കൊച്ചി- നടിയെ അക്രമിച്ച കേസിൽ നടൻ ദിലീപിന്റെ പേരിൽ ഇരുപത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ. നടിയെ അക്രമിച്ച് അപകീർത്തിപരമായ ദൃശ്യങ്ങൾ പകർത്താൻ ഒന്നാം പ്രതി പൾസർ സുനിയുമൊത്ത് പല സ്ഥലങ്ങളിൽ ഗൂഢാലോചന നടത്തിയെന്നാണ് കുറ്റം. കേസിൽ ദിലീപിനെതിരെ ഒരു മാസത്തിനകം അനുബന്ധ കുറ്റപത്രം സമർപ്പിക്കും. കേസിൽ നിലവിൽ പതിനൊന്നാം പ്രതിയായ ദിലീപ് കുറ്റപത്രം സമർപ്പിക്കപ്പെടുന്നതോടെ രണ്ടാം പ്രതിയാകും.
കൂട്ടമാനഭംഗത്തിനുള്ള വകുപ്പുകളടക്കമാണ് പൾസർ സുനിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതിലെ ഗൂഢാലോചനയാണ് ദിലീപിനെതിരെ കുറ്റപത്രത്തിലുള്ളത്. അതേസമയം, കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ ഇതേവരെ കണ്ടെടുക്കാൻ അന്വേഷണ സംഘത്തിനായിട്ടില്ല. കേസിൽ ഇനി കാര്യമായ അറസ്റ്റ് നടക്കാനില്ലെന്നാണ് പോലീസ് നൽകുന്ന സൂചന. ദിലീപിന്റെ ബന്ധുക്കളെയും ഭാര്യ കാവ്യാ മാധവനെയുമെല്ലാം പോലീസ് ചോദ്യം ചെയ്തിരുന്നു.