളെയും വെല്ലുവിളികളെയും നേരിട്ട് വിജയക്കൊടി പാറിച്ച ഇത്ര വലിയ ചരിത്രം വേറൊരു നേതാവിനും അവകാശപ്പെടാനുണ്ടാകില്ല. എതിരാളികളുടെ രാഷ്ട്രീയ പകപോക്കലിന്റെ ഫലമായി തട്ടിൽ എസ്‌റ്റേറ്റ് കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ ആദ്യ രാഷ്ട്രീയ വെല്ലുവിളി നേരിട്ട്  ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും  തനിച്ചാക്കി ലീഡർ ഒളിവിൽ പോയി. സഹധർമിണി കല്യാണിക്കുട്ടിയമ്മ നൽകിയ നൂറു രൂപ നോട്ടും മടിയിൽ തിരുകി ഇരുളിന്റെ മറവിൽ കെ. കരുണാകരൻ വീട് വിട്ടിറങ്ങി. ജീവിതത്തിലുടനീളം നേരിടേണ്ടി വന്ന അഗ്‌നി പരീക്ഷണങ്ങളെ നേരിടാനുള്ള അസാമാന്യമായ മനക്കരുത്തും തന്റേടവും കരുണാകരൻ ആർജിക്കുന്നത് ഒരു പക്ഷേ ഈ ഒളിജീവിതത്തിൽ നിന്നാകാം.

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നാഴികക്കല്ലായ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം സംഘടിപ്പിക്കുന്നതിൽ കെ. കരുണാകരൻ നേതൃപരമായ പങ്കു വഹിച്ചു.  ബ്രിട്ടീഷ് പട്ടാളക്കാർ നേതാക്കളെ മർദിക്കുന്നതു കണ്ട് ഭയവിഹ്വലരായ ജനത്തിനിടയിൽ നിന്നും മൂവർണക്കൊടിയുമേന്തി ഉശിരോടെ മഹാത്മാ ഗാന്ധി കീ ജയ്, ബ്രിട്ടീഷുകാർ രാജ്യം വിടുക എന്ന മുദ്രാവാക്യം വിളിച്ച കരുണാകരന് ബ്രിട്ടീഷ് പട്ടാളത്തിന്റെ ക്രൂരമായ മർദനമേൽക്കേണ്ടി വന്നു. ക്വിറ്റ് ഇന്ത്യാ സമരം വിദ്യാർഥികളിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കു വലുതായിരുന്നു. തുടർന്ന് വിയ്യൂർ ജയിലിലടക്കപ്പെട്ട കരുണാകരൻ പ്രമുഖ സ്വാതന്ത്ര്യ  സമര നേതാക്കളായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോൻ, ഇക്കണ്ട വാര്യർ, വി.ആർ. കൃഷ്ണനെഴുത്തച്ഛൻ തുടങ്ങിയവർക്കൊപ്പമായിരുന്നു. ജയിലിനകത്ത് രക്തവും പച്ചിലയും കൊണ്ട് മൂവർണക്കൊടിയുടെ ചിത്രം വരച്ച കരുണാകരൻ തന്റെ പോരാട്ട വീര്യം പ്രകടമാക്കി. ജയിൽ വാസത്തിനു ശേഷം തൃശൂരിൽ വന്ന കരുണാകരൻ പിന്നീട് കോൺഗ്രസ് പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഴുകി. 
തെരഞ്ഞെടുപ്പ് രംഗത്തെ വെല്ലുവിളികൾ കൈകാര്യം ചെയ്യാൻ കരുണാകരനുണ്ടായിരുന്ന പ്രാഗത്ഭ്യം അപാരം തന്നെയായിരുന്നു. തോൽക്കുമെന്നുറപ്പുള്ള മണ്ഡലങ്ങൾ നൽകിയിട്ടും കരുണാകരൻ വിജയിക്കുകയും കൂടുതൽ കൂടുതൽ ജനകീയനാവുകയും ചെയ്യുകയായിരുന്നു. സുരക്ഷിത മണ്ഡലങ്ങൾ തേടിപ്പോകുന്ന ഇന്നത്തെ നേതാക്കളിൽ നിന്നും വ്യത്യസ്തനായിരുന്നു അദ്ദേഹം. ജീവിത സഖി കല്യാണിക്കുട്ടിയമ്മയുടെ മരണം കരുണാകരന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. അതുപോലെ തന്നെയായിരുന്നു ഇന്ദിരാജിയുടെയും  രാജീവ് ഗാന്ധിയുടെയും മരണവും. 
ദേശീയ തലത്തിൽ കോൺഗ്രസ് പിളർന്ന ഘട്ടത്തിൽ ഇന്ദിരാ ഗാന്ധിക്കൊപ്പം അചഞ്ചലനായി നിന്ന് തന്റെ ആത്മാർഥതയും കൂറും തെളിയിച്ചു.   എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും നല്ല കാലങ്ങളിലും ഇന്ദിരാ ഗാന്ധിയോടൊപ്പം ഉറച്ചു നിന്ന നേതാവായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസന രംഗത്ത് കെ. കരുണാകരൻ നൽകിയ സംഭാവനകൾ നിസ്തുലമാണ്. കേരളത്തിലെ പതിനാല് ജില്ലകളിലും കരുണാകര സ്പർശമുള്ള എന്തെങ്കിലും വികസന പദ്ധതികളുണ്ടാകും. കരിപ്പൂർ വിമാനത്താവളവും നെടുമ്പാശ്ശേരി വിമാനത്താവളവും പ്രവാസികളുടെ മനസ്സിൽ ആദ്യം ഓർമയിൽ വരുന്ന വികസന പദ്ധതികളാണ്. 
കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ഇന്ന് നേതൃസ്ഥാനത്തുള്ള ഒട്ടു മിക്ക നേതാക്കളുടെയും വളർച്ചയിൽ കരുണാകരൻ വഹിച്ച പങ്ക് നിർണായകമാണ്. ആരോപണങ്ങളെയും പരിഹാസങ്ങളെയും കണ്ണിറുക്കി ചിരിച്ച് നേരിട്ട നേതാവ്, മാളയുടെ മാണിക്യം, ആശ്രിത വൽസലൻ, ഭീഷ്മാചാര്യർ, രാഷ്ട്രീയ ചാണക്യൻ, വികസന നായകൻ തുടങ്ങിയ വിശേഷണങ്ങളോടൊപ്പം എടുത്തു പറയേണ്ടതാണ് അണികളോടുള്ള അടുപ്പവും. 
 

Latest News