ന്യൂദൽഹി - പൗരത്വം കിട്ടാതെ വരുന്ന മുസ്‌ലിംകൾക്കായി തടങ്കൽ പാളയങ്ങൾ പണിയുമെന്നത് വെറു നുണപ്രചാരണം മാത്രമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗത്തിന് കോൺഗ്രസിന്റെ മറുപടി. ഒരു തവണ ഗൂഗിൾ സെർച്ച് ചെയ്താൽ മതി ഈ പ്രറഞ്ഞത് തെറ്റാണെന്ന് തെളിയുമെന്ന് കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ പേജിൽ വ്യക്തമാക്കി.
'തടങ്കൽ പാളയങ്ങൾ ഇല്ലെന്ന പ്രസ്താവനയുടെ യാഥാർഥ്യം പരിശോധിക്കാൻ, ഇന്ത്യക്കാർക്ക് ഗൂഗിൾ സെർച്ച് ചെയ്യാൻ അറിയില്ലെന്നാണോ മോഡി കരുതുന്നത്. ഇത്തരം തടങ്കൽ പാളയങ്ങൾ ഇന്ത്യയിൽ യാഥാർഥ്യമാണ്. മാത്രമല്ല, ഈ സർക്കാർ അധികാരത്തിലിരിക്കുന്ന കാലത്തോളം ഇത്തരം കേന്ദ്രങ്ങൾ രാജ്യത്ത് വർധിച്ചുകൊണ്ടേയിരിക്കുമെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.
പൗരത്വം ലഭിക്കാത്തവരെ പാർപ്പിക്കാൻ ഇന്ത്യയിൽ തടങ്കൽ പാളയങ്ങൾ നിർമിക്കുന്നതായി പറയുന്ന പത്ര റിപ്പോർട്ടുകളുടെ കോപ്പിയും കോൺഗ്രസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.