Sorry, you need to enable JavaScript to visit this website.

ടാക്‌സികൾ സമ്പൂർണ സൗദിവൽക്കരണത്തിലേക്ക്; ഓൺലൈൻ ടാക്‌സി അടുത്ത വർഷം

റിയാദ് - സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്‌സി ജോലികൾ അടുത്ത വർഷം മുതൽ സ്വദേശികൾക്ക് മാത്രമായിരിക്കുമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് തൊഴിൽ സാമൂഹിക മന്ത്രാലയവും പൊതുഗതാഗത അതോറിറ്റിയും തമ്മിൽ ധാരണയിലെത്തി. ഈ വർഷാവസാനത്തോടെ ഈ മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ വിദേശികളെയും മാറ്റി സൗദികളെ നിയമിക്കാൻ തൊഴിൽ മന്ത്രാലയം നേരത്തെ സാവകാശം അനുവദിച്ചിരുന്നു.
എന്നാൽ നിരത്തിലോടുന്ന സാധാരണ ടാക്‌സികൾക്ക് ഇപ്പോൾ സൗദിവൽക്കരണം ബാധകമാവില്ല. 2020 ൽ അവർക്ക് നിലവിലെ രീതി തുടരാമെങ്കിലും 2021 ൽ എല്ലാ ടാക്‌സികളും ഓൺലൈൻ സേവന ദാതാക്കളുമായി കരാറൊപ്പു വെക്കണമെന്നാണ് നിർദേശമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. പിന്നീട് വിദേശികൾക്ക് സർവീസ് നടത്താനാവില്ല. അതോടെ ടാക്‌സി മേഖലയിൽ നിന്ന് വിദേശികൾ പൂർണമായും പുറത്താവും.
അതേസമയം ഓൺലൈൻ ടാക്‌സി മേഖലയിൽ സൗദികളെ മാത്രമേ ജോലിക്ക് നിശ്ചയിക്കാവൂവെന്ന് ബന്ധപ്പെട്ടവരെ അറിയിക്കണമെന്നാവശ്യപ്പെട്ട് സൗദി ചേംബർ ഓഫ് കൊമേഴ്‌സ് പ്രാദേശിക ചേംബർ കൗൺസിലുകൾക്ക് നിർദേശം നൽകി.
നിലവിൽ അഞ്ചു ലക്ഷത്തോളം സൗദികളാണ് ഫുൾടൈം, പാർട്ട് ടൈം അടിസ്ഥാനത്തിൽ ഇപ്പോൾ ഓൺലൈൻ ടാക്‌സി കമ്പനികൾക്ക് കീഴിൽ ജോലി ചെയ്യുന്നതെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. രണ്ടു വർഷത്തിനിടെ ഓൺലൈൻ ടാക്‌സി മേഖലയിൽ വലിയ വളർച്ചയാണുണ്ടായത്. സമൂഹത്തിലെ വിവിധ തുറകളിൽ പെട്ട ലക്ഷക്കണക്കിന് ആളുകളുടെ യാത്ര ഓൺലൈൻ ടാക്‌സി സേവനം എളുപ്പമാക്കി. 
ഡ്രൈവർമാരും യാത്രക്കാരും കമ്പനികളും അടക്കം ഓൺലൈൻ ടാക്‌സി മേഖലയിലെ ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കും. 
ഗതാഗത സേവനം നൽകുന്നതിൽ സൗദികൾ കഴിവും കാര്യക്ഷമതയും തെളിയിച്ചതായും അതോറിറ്റി വക്താവ് പറഞ്ഞു. പൊതുഗതാഗത അതോറിറ്റിയെയും ഓൺലൈൻ ടാക്‌സി കമ്പനികളെയും ബന്ധിപ്പിക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം ആയ 'വസൽ' 2017 നവംബറിലാണ് കമ്മീഷൻ ചെയ്തത്.

Latest News