മനുഷ്യർക്കിടയിലെ സാഹോദര്യത്തിന്റെ ഇഴയടുപ്പം വറ്റിച്ചുകളയാൻ ആസൂത്രിത ശ്രമം നടക്കുന്നതിനിടയിലും വറ്റാത്ത സ്‌നേഹത്തിന്റെ തെളിമ വിളിച്ചുപറയുകയാണ് ചില ചിത്രങ്ങൾ. ട്രെയിൻ യാത്രക്കിടെ മുസ്്‌ലിം സ്ത്രീയുടെ മടിയിൽ കിടന്നുറങ്ങുന്ന ശബരിമല യാത്രികയായ പെൺകുട്ടിയുടെ ചിത്രമാണ് ഇന്ന് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. മുഖമക്കന ധരിച്ച സ്്ത്രീയുടെ മടിയിൽ കിടന്നാണ് പെൺകുട്ടി ഉറങ്ങുന്നത്. ഉറങ്ങുന്നതിടയിലും സ്ത്രീ പെൺകുട്ടിയെ ചേർത്തുപിടിച്ചിട്ടുണ്ട്. ശബരിമല യാത്രക്കിടെ പരശുറാം എക്‌സ്പ്രസിൽനിന്നാണ് ഈ ചിത്രമെടുത്തത്. സന്ദീപിന്റെ മകൾ വേദയാണ് കാസർക്കോട് സ്വദേശിനിയായ തബ്ശീറിന്റെ മടിയിലാണ് വേദ കിടന്നുറങ്ങുന്നത്. വേദയുടെ അച്ഛൻ സന്ദീപ് തന്നെയാണ് ഈ ചിത്രം പകർത്തിയത്.
ഈ ചിത്രത്തെ പറ്റി സന്ദീപ് ഗോവിന്ദ് ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പ്.
മതവേഷംകെട്ടി ആലിംഗനം ചെയ്ത് ഫ്‌ളക്‌സ് ബോർഡുകളിൽ ഭിത്തിയിൽ തൂങ്ങുന്നിടത്തല്ല ഈ രാജ്യത്തിന്റെ മതേതരത്വവും സാഹോദര്യവും. അത് കാലങ്ങളായി വെള്ളവും വളവും നൽകി തലമുറകൾ വളർത്തിയതാണ്.
വേഷം പോലും രാഷ്ട്രീയവത്കരിക്കപ്പെടുന്ന കാലത്ത് ഈ ചിത്രം ഇവിടെ ചേർത്തുവെക്കുന്നു.
ശബരിമല യാത്രക്കിടെ പരശുറാം എക്‌സ്പ്രസിൽ ഉറങ്ങുന്ന വേദ മോളും അവളെ ചേർത്തു പിടിച്ചുറങ്ങുന്ന പേരറിയാത്ത ഒരുമ്മയും വേദയുടെ അച്ഛൻ സന്ദീപേട്ടന്റെ കാമറയിൽ പതിഞ്ഞപ്പോൾ. ജാതിയും മതവും കലരാത്ത മാതൃസ്‌നേഹവും സഹോദര്യവും സൗഹൃദവുമാണ് നാം ശീലിച്ചത്. ഇവർ രണ്ടുപേരുമണിഞ്ഞ കറുപ്പിന് പോലും ഈ നാടിന്റെ കഥ പറയാനുണ്ട്.
അതെ, ഇതാണ് ഇന്ത്യ എന്നായിരുന്നു സന്ദീപിന്റെ കുറിപ്പ്.
വി.ടി ബൽറാം എം.എൽ.എ അടക്കം നിരവധി പേരാണ് ഈ ചിത്രം ഷെയർ ചെയ്തത്. ധരിച്ച വേഷം നോക്കി ദേശസ്‌നേഹം കണക്കാക്കുന്നവർക്കുള്ള മറുപടിയാണ് ഈ ചിത്രമെന്നായിരുന്നു ബൽറാം ഫെയ്‌സ്ബുക്കിൽ കുറിച്ചത്.
മറ്റൊരു തീവണ്ടിയാത്രക്കിടെ ദർസ് വിദ്യാർഥിയെ ചേർത്തുപിടിച്ച ഒരമ്മയുടെ മടിയിൽ കിടന്നുറങ്ങുന്ന പഴയ ചിത്രമാണ് ഹിദായത്ത് നിലമ്പൂർ എന്നയാൾ ഈ ചിത്രത്തിനൊപ്പം ഫെയ്‌സ്ബുക്കിൽ ചേർത്തുവെച്ചത്. ഈ രണ്ട് ചിത്രങ്ങളും ശ്രദ്ധിച്ചു നോക്കൂ. ഒന്നാമത്തെ ചിത്രം ട്രെയിൻ യാത്രക്കിടയിൽ ഉറങ്ങിപ്പോയ ഒരു ദർസ് വിദ്യാർത്ഥിയെ സ്വന്തം മകനെ പോലെ ചേർത്ത് പിടിച്ച ഒരു അമ്മ.
രണ്ടാമത്തെ ചിത്രത്തിൽ ശബരിമല യാത്രക്കിടെ പരശുറാം എക്‌സ്പ്രസിൽ ഉറങ്ങുന്ന വേദ എന്ന മോളും അവളെ ചേർത്തു പിടിച്ചുറങ്ങുന്ന പേരറിയാത്ത ഒരുമ്മയും വേദയുടെ അച്ഛൻ സന്ദീപേട്ടന്റെ കാമറയിൽ പകർത്തിയതാണ് ഈ ചിത്രം.
ഈ രണ്ടു ചിത്രത്തിലും യാതൊരു വിധ കൃത്രിമ ഭാവങ്ങളുമില്ല. രണ്ടും യാദൃശ്ചികമായി സംഭവിച്ചതാണ്. ജാതിയും മതവും കലരാത്ത മാതൃസ്‌നേഹവും സഹോദര്യവും സൗഹൃദവുമാണ് ഈ ചിത്രം വിളിച്ചോതുന്നത്.
ഞങ്ങൾ മതസൗഹാർദ്ദത്തിന്റെ വാക്താക്കൾ ആണെന്ന് വരുത്തി തീർക്കാൻ ആഘോഷ വേളകളിൽ വിത്യസ്ത മതങ്ങളുടെ വേഷം കെട്ടി ആലിംഗനം ചെയ്ത് ഫ്‌ലക്‌സ് ബോർഡുകളിൽ തെരുവിലെ വിളക്ക് കാലുകളിൽ തൂങ്ങുന്നിടത്തല്ല നമ്മുടെ നാടിന്റെ മതസൗഹാർദ്ദവും, മതേതരത്വവും നിലനിൽക്കുന്നത്. അത് സ്വാഭാവികമായും കാലങ്ങളായി നമ്മുടെ നാട്ടിൽ നിലനിൽക്കുന്നതാണ്.
തലമുറകളായി കാത്തു സൂക്ഷിച്ചു പോരുന്ന ഈ സംസ്‌കാരം എന്നും നമ്മുടെ നാട്ടിൽ നിലനിൽക്കണം. വേഷത്തിൽ പോലും രാഷ്ട്രീയം കാണുന്ന ഈ കാലത്ത് ഈ രണ്ടു ചിത്രങ്ങളുടെയും പ്രസക്തി വർദ്ധിക്കുന്നുവെന്നും ഹിദായത്ത് നിലമ്പൂർ എഴുതി.
നാട്ടിലെ സാധാരണ സംഭവങ്ങൾ ഇത്രയും പ്രാധാന്യത്തോടെ ലോകത്തെ അറിയിക്കേണ്ട തരത്തിൽ സ്‌നേഹശൂന്യത പേടിപ്പിക്കുന്നുവെന്ന് പലരും ചിത്രങ്ങൾക്ക് കമന്റ് ചെയ്യുന്നുണ്ട്.