കോഴിക്കോട്- ലോകത്തിനു മുമ്പിൽ തലയെടുപ്പോടെ നിന്ന ഭരണഘടന പിച്ചിച്ചീന്തി ഒരു വിഭാഗത്തോട് അനീതിക്ക് തുനിഞ്ഞ പ്രധാനമന്ത്രി മോഡിയാണ് ഇന്ത്യയെ ലോകത്തിനു മുമ്പിൽ നാണംകെടുത്തുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പ്രക്ഷോഭകർ രാജ്യത്തിന്റെ പ്രതിഛായ നശിപ്പിക്കുന്നുവെന്നത് വിലകുറഞ്ഞ ആരോപണമാണ്. എം.എസ്.എഫ് സംസ്ഥാന സമ്മേളനം കോഴിക്കോട് ബീച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അകാലിദളിനെയും രാംവിലാസ് പാസ്വാനെയുമൊന്നും ബോധ്യപ്പെടുത്താനാവാത്ത പൗരത്വ ഭേദഗതി നിയമം കോൺഗ്രസ്സും പ്രതിപക്ഷവും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പറഞ്ഞ് രക്ഷപ്പെടാനാവില്ല. എൻ.ഡി.എയോട് ഓരോ ഘടക കക്ഷികൾ സലാം പറഞ്ഞ് തുടങ്ങിയിരിക്കുന്നു.
ഭരണഘടനയുടെ അടിസ്ഥാന തത്വമായ തുല്ല്യനീതിയുടെ കടക്കൽ കത്തിവെക്കുകയാണ് മോഡിയും അമിത്ഷായും ചെയ്തത്. ഇക്കാര്യത്തിൽ നീതിക്കായി സുപ്രീം കോടതിയിൽ കേസ്സ് ഫയൽ ചെയ്തിട്ടുണ്ട്. ലോകത്ത് കിട്ടാവുന്ന ഏറ്റവും മികച്ച വക്കീലിനെ വെച്ച് തന്നെ വാദിക്കും. മുസ്ലിംകളാരും പൗരത്വത്തിൽ നിന്ന് പുറത്തുപോവില്ലെന്ന് ഉറപ്പു തരാമെന്നാണ് മോഡി രാംലീല മൈതാനിയിൽ പ്രസംഗിച്ചത്. രാജ്യത്തെ 130 കോടി ജനങ്ങളുടെ പൗരത്വം മോദിയുടെ ഔദാര്യമല്ലെന്ന് അവർ ഓർക്കണം.
എത്രകാലം നീളും ഈ പ്രതിഷേധമെന്നാണ് ചിലർ ചോദിക്കുന്നത്. ഇതു വിജയം കണ്ട് മാത്രമെ അവസാനിപ്പിക്കൂ. രാജ്യത്തെ പ്രബുദ്ധമായ ക്യാമ്പസുകളിൽ നിന്ന് ഉയരുന്ന പ്രതിഷേധ ശബ്ദങ്ങളും പ്രതിഷേധങ്ങളും ഒറ്റപ്പെട്ടതോ എന്തെങ്കിലും ചെറിയ അജണ്ടയുടെ പുറത്തോ അല്ല. ഏതെങ്കിലും ഒരു വിഭാഗത്തിനു വേണ്ടിയുള്ളതുമല്ല. ജനാധിപത്യ മതേതര ഇന്ത്യയെ ഉറപ്പാക്കാനുള്ള പൊതു മുന്നേറ്റമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു.
അഡ്വ.ദീപിക സിങ് രജാവത്ത്, നെയ് ദുനിയ ചീഫ് എഡിറ്റർ ഷാഹിദ് സിദ്ദീഖി, മുസ്്‌ലിലീഗ് ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, പ്രതിപക്ഷ ഉനേതാവ് ഡോ.എം.കെ മുനീർ, മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി., എം.സി മായിൻഹാജി, സി മോയിൻകുട്ടി, കെ.എസ് ഹംസ, പി.എം ഹനീഫ്, അബ്ദുറഹിമാൻ രണ്ടത്താണി, സി.പി ചെറിയമുഹമ്മദ്, അബ്ദുറഹിമാൻ കല്ലായി, മുസ്്‌ലിം യൂത്ത്‌ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈർ, സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി, ജനറൽ സെക്രട്ടറി കെ.എ ഹർഷാദ് ചെന്നൈ, മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, ജനറൽ സെക്രട്ടറി എം.എ റസാഖ് മാസ്റ്റർ, എൻ.സി അബൂബക്കർ, ടി.ടി ഇസ്്മായിൽ സംസാരിച്ചു. എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി നവാസ് സ്വാഗതവും ട്രഷറർ യൂസുഫ് വല്ലാഞ്ചിറ നന്ദിയും പറഞ്ഞു.